മലപ്പുറത്ത് പള്ളിക്കമ്മിറ്റി ഭാരവാഹിയായ 70കാരന്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു
പരവക്കലിലെ മുസ്ലീം പള്ളിക്കമ്മിറ്റി ഭാരവാഹിയും നാട്ടിലെ പൗരപ്രമുഖനുമായ എഴുപതുകാരനാണ് കേസിലെ പ്രതി.
മലപ്പുറം: പള്ളിക്കമ്മിറ്റി ഭാരവാഹിയും പൗരപ്രമുഖനുമായ എഴുപതുകാരന്‍ അയല്‍വാസിയായ ഏഴുവയസുകാരിയെ ഉപദ്രവിച്ചതായി പരാതി. സംഭവം ഒതുക്കിത്തീര്‍ക്കാനും വിവരം പുറത്തറിയാതിരിക്കാനും ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 5000 രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ടെന്ന് മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മലപ്പുറം പരവക്കലിലെ മുസ്ലീം പള്ളിക്കമ്മിറ്റി ഭാരവാഹിയും നാട്ടിലെ പൗരപ്രമുഖനുമായ എഴുപതുകാരനാണ് കേസിലെ പ്രതി. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ദേഹത്ത് മുറിവുകള്‍ കണ്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മാനക്കേട് ഭയന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

വീട്ടിനകത്തേക്ക് വിളിച്ചു...
കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ദേഹത്ത് മുറിവുകളും ചോരപ്പാടുകളും കണ്ട വീട്ടുകാര്‍ പെണ്‍കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ് പീഡനം നടന്നത് പുറത്തറിയുന്നത്. പൗരപ്രമുഖന്റെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന തന്നെ, വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഉപദ്രവിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം...
മാനക്കേട് ഭയന്ന് സംഭവത്തില്‍ പരാതി നല്‍കാന്‍ ആദ്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംഭവം പുറത്ത് പറയാതിരിക്കാനും ഒതുക്കി തീര്‍ക്കാനുമായി ഇയാള്‍ ഭാര്യയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വിവരം പുറത്ത് പറയാതിരിക്കാന്‍ 5000 രൂപയും വാഗ്ദാനം ചെയ്തു. എന്നാല്‍ പണം വാഗ്ദാനം ചെയ്ത ഇയാളെ കുട്ടിയുടെ വീട്ടില്‍ നിന്നും ആട്ടിപുറത്താക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഭവമറിയുന്നത്.

പൗരപ്രമുഖന്‍, പള്ളിക്കമ്മിറ്റി ഭാരവാഹി...
സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമമുണ്ടായതിന് ശേഷമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസിലെ പ്രതിയായ എഴുപതുകാരന്‍ നാട്ടിലെ പൗരപ്രമുഖനും പള്ളിക്കമ്മിറ്റിയിലെ പ്രധാന ഭാരവാഹിയുമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്തുന്നയാളായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധവുമുണ്ടായില്ല.

കേസെടുത്തു...
ഇയാള്‍ക്കെതിരെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസ് പുറത്തറിയാതിരിക്കാനും, വാര്‍ത്ത വരാതിരിക്കാനും ഇയാള്‍ പോലീസിനെയും ചൈല്‍ഡ് ലൈനിനെയും സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

പ്രതി മുങ്ങി...
സംഭവത്തില്‍ പൗരപ്രമുഖനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന് മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഭീഷണിയുണ്ടായതായും പറയുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇയാള്‍ പിന്‍വലിക്കുകയും ചെയ്തു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്. പെരിന്തല്‍ണ്ണ സിഐ സാജു എബ്രാഹമിനാണ് കേസിന്റെ അന്വേഷണ ചുമതല.












Click it and Unblock the Notifications