കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് ഭര്‍ത്താവ്; 'ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ല'
കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണം എന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പൊലീസിന് മുന്നില്‍ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഫര്‍മാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണം എന്ന് ഫര്‍മാനോടും പെണ്‍കുട്ടിയോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഫര്‍മാന്‍ മറുപടി നല്‍കിയിരിക്കുന്നത്.

തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ആണ് ഫര്‍മാന്‍ അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശ് ഖര്‍ഗോണിലെ വനിത എസ്‌ഐയെ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും ഇക്കഴിഞ്ഞ മാര്‍ച്ച് 11 നാണ് കേരളത്തില്‍ വെച്ച് വിവാഹിതരായത്. നടി കൂടിയായ പെണ്‍കുട്ടി സിനിമാ ഷൂട്ടിംഗിന് എന്ന് പറഞ്ഞാണ് കേരളത്തിലെത്തിയത് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
എന്നാല്‍ ഫര്‍മാനുമായി താന്‍ പ്രണയത്തിലാണ് എന്നും അന്യമതത്തില്‍പ്പെട്ട ആളായതിനാല്‍ സുരക്ഷ തേടിയാണ് കേരളത്തില്‍ എത്തിയത് എന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.
അന്ന് തന്നെ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് പറഞ്ഞ് മാതാപിതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസായിട്ടില്ല എന്നാണ് പറയുന്നത്. അതിനിടെ കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്.
18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പെണ്‍കുട്ടി ആധാര്‍ കാര്‍ഡ് ഹാജരാക്കിയിരുന്നു എന്നും ഇത് പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട് എന്നുമാണ് അധികൃതര്‍ പറയുന്നത്. മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പൂവാര്‍ പഞ്ചായത്തില്‍ ആണ് കല്യാണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും കല്യാണത്തിന് പ്രായമായില്ലെന്നു പറഞ്ഞ് ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുക്കുകയുമായിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.












Click it and Unblock the Notifications