ഉമാ തോമസിനെ കാണാൻ മോഹൻലാൽ എത്തി, കൂടെ ആന്റണിയും; 'ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി'...
കൊച്ചി: കലൂർ സ്റ്റേജഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എം എൽ എ സന്ദർശിച്ച് മോഹൻലാൽ.
ഉമാ തോമസ് ആശുപത്രി വിട്ട് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മോഹൻലാൽ ഉമാ തോമസിനെ കാണാനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.
ഉമാ തോമസ് ഇരിക്കുന്ന മുറിയിലേക്ക് മോഹൻലാൽ വരുമ്പോൾ തനിക്ക് എഴുന്നേൽക്കണമെന്ന് ഉമാ തോമസ് പറയുന്നുണ്ടെങ്കിലും വേണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. കാണാൻ വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഉമാ തോമസ് ഇരുവരോടും പറഞ്ഞു. തങ്ങളുടെ പ്രാർത്ഥന അതുപോലുണ്ടെന്ന് ആന്റണി ഉമ തോമസിനോട് പറഞ്ഞു.

ഇതിനടുത്താണ് ഷൂട്ടിംഗ് എന്ന് മോഹൻലാൽ ഉമാ തോമസിനോട് പറഞ്ഞു. അറിഞ്ഞോ അറിയാതെയോ കേരളം മുഴുവൻ തനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് ഉമാ തോമസ് പറഞ്ഞപ്പോൽ അറിഞ്ഞുതന്നെയാണ് എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
ഡിസംബർ 29 നാണ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയിൽ ഉമാ തോമസ് ആശുപത്രിയിലായത്.
തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് ഉമാ തോമസ് വീട്ടിൽ തിരിച്ചെത്തിയത്. രണ്ടര മാസമെങ്കിലും പരിപൂർണ വിശ്രമം വേണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അതേ സമയം മോഹൻലാൽ തന്നെ സന്ദർശിച്ചതിലുള്ള സന്തോഷം ഉമാ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം തന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്ന് അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ടെന്നും ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി.. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദിയെന്നും ഉമ തോമസ് കുറിച്ചു.
ഉമാ തോമസ് പങ്കുവെച്ച കുറിപ്പ്:
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്..
അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി.. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി! ❤️🙏












Click it and Unblock the Notifications