മോളി കണ്ണമാലിയെ ഐസിയുവില്‍ നിന്നും മാറ്റാനാവില്ല; കടം വാങ്ങിയ പണമടക്കം തീർന്നെന്ന് മകന്‍
കൊച്ചി: ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ന്യൂമോണിയ മൂർച്ഛിച്ചതാണ് മോളി കണ്ണമാലിയുടെ ആരോഗ്യ നില ഗുരുതരമാക്കിയത്. വിദഗ്ധ ചികിത്സ തുടരുകയാണ്, വിശദമായ പരിശോധനകള്‍ നടത്തി വരികയാണെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
നേരത്തെ ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മോളി കണ്ണമാലിയെ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ഇന്നലെ വൈകീട്ടോടെ താരത്തെ കൊച്ചി നഗരത്തിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ തന്നെ ഹൃദ്യോഗം അലട്ടുന്ന വ്യക്തിയായിരുന്നു മോളി കണ്ണമാലി. രണ്ട് തവണ അറ്റാക്കിനെ നേരിട്ടു. ചികിത്സ തുടർന്ന് വരുന്നതിനിടയിലാണ് പനിയും ശ്വാസം മൂട്ടലും വർധിക്കുകയും വീട്ടില്‍ ബോധം കെട്ട് വീഴുകയും ചെയ്യുന്നത്. ഇതോടെ ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ച് ഐ സി യുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അമ്മക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന അവസ്ഥയില്‍ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐ സി യുവില്‍ നിന്നും പെട്ടെന്ന് മറ്റാന്‍ സാധിക്കില്ലെന്നും ഡോക്ടർ അറിയിച്ചതായി മകന്‍ ജോളി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി മോളിയെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റിയത്.

സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബമാണ് മോളി കണ്ണമാലിയുടേത്. നേരത്തെ തന്നെ മറ്റുള്ളവരുടെ സഹായത്തോടെയാണ് ചികിത്സ നടത്തി വന്നിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നുമാണ് ജോളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Hair care: ശീതളപാനീയങ്ങള്‍ പതിവായി കുടിക്കാറുണ്ടോ: എങ്കില്‍ മുടിപോണ വഴിയറിയില്ല- പഠനം

അമ്മ ആശുപത്രിയിലാണെന്ന വാർത്ത അറിഞ്ഞതോടെ സഹായിക്കാമെന്ന് പറഞ്ഞ പലരും വിളിച്ചിട്ടുണ്ട്. ആദ്യ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഐ സി യുവില്‍ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ് വരുന്നത്. പുറത്ത് നിന്നുള്ള മരുന്നുകള്‍ക്ക് 5000 വേണം. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയതും ഏകദേശം തീരാറായി, സന്മനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും മകന്‍ പറഞ്ഞു

അതേസമയം, കഴിഞ്ഞ ദിവസം നടന്‍ ബിനീഷ് ബാസ്റ്റിന്‍ ആശുപത്രിയിലെത്തി മോളി കണ്ണമാലിയെ സന്ദർശിച്ചിരുന്നു. എല്ലാവരേയും സന്ദർശനത്തിന് അനുവദിക്കുന്നില്ല, പ്രായത്തിന്റെ അവശതകളും ശ്വാസകോശത്തിന്റെ പ്രശ്നവുമുണ്ട്, നല്ല രീതിയിലുള്ള ചികിത്സയാണ് കൊടുക്കുന്നതെങ്കിലും തീരെ മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്നും സന്ദർശന ശേഷം ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

എന്നെ കണ്ടപ്പോള്‍ മനസ്സിലായെങ്കിലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ട്യൂബ് വഴിയാണ് ഭക്ഷണം കൊടുക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥയില്‍ ചേച്ചിയെ ഇതുവരെ കണ്ടിട്ടില്ല. ഞങ്ങള്‍ ഇടയ്ക്കിടെ സംസാരിക്കുന്നവരും കാണുന്നവരുമാണ്. എന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെയാണ് ചേച്ചിയുടെ വീട്. ഒപ്പറേഷന്‍ ചെയ്യാത്ത അവസ്ഥയാണ്. നേരത്തെ മമ്മൂട്ടി എല്ലാ ചിലവും വഹിക്കാമെന്ന് പറഞ്ഞെങ്കിലും ഓപ്പറേഷന്‍ ചെയ്യാത്ത അവസ്ഥയിലായിരുന്നുവെന്നും ബിനീഷ് വ്യക്തമാക്കുന്നു.
ജോളിയുടെ ഗൂഗിൾ പേ നമ്പർ : 8606171648












Click it and Unblock the Notifications