മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്നു; സംവിധാനം ജൂഡ്; മായക്കുട്ടിക്ക് ആശംസകളുമായി പോസ്റ്റ്
കൊച്ചി: മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ 37-ാം സിനിമയില്‍ വിസ്മയയാണ് നായിക. മകന്‍ പ്രണവിനു പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. തുടക്കം എന്നു പേരിട്ട സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടു
ദീര്‍ഘനാളായി തായ്‌ലാന്‍ഡില്‍ ആയോധന കലകളില്‍ പരിശീലനത്തിലായിരുന്നു വിസ്മയ. എഴുത്തും വായനയും വരയും ഇഷ്ടപ്പെടുന്ന വിസ്മയ വെള്ളിത്തിരയുടെ താരത്തിളക്കത്തില്‍ നിന്നും പൊതു വേദികളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.

വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. പെന്‍ഗ്വിന്‍ ബുക്‌സാണ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. മോഹന്‍ലാലിന്റെ മകളുടെ സിനിമാ പ്രവേശനത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് ആന്റണി പെരുമ്പാവൂരും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞു വിസ്മയയെ എടുത്തുകൊണ്ടു നില്‍ക്കുന്ന പഴയ ചിത്രമാണ് ആന്റണി പെരുമ്പാവൂര്‍ ടൈറ്റില്‍ പോസ്റ്ററിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാര്‍ത്ഥനകളും. ഒരു മികച്ച 'തുടക്കം' നേരുന്നു എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ...
ഇതൊരു നിയോഗമായി കാണുന്നു.
എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്‍പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും.
നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...
കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ.
എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.
ആന്റണി ചേട്ടാ ഇതൊരു 'ആന്റണി-ജൂഡ്' 'തുടക്ക'മാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
പ്രിയ പ്രേക്ഷകര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ...
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പേരാണ് തുടക്കം സിനിമയ്ക്കും വിസ്മയയ്ക്കും ആശംസകള്‍ അറിയിക്കുന്നത്. സിനിമാ മേഖലയില്‍ പ്രണവ് തന്റേതായ ഇടം കണ്ടെത്തിയ ശേഷമാണ് വിസ്മയയും എത്തുന്നത്. അപ്രതീക്ഷിതമായിരുന്നു വിസ്മയയുടെ സിനിമാ പ്രഖ്യാപനം. രാജാവിന്റെ മകള്‍ക്ക്.. മലയാള സിനിമയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം.. എന്നാണ് ഒരാള്‍ കമന്റ് കുറിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് ഒരു പ്രധാന പ്രഖ്യാപനം വരുന്നതായുള്ള വിവരം ആശിര്‍വാദ് സിനിമാസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ തന്നെ അറിയിച്ചിരുന്നു. ദൃശ്യം 3 ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വലിയ ചര്‍ച്ചകളും നടന്നു. കൃത്യം അഞ്ചു മണിയായപ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് സസ്‌പെന്‍സ് പൊട്ടിച്ചത്. നായികാ പ്രാധാന്യമുള്ള സിനിമ ആയിരിക്കുമെന്നാണ് സൂചനകള്‍.












Click it and Unblock the Notifications