ലാഭം മാത്രം, ഒരിക്കലും നഷ്ടമില്ലാത്ത ബിസിനസ്!! അന്ന് രൂപ, ഇന്ന് ഡോളര്‍; തട്ടിപ്പ് വീണ്ടും
മലപ്പുറം: 'ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ. കുറച്ച് കാലം മുന്നോട്ട് പോയാല്‍ മതി. വലിയ ലാഭം കിട്ടും. ഒരു വര്‍ഷം നിലനിന്നാല്‍ രക്ഷപ്പെട്ടു. ആയിരം ഡോളര്‍ മുടക്കിയാല്‍ ആഴ്ചയില്‍ 4000 രൂപ. പത്ത് ലെവല്‍ കമ്മീഷന്‍ വേറെ. നിങ്ങള്‍ ചേരണം, സുഹൃത്തുക്കളെയും ചേര്‍ക്കണം...' മണി ചെയിന്‍ തട്ടിപ്പിന് കളമൊരുക്കി വീണ്ടും ആളുകളെ ചേര്‍ക്കുന്നു. മലപ്പുറം ജില്ല കേന്ദ്രമായിട്ടാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം.
വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ആളുകളെ ചേര്‍ക്കുന്നത്. പല പേരിലാണ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം. മേല്‍പ്പറഞ്ഞ വാക്കുകളാണ് എല്ലാ ഗ്രൂപ്പലും പ്രചരിപ്പിക്കുന്നത്. വലിയ ലാഭം കിട്ടുമെന്ന ഉറപ്പ് ഗ്രൂപ്പ് അഡ്മിന്‍ നല്‍കുന്നു. നേരത്തെ കോയമ്പത്തൂര്‍ കേന്ദ്രമായി യുടിഎസ് എന്ന കമ്പനി മണി ചെയിന്‍ മാതൃകയില്‍ കോടികള്‍ തട്ടിയെടുത്തിരുന്നു. പോലീസ് കേസ് അന്വേഷിച്ചെങ്കിലും നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടിയില്ല.

മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലക്കാര്‍ക്ക് വലിയ നഷ്ടമാണ് 2020ല്‍ യുടിഎസ് വഴിയുണ്ടായത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ഇരട്ടി ലാഭം എന്നായിരുന്നു യുടിഎസിന്റെ വാഗ്ദാനം. ഒരു വര്‍ഷത്തോളം കഴിഞ്ഞ ശേഷം കമ്പനി ഉടമകള്‍ മുങ്ങി. ഇടനിലക്കാര്‍ മുഖേന പണം നിക്ഷേപിച്ചവര്‍ കുടുങ്ങി. കമ്പനിയുടെ ആളുകള്‍ മുങ്ങിയതോടെ ഇടനിലക്കാര്‍ കൈമലര്‍ത്തി.
യൂണിവേഴ്‌സല്‍ ട്രേഡിങ് സൊലൂഷന്‍സ് എന്ന സ്ഥാപനം കേരളത്തില്‍ നിന്ന് മാത്രം 3500 കോടി രൂപ തട്ടി എന്നായിരുന്നു വാര്‍ത്തകള്‍. കോയമ്പത്തൂരിലെ കമ്പനിയുടെ ഓഫീസ് വഴി ദിവസേന കോടികളുടെ ഇടപാടുകളാണ് നടന്നിരുന്നത്. കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന വരുമാനം ഒരു ദിവസം നിലച്ചു. നിക്ഷേപകര്‍ കോയമ്പത്തൂരിലെ ഓഫീസിലെത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നു. പ്രതിഷേധവും കേസുമെല്ലാം നടന്നെങ്കിലും പണം നഷ്ടപ്പെട്ടു എന്ന് നിക്ഷേപകര്‍ പറയുന്നു.
യുടിഎസുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി നിന്നവര്‍ തന്നെയാണ് പുതിയ ക്രിപ്‌റ്റോ ട്രേഡിങ് എന്ന പേരില്‍ തട്ടിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. വിവിധ തരം ട്രേഡിങ് അവര്‍ പരിയപ്പെടുത്തുന്നു. കൂടുതല്‍ പേരെ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് വരുമാനം കൂടും. 10 ലെവല്‍ കമ്മീഷനുണ്ട്. യുടിഎസില്‍ രൂപ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടതെങ്കില്‍ പുതിയ ക്രിപ്‌റ്റോ ട്രേഡിങില്‍ ഡോളര്‍ നിക്ഷേപിക്കാനാണ് പറയുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് നിക്ഷേപവും പിന്‍വലിക്കലും. റഫറല്‍ ലിങ്കും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. ആയിരം ഡോളര്‍ മുടക്കുന്നവര്‍ക്ക് ആഴ്ചയില്‍ 4000 രൂപ കിട്ടുമെന്നാണ് വാഗ്ദാനം. ചെറിയ തുക നിക്ഷേപിച്ച് വരുമാനം കിട്ടുന്നുണ്ടെങ്കില്‍ തുക ഉയര്‍ത്താം എന്നാണ് വലയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍. നേരത്തെ യുടിഎസില്‍ നിന്ന് വന്‍തുക ലാഭമുണ്ടാക്കിയവരാണ് ഇതിന് പിന്നിലും.
കുറഞ്ഞത് 10 ഡോളര്‍ വരെ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇത് വാലറ്റിലേക്ക് പിന്‍വലിച്ച ശേഷം രൂപയാക്കി മാറ്റുകയാണത്രെ ചെയ്യുക. നിരവധി പേര്‍ പണം മുടക്കുന്നുണ്ട്. ആളുകളെ ആകര്‍ഷിപ്പിക്കാന്‍ തങ്ങള്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഒരു തട്ടിപ്പ് പൊളിഞ്ഞ് രണ്ടോ മുന്നോ വര്‍ഷം കഴിഞ്ഞാല്‍ പുതിയ തട്ടിപ്പുമായി എത്തുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്.
ബിറ്റ് കോയിന്‍ ട്രേഡിങ് എന്ന പേരിലും രണ്ടു വര്‍ഷം മുമ്പ് തട്ടിപ്പ് നടന്നിരുന്നു. ഇതിന് മുന്നിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഒളിവില്‍ കഴിയവെ കൊല്ലപ്പെട്ടു. ഇതോടെ നിക്ഷേപകര്‍ക്ക് കോടികളാണ് നഷ്ടമായത്. ഓരോ തവണയും തട്ടിപ്പിന് ഇരയാകുന്നവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വാഗ്ദാനപ്പെരുമഴയുണ്ടാകുമ്പോള്‍ അതില്‍ വീഴുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.












Click it and Unblock the Notifications