മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് വിശ്വസിക്കുന്ന മോഹൻലാൽ';കുറിപ്പുമായി ടിഎൻ പ്രതാപൻ
മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുൻ എംപി ടിഎൻ പ്രതാപൻ. ശാന്തകുമാരിക്കും മോഹൻലാലിനൊപ്പം 'അമ്മക്കിളിക്കൂട്' എന്ന പരിപാടിയിൽ പങ്കെടുത്ത അനുഭവം അദ്ദേഹം പങ്കുവെച്ചു. ശാന്തകുമാരിഅമ്മയോട് മകൻ മോഹൻലാൽ അത്രമേൽ അടുത്തുനിൽക്കുന്നുവെന്ന് അമ്മയോടൊത്തുള്ള അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും നമുക്കത് വായിച്ചെടുക്കാൻ കഴിയുമെന്ന് പ്രതാപൻ കുറിച്ചു. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ
'കുറച്ചു വർഷങ്ങൾക്ക് മുൻപ്, മെയ് ഒൻപതിന്, ലോക മാതൃദിനത്തിന്റെ അന്ന്, തളിക്കുളം സ്നേഹതീരത്ത് അനുപമമായ ഒരു സ്നേഹസംഗമം സംഘടിപ്പിച്ചിരുന്നു. 'അമ്മക്കിളിക്കൂട്' എന്ന മനോഹരമായ സദസ്സായിരുന്നു അത്. ആയിരത്തി ഒരുന്നൂറ്റി എൺപത്തിയാറ് അമ്മമാർ സ്നേഹതീരത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ആത്മീയനിമിഷം. 'ഒരുമ' ഒരുക്കിയ നന്മയുടെ സംഗമം.

ആ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത അത്രയും അമ്മമാർ ഒരിടത്ത് ആദരിക്കപ്പെടുന്നു എന്നതുതന്നെയായിരുന്നു. അമ്മക്കിളിക്കൂട് ഉദ്‌ഘാടനം ചെയ്യാനെത്തിയത് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ. ഒപ്പം ലാലിന്റെ ജീവന്റെ ജീവനായ അമ്മ- ശാന്തകുമാരി അമ്മ. ആയിരത്തിലേറെ അമ്മമാരിൽ ഒരാളായി മലയത്തിന്റെ അഭിമാനം മോഹൻലാലിന്റെ സുകൃത മാതൃത്വം.
പൊതുപരിപാടികളിൽ അങ്ങനെ സംബന്ധിക്കുന്ന ശീലമുള്ള ആളായിരുന്നില്ല ശാന്തകുമാരിയമ്മ. സ്നേഹതീരത്ത് അമ്മക്കിളിക്കൂട്ട് പരിപാടിക്ക് വരുന്നതിന് മുൻപ് മനോരമ സംഘടിപ്പിച്ച സമ്മോഹനം എന്ന മോഹൻലാലിന്റെ പുസ്തക പ്രകാശന പരിപാടിയിൽ മാത്രമാണ് പങ്കെടുത്തിരുന്നത്. അതുകൊണ്ടുതന്നെ മോഹൻലാൽ അമ്മയോടൊപ്പം വരുന്നു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുള്ള കാര്യമായിരുന്നു.
പത്മശ്രീ യൂസുഫലി എംഎ, സത്യൻ അന്തിക്കാട്, കൈതപ്രം തുടങ്ങിയ ഒട്ടേറെ പ്രമുഖർ ആ സദസ്സിൽ ഉണ്ടായിരുന്നു. മുഖ്യ പ്രഭാഷകനായ ഡോ. അബ്ദുസ്സമദ് സമദാനിയുടെ മനോഹരമായ പ്രസംഗം ആ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും ഉള്ളം തൊട്ടു. മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹത്തിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
മലയാള സിനിമയിൽ അമ്മ എന്ന സങ്കൽപ്പത്തിന് സമ്മോഹനമായ മുഖം നൽകിയ കവിയൂർ പൊന്നമ്മ, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ അമ്മകഥാപാത്രങ്ങളുടെ ഏറ്റവും ഹൃദയഹാരിയായ മകൻ കഥാപാത്രം അവതരിപ്പിച്ചത് ഏറെയും മോഹൻലാൽ ആയിരുന്നു. അതിന് അദ്ദേഹത്തിന് എങ്ങനെ കഴിയുന്നു എന്ന് അതിശയിക്കേണ്ട. ശാന്തകുമാരിഅമ്മയോട് മകൻ മോഹൻലാൽ അത്രമേൽ അടുത്തുനിൽക്കുന്നു, അത്രമേൽ ആത്മീയമായി ചേർന്നുനിൽക്കുന്നു എന്ന സത്യം മനസ്സിലാക്കിയാൽ മതി.
മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗ്ഗം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മോഹൻലാലുമതെ. അമ്മയോടൊത്തുള്ള അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും നമുക്കത് വായിച്ചെടുക്കാൻ കഴിയും. ആ സ്നേഹം നിറഞ്ഞ മകനും അത്ര കരുതലും കനിവുമുള്ള ഒരമ്മയും. പ്രാർത്ഥനകൾ അമ്മേ...'












Click it and Unblock the Notifications