'നിബന്ധന എല്ലാവർക്കും ബാധകമാണ്'; മോഹൻലാലിന്റെ കാറിന് പ്രവേശനം നല്‍കിയതിലുള്‍പ്പെടെ കോടതിയുടെ വിമർശനം
ഹൈക്കോടതി: ഗുരുവായൂർ സന്ദർശനത്തിന് എത്തിയ നടന്‍ മോഹന്‍ലാലിന്റെ കാർ ക്ഷേത്ര നടയിലേക്ക് പ്രവേശിച്ച സംഭവം നേരത്തെ വലിയ വിവാദമായിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയും സുപ്രധാനമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവേശിപ്പിച്ചത് ശരിയല്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.
ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് ഇതെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സെപ്റ്റംബർ ഒമ്പതിനായിരുന്നു നടൻ മോഹൻലാലിൻറെ കാർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരെ എത്തിയത്. ഏത് സാഹചര്യത്തിലാണ് താരത്തിന്റെ കാറിന് ഇത്തരമൊരു സഞ്ചാരത്തിന് അനുമതി നല്‍കിയതെന്ന് വിശദീകരിക്കാന്‍ സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്ട്രേറ്റർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മണോഡ സെബാസ്റ്റ്യന്‍

നടൻറെ കാർ എത്തിയപ്പോൾ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാർക്കാണ് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. ദേവസ്വം ജീവനക്കാരൻ നിർദേശിച്ചതിനാലാണ് മോഹന്‍ലാലിന്റെ കാറിന് പ്രവേശിക്കാന്‍ വടക്കെ നടയിലെ ഗേറ്റ് തുറന്ന് കൊടുത്തതെന്നായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ നോട്ടീസിന് ജീവനക്കാർ നല്‍കിയ വിശദീകരണം.

രണ്ടു മെമ്പർമാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങൾ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങൾ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്. ഭരണസമിതിയിലെ സ്ഥിരാംഗം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിപ്പാടിന്റെ കാർ കടത്തിവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇതേ വഴി മോഹന്‍ലാലിന്റേയും കാർ വന്നത്.

ജീവനക്കാരന്‍ ആവശ്യപ്പെടുകയും തൊട്ടുമുമ്പായി ഭരണസമിതി അംഗവും വന്ന സാഹചര്യത്തിലാണ് ഗേറ്റ് തുറന്നതെന്നും സെക്യുരിറ്റി ജീവനക്കാരന്‍ വിശദീകരിക്കുന്നുണ്ട്. പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.വി. ഷാജി, കെ. അജിത്ത് എന്നിവർ ദർശന സമയത്ത് മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

അതേസമയം ക്ഷേത്രത്തിലെ നാലമ്പലത്തിൽ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഭക്തർക്ക് മാത്രമല്ല, ഭരണ സമിതി അംഗങ്ങൾക്കും അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം മുൻ ഉദ്യോഗസ്ഥർക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇതില്‍ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഭരണസമിതി ഉറപ്പാണക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ നിർദേശങ്ങള്‍ മുന്നോട്ട് വെച്ചത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം. ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ മുൻ അഡ്മിനിസ്‌ട്രേറ്ററും രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രിൽ 14 വിഷുവിന് വിഷുക്കണി കാണാൻ നാലമ്പലത്തിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ ഇടപെടല്‍

ഇവർക്കെതിരെ നടപടി എടുക്കാതിരുന്നതു ഭരണ സമിതിയുടെ വീഴ്ചയാണെന്നു കോടതി വിമർശിച്ചു. അഡ്മിനിസ്ട്രേറ്റർ പൊലീസിൽ നൽകിയ പരാതി പിന്‍വലിപ്പിക്കാനുണ്ടായ ശ്രമം തെറ്റാണ്. ഭരണസമിതി അംഗങ്ങളെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു ബുദ്ധിമുട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന പ്രത്യേക ക്യൂ പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെങ്കിൽ ഭരണ സമിതി ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications