പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ താരങ്ങള്‍ക്ക് നിക്ഷേപം?
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ സിജെ റോയിയുടെ മരണം ബിസിനസ് ലോകത്തെ ഏറെ നടുക്കിയ വാര്‍ത്തയായിരുന്നു. ആദായ നികുതി റെയ്ഡിന് ഇടയിലാണ് റോയ് സ്വന്തം ഓഫീസ് മുറിയില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. ഏറെ ഊര്‍ജ്ജസ്വലനായി നടന്നിരുന്ന റോയിയുടെ അപ്രതീക്ഷിത മരണം വലിയ നടുക്കമാണ് കുടുംബത്തിനും ഉറ്റവര്‍ക്കുമൊക്കെ ജീവനക്കാര്‍ക്കുമൊക്കെ ഉണ്ടാക്കിയത്. ബിസിനസ് വലിയ സാമ്പത്തിക തകര്‍ച്ച നേരിടുകയായിരുന്നുവെന്ന വാര്‍ത്തകളും അതിനിടെ പുറത്തുവന്നു
ഏറെക്കാലമായി റോയ് മാനസിക സമ്മര്‍ദം നേരിടുന്നുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പണമിടപാടുകള്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവന്നത്. സിജെ റോയ് സിനിമാ മേഖലയിലും ഏറെ സുപരിചിതനായിരുന്നു. മോഹന്‍ലാല്‍ നായകനായ കാസനോവ ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു. ബിഗ് ബോസ് സീസണ്‍ ഏഴിന്റെ പ്രധാന സ്‌പോണ്‍സറും ആയിരുന്നു.

മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്, മിഥുന്‍ രമേശ് ഉള്‍പ്പെടെയുള്ളവരുമായി അടുത്ത സൗഹൃദവും സിജെ റോയ് പുലര്‍ത്തിയിരുന്നു. മോഹന്‍ലാലിനെ പോലുള്ള പ്രമുഖ താരങ്ങള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിരുന്നുവെന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടിഎ ജോസഫ് തന്നെ വ്യക്തത വരുത്തി.
റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാലിന്റെ നിക്ഷേപം സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. ടിഎ ജോസഫിന്റെ വാക്കുകള്‍: താരങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഇന്‍വെസ്റ്റ്‌മെന്റും കമ്പനിയില്‍ ഇല്ല. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമായുള്ള റോയിയുടെ ബന്ധം കാസനോവ എന്ന ചിത്രത്തിലൂടെയാണ് ആരംഭിച്ചത്. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്. അത്ര ബോണ്ടിങ്ങാണ് അവര് തമ്മിലുള്ളത്.
ആന്റണി പെരുമ്പാവൂരിന്റെ ഓരോ പടം വരുമ്പോഴും അതിന്റെയെല്ലാം ബാനറില്‍ ഡോക്ടര്‍ സിജെ റോയ് എന്ന പേരും ഉള്‍പ്പെടുത്താറുണ്ട്. ഇതെല്ലാം അവരുടെ ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഫ്രീയായി ചെയ്യുന്നതാണ്. അല്ലാതെ ഇവരാരും നമ്മളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ വന്നിട്ടുമില്ല. ഞങ്ങള്‍ അങ്ങനെ ചോദിച്ചിട്ടുമില്ല. അങ്ങനെ ഒരാളെയും ഇന്‍വെസ്റ്ററായി എടുത്തിട്ടില്ല. അങ്ങനെ എടുത്താല്‍ അവര് പറയുന്നതു പോലെ പോകണം. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സിസ്റ്റമുണ്ട്. ഇതെല്ലാം കള്ളപ്രചാരണമാണ്. പലര്‍ക്കും പല രീതിയില്‍ പ്രചാരണം നടത്താം. പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല - ടിഎ ജോസഫ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications