കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരസംഘടന അമ്മയുടെ തലപ്പത്തേക്ക് മോഹൻലാലെന്ന് സൂചന.. പൃഥ്വിക്കും രമ്യാ നമ്പീശനുമെതിരെ നടപടി?

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വലിയ കലാപങ്ങള്‍ക്കും ചേരിതിരിവിനുമാണ് മലയാളം സിനിമ സാക്ഷ്യം വഹിച്ചത്. അതിക്രൂരമായി ആക്രമിക്കപ്പെട്ട നടിക്കൊപ്പവും പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനൊപ്പവുമായി രണ്ട് ചേരിയായി മലയാള സിനിമ വേര്‍പിരിഞ്ഞു. താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു.

ഈ കലാപത്തിന്റെ ബാക്കിയെന്നോണം അമ്മ സംഘടനയെ പൊളിച്ച് പണിയാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ നേതൃസ്ഥാനത്ത് പുതിയ ആളെത്തും. മാത്രമല്ല നടിക്കൊപ്പം നിന്നതിന്റെ പേരില്‍ പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും ഒരു പാഠം പഠിപ്പിക്കാനും താരസംഘടന തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

അമ്മ ദിലീപിനൊപ്പം

അമ്മ ദിലീപിനൊപ്പം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലാകുന്നത് മുന്‍പ് വരെ താരസംഘടനയായ അമ്മയിലെ അതികായന്മാരില്‍ ഒരാളായിരുന്നു ദിലീപ്. അമ്മയുടെ താരഷോ നടത്തി കോടികള്‍ സംഘടനയ്ക്ക് ഉണ്ടാക്കി നല്‍കിയത് മുതല്‍ നടന്‍ അമ്മയുടെ അഭിവാജ്യ ഘടകം ആയിരുന്നു. അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായപ്പോഴും അമ്മ ദിലീപിനൊപ്പം നിന്നു. ദിലീപിനെ തള്ളിപ്പറയാന്‍ ഭാരവാഹികള്‍ ആരും തയ്യാറായില്ല.

നടിക്കൊപ്പം അമ്മയില്ല

നടിക്കൊപ്പം അമ്മയില്ല

എന്ന് മാത്രമല്ല ദിലീപ് കുറ്റക്കാരനല്ലെന്ന് പറഞ്ഞ് പരസ്യമായി പ്രതിക്ക് വേണ്ടി വാദിക്കാനും സിനിമാക്കാര്‍ മടിച്ചിരുന്നില്ല. അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ശബ്ദിക്കാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നടിയെ അപമാനിച്ച് വരെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ദിലീപ് തെറ്റുകാരനല്ലെന്ന്

ദിലീപ് തെറ്റുകാരനല്ലെന്ന്

അമ്മ പ്രസിഡണ്ടായ ഇന്നസെന്റാകട്ടെ വാര്‍ത്താ സമ്മേളനം വിളിച്ച് ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നോട് ഫോണില്‍ പറഞ്ഞതായി പറയാനുള്ള ധൈര്യം വരെ കാണിച്ചു. അമ്മയുടെ നിലപാടിനെതിരെ വന്‍ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നില്‍ക്കുന്ന ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെട്ടു. അപ്പോഴും ദിലീപിനെതിരെ ഒരു വാക്ക് പോലും പറയാതിരിക്കാന്‍ അമ്മ ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു.

വിമന്‍ ഇന്‍ സിനിമാ കലക്ടീവ്

വിമന്‍ ഇന്‍ സിനിമാ കലക്ടീവ്

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ചയായത് പോലുമില്ല. നടിയോടുള്ള സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം സ്ത്രീകള്‍ സിനിമയില്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന വനിതാ സംഘടന രൂപീകരിച്ചത്. മഞ്ജുവാര്യരും രമ്യാ നമ്പീശനും പാര്‍വ്വതിയും റിമ കല്ലിങ്കലും അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ പിന്തുണയുമായി പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുമുണ്ടായിരുന്നു.

യുവതാരങ്ങളുടെ നീക്കം

യുവതാരങ്ങളുടെ നീക്കം

പൃഥ്വിരാജും രമ്യാ നമ്പീശനും അടക്കമുള്ള താരങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കി സംഘടന മുഖം രക്ഷിച്ചത്. ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തുടര്‍നീക്കങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അമ്മയുടെ യോഗത്തിന് കയറും മുന്‍പ് പൃഥ്വിരാജും രമ്യാ നമ്പീശനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന്റെ പേരില്‍ ദിലീപ് അനുകൂലികള്‍ക്ക് ശത്രുതയുമുണ്ടായിരുന്നു.

പൃഥ്വിയും രമ്യയും പുറത്തേക്കോ

പൃഥ്വിയും രമ്യയും പുറത്തേക്കോ

കോലഹലങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയ ഈ സമയത്ത് പൃഥ്വിരാജിനും രമ്യാ നമ്പീശനും എതിരെ നടപടിയെടുക്കാനാണ് അമ്മയുടെ നീക്കം എന്ന വിവരമാണ് പുറത്ത് വരുന്നത്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് രമ്യയും പൃഥ്വിരാജും. സംഘടനയ്ക്ക് എതിരെ പരസ്യമായി പ്രതികരിച്ചതിന്റെ പേരില്‍ ഇരുവരേയും പുറത്താക്കുകയോ അമ്മയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നസെന്റ് മാറുന്നു

ഇന്നസെന്റ് മാറുന്നു

മാത്രമല്ല അമ്മയുടെ നേതൃസ്ഥാനത്തും വലിയ മാറ്റങ്ങള്‍ വരും എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തന്നെ അടുത്ത തവണ താന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇല്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.തന്നെക്കാള്‍ യോഗ്യത ഉള്ളവര്‍ പ്രസിഡണ്ടാകാന്‍ ഉണ്ടെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. ഈ മാസം കൂടിയാണ് പ്രസിഡണ്ട് സ്ഥാനത്ത് ഇന്നസെന്റിന്റെ കാലാവധി. 17 വര്‍ഷമായി അമ്മയുടെ തലപ്പത്ത് ഇന്നസെന്റാണ്.

മോഹൻലാൽ തലപ്പത്തേക്ക്

മോഹൻലാൽ തലപ്പത്തേക്ക്

നിലവിലെ വൈസ് പ്രസിഡണ്ട് കൂടിയായ നടന്‍ മോഹന്‍ലാല്‍ ഇന്നസെന്റിന് പകരം അമ്മയുടെ പ്രസിഡണ്ടായേക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഒരു മത്സരം നടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മോഹന്‍ലാലിനെ കൊണ്ടുവരുന്നത്. താരത്തിന്റെ പൊതുസ്വീകാര്യത തന്നെയാണതിന് കാരണം. ഇന്നസെന്റിന്റെ ആവശ്യപ്രകാരമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മത്സരമുണ്ടായാൽ പിന്മാറും

മത്സരമുണ്ടായാൽ പിന്മാറും

അതേസമയം പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റാരെങ്കിലും നോമിനേഷന്‍ കൊടുക്കുകയോ മത്സരം ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ താന്‍ പിന്മാറുമെന്നും മോഹന്‍ലാല്‍ നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയ്ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പാനലിന്റെ സ്ഥാനാര്‍ത്ഥിക്ക് എതിരായി മറ്റാരെങ്കിലും മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

സ്ഥരീകരിക്കാതെ അമ്മ

സ്ഥരീകരിക്കാതെ അമ്മ

എന്നാല്‍ അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തുമോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. അമ്മയില്‍ അഞ്ഞൂറില്‍ അധികം അംഗങ്ങളുണ്ട്. അത്തരമൊരു സംഘടനയില്‍ ആര്‍ക്ക് വേണമെങ്കിലും പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്താം. അക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.

മമ്മൂട്ടിയും ഒഴിയുന്നു

മമ്മൂട്ടിയും ഒഴിയുന്നു

അതേസമയം അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ മമ്മൂട്ടി ഒഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കളേയും സ്ത്രീകളേയും സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശമാണ് മമ്മൂട്ടി മുന്നോട്ട് വെച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. മാത്രമല്ല നിരവധി സിനിമകളുടെ തിരക്കില്‍ ആയതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം നീക്കിവെയ്ക്കാന്‍ സാധിക്കില്ലെന്ന് മമ്മൂട്ടി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Mohanlal may become new president of AMMA and action may taken agianst Prithviraj and Remya nambeesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X