ബാങ്ക് മാനേജര്‍ക്കെതിരായ വ്യാജ സ്ത്രീ പീഡനകേസ്; വനിതാ എസ്.പി പ്രതിക്കൂട്ടില്‍
തൊടുപുഴ: വാഹന വായ്പ ചോദിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു യൂണിയന്‍ ബാങ്ക് മൂന്‍ മാനേജരെ കളളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കേസില്‍ എസ്പി ആര്‍ നിഷാന്തിനി പ്രതിക്കൂട്ടില്‍. കേസില്‍ യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ മുന്‍ മാനേജര്‍ എറണാകുളം വൈറ്റില സവദേശി പേഴ്‌സി ജോസഫ് ഡെസ്മണ്ട് കുറ്റക്കാരനല്ലെന്നു കണ്ടു കോടതി വിട്ടയച്ചതോടെയാണ് കേസ് കെട്ടിച്ചമച്ച വനിതാ എസ്പിയും സംഘവും പ്രതിക്കൂട്ടിലായത്.
തൊടുപുഴ ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്), ജോമോന്‍ ജോണാണ് കേസ് വ്യാജമെന്ന് കണ്ട് വിട്ടയച്ചത്. 2011 ജൂലൈ 25 നു ഉച്ചയ്ക്കു രണ്ടിനാണ് കേസിനാസ്പദ സംഭവം. പേഴ്‌സി ജോസഫ് മാനേജര്‍ കാബിനുളളില്‍ വെച്ച് ഇരു കൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്തിയെന്നാരോപിച്ചാണു തൊടുപുഴ എഎസ്പി ഓഫീസിലെ പോലീസുകാരി പ്രമീള ബിജു പരാതി നല്‍കിയത്. ഇതേ തുടര്‍ന്നു ജൂലൈ 26ന് പേഴ്‌സി ജോസഫിനെ എഎസ്പിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നും തുടര്‍ന്നു മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയെന്നുമാണു കേസ്.
ബാങ്ക് വായ്പ പുതുക്കി നല്‍കാത്തതിന്റെ പേരില്‍ ബാങ്ക് മാനേജരും വിദ്യാര്‍ഥി സംഘടനയുമായും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായും തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണു സ്‌റ്റേഷനിലെ പ്രമീള, യമുന എന്നിവരെ വേഷപ്രഛന്നരാക്കി, വായ്പയെടുക്കാനെന്ന പേരില്‍ ബാങ്കില്‍ വിട്ടത്. ഇതു വ്യാജമായി തെളിവുണ്ടാക്കുവാനായിരുന്നുവെന്നും കോടതി കണ്ടെത്തി.

കേസില്‍ മുന്‍ നഗരസഭാ ചെയര്‍പഴ്‌സണ്‍ ഷീജാ ജയന്‍ ഉള്‍പ്പെടെ 17 സാക്ഷികളെ വിസ്തരിച്ചിരുന്നു. ബാങ്ക് മാനേജര്‍ക്കെതിരായ പീഡനക്കേസില്‍ പോലീസ് നടപടികള്‍ ക്രൂരവും, മൃഗീയവുമാണെന്നു കോടതി നിരീക്ഷിച്ചു. പരിഷ്‌കൃത രീതിയിലാണു കുറ്റാന്വേഷണം നടത്തേണ്ടതെന്നും മൂന്നാംമുറ നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഒന്നാം സാക്ഷിയായ പ്രമീള കൂത്താട്ടുകുളത്ത് സ്ഥിരതാമസമാണെന്നും ഡ്രൈവിങ് അറിയില്ലാത്തയാളാണെന്നും, ഭര്‍ത്താവ് ബിജുവും തൊടുപുഴ സ്‌റ്റേഷനിലെ പോലീസുകാരനാണെന്നും ഇവരുടെ ഒരു സഹോദരനും പോലീസുകാരനാണെന്നും കോടതി കണ്ടെത്തി. പ്രമീളയെ ഭര്‍ത്താവ് ബിജുവാണ് ബാങ്കില്‍ കൊണ്ടുവന്ന് വിട്ടതെന്നും, ഇങ്ങനെയൊരു അപമാനം ഉണ്ടായി എന്ന് പറഞ്ഞിട്ടും, 10 വര്‍ഷം സര്‍വീസുളള സീനിയര്‍ ഉദ്യോഗസ്ഥയായ പ്രമീള യാതൊന്നും പ്രതികരിക്കാതിരുന്നതും കോടതി പ്രത്യേകമായി വിധിന്യായത്തില്‍ പരാമര്‍ശിച്ച.

26 നു ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയതിലും ദുരൂഹതയുണ്ടെന്നും ഈ സമയം പ്രതി കസ്റ്റഡിയില്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി. ബാങ്ക് മാനേജരുടെ ക്യാബിന്‍ ചില്ലിട്ടതും എല്ലാ ആളുകള്‍ക്കും വ്യക്തമായി കാണാവുന്നതാണെന്നും ബാങ്കിലുണ്ടായിരുന്ന സിസിടിവിയില്‍ പോലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളില്ലെന്നും കോടതി കണ്ടെത്തി.
പേഴ്‌സി ജോസഫിനെ വിളിച്ചുവരുത്തി മര്‍ദിച്ച് അവശനാക്കിയതിനുശേഷം ചെയ്യാത്ത കുറ്റത്തിന് മാപ്പ് എഴുതിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു തയാറാകാത്തതിന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു.
സ്‌റ്റേഷനിലെ ജനറല്‍ ഡയറി പ്രതിയുടെ അഭിഭാഷകന്‍ ടോമി ചെറുവള്ളിയുടെ ആവശ്യപ്രകാരം കോടതിയില്‍ വരുത്തി പരിശോധിച്ചു. പ്രതി പോലീസ് സ്‌റ്റേഷനില്‍ എത്തിയ സമയ, അറസ്റ്റ് ചെയ്ത സമയം, കേസെടുത്ത സമയം എന്നിവയിലെല്ലാം വെട്ടിത്തിരുത്തലുകള്‍ ഉള്ളതായും കണ്ടെത്തി.പ്രതി കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍, അന്നത്തെ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത മൊഴിയും, എഎസ്പി നിഷാന്തിനിക്കും, മറ്റ് പോലീസുകാര്‍ക്കുമെതിരെ മാനേജര്‍ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ കൊടുത്ത മൊഴിയും നശിപ്പിക്കപ്പെട്ടത് കടതി പ്രത്യേകം പരാമര്‍ശിച്ചു.
നിഷാന്തിനിക്കും പോലീസുകാര്‍ക്കുമെതിരെ രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുള്ളതുകൊണ്ട് ആ കേസുകളെക്കുറിച്ച് കൂടുതലൊന്നും പരാമശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ആദ്യം തൊടുപുഴ പോലീസ് പ്രതിക്കെതിരെ കുറ്റപത്രം കൊടുത്തെങ്കിലും പിന്നീട് സിബിസിഐഡി ആലപ്പുഴ ഡിവൈഎസ്പിയെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് കുറ്റപത്രം നല്‍കിയെന്നും കോടതി കണ്ടെത്തി.
എഎസ്പി നിഷാന്തിനി, അന്നത്തെ ഇടുക്കി ജില്ലാ പോലീസ് മേധാവി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ക്കെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പു ശുപാര്‍ശ ചെയ്‌തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. യൂണിയന്‍ ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ മാനേജര്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞു. നിലവില്‍ ഹൈദരാബാദില്‍ ചീഫ് മാനേജരാണു പേഴ്‌സി ജോസഫ്.












Click it and Unblock the Notifications