
ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ആയുധങ്ങൾ പണവും പദവിയും ഇഡിയും; രൂക്ഷവിമർശനവുമായി എംവി ജയരാജൻ
കണ്ണൂർ; മഹാരാഷ്ട്രയിലെ ബി ജെ പിയുടെ 'കുതിരക്കച്ചവട'രാഷ്ട്രീയത്തിൽ രൂക്ഷവിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ആയുധങ്ങൾ. മറ്റൊരു ഭാഗത്ത് മതത്തെ മുൻനിർത്തി വെറുപ്പ് വിതച്ച്, ജനങ്ങളെ വിഭജിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെയും ബി ജെ പി ഇല്ലാതാക്കുകയാണെന്നും എംവി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.രാഷ്ട്രീയത്തിൽ 'ആയാറാം ഗയാറാം' എന്ന പ്രയോഗം ഉണ്ടായത് വിവരിച്ച് കൊണ്ടായിരുന്നു എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.വായിക്കാം
ആയാറാം ഗയാറാം ബിജെപിയുടെ ഭരണത്തിൽ
1967ലാണ് ആയാറാം ഗയാറാം എന്ന പ്രയോഗം രാജ്യത്തുണ്ടായത്. അന്ന് ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ. ഗയാലാൽ രണ്ടാഴ്ചക്കുള്ളിൽ മൂന്നുതവണ പാർട്ടി മാറി കൂറുമാറ്റത്തിൽ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങൾക്ക് ശേഷം 1985ൽ കൂറുമാറ്റ നിരോധന നിയമം പാസ്സാക്കി. എന്നാൽ കൂറുമാറ്റത്തിന് കുറവൊന്നുമുണ്ടായില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ കൂറുമാറ്റ രാഷ്ട്രീയം റിസോർട്ട് രാഷ്ട്രീയമായി മാറി. തുടക്കം അരുണാചൽ പ്രദേശിലായിരുന്നു. അവിടെ 60 അംഗ നിയമസഭയിൽ 42 പേർ കോൺഗ്രസ്സുകാരായിരുന്നു എങ്കിലും ബിജെപി 41 പേരെയും വിലക്ക് വാങ്ങി ഭരണത്തിലെത്തി.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ;കൊയ്ത് കേരളം..സ്വർണ കയറ്റുമതിയിൽ നേട്ടം
2017ൽ മണിപ്പൂർ നിയമസഭയിൽ ബി ജെ പിക്ക് 21 സീറ്റ് മാത്രം. കോൺഗ്രസ്സിൽ നിന്ന് 9 എം.എൽ.എ.മാരെയും സ്വതന്ത്രന്മാരെയും വിലക്ക് വാങ്ങിയാണ് 60 അംഗ നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കിയത്. 2017ൽ 40 അംഗ ഗോവൻ നിയമസഭയിൽ 17 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സിന് സർക്കാരുണ്ടാക്കാനായില്ല. 13 അംഗങ്ങൾ മാത്രമുള്ള ബി ജെ പി കോൺഗ്രസ്സിൽ നിന്നും എം.എൽ.എ.മാരെ വിലക്ക് വാങ്ങി ഭരണത്തിലെത്തി.
2018ൽ മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് നേതാവ് കമൽനാഥ് ഭരണത്തിലെത്തി. എന്നാൽ അധികനാൾ ഭരണം തുടരാനായില്ല. 28 കോൺഗ്രസ് എം.എൽ.എ.മാരെ ബി ജെ പി വിലക്ക് വാങ്ങി. അവരെയെല്ലാം രാജിവെപ്പിക്കുകയും ഉപതെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തപ്പോൾ കോടികൾ വോട്ടർമാർക്ക് നൽകിയാണ് 19 ബി ജെ പി എം.എൽ.എ.മാർ തെരഞ്ഞെടുക്കപ്പെട്ടത്. അതിലൂടെ മധ്യപ്രദേശ് ബി ജെ പി ഭരണത്തിലായി - ജനാധിപത്യത്തെ അട്ടിമറിച്ച പണാധിപത്യം. കർണ്ണാടകയിൽ 2018ൽ കോൺഗ്രസ് - ജനതാദൾ സെക്കുലർ കൂട്ടുകെട്ടായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. 16 എം എൽ എമാരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തെ റിസോർട്ടിലേക്ക് വിലക്കെടുത്തുകൊണ്ടുപോയാണ് ഭരണം അട്ടിമറിച്ചത്.
മഹാരാഷ്ട്രയിൽ 2019ൽ 15 കോൺഗ്രസ് എം.എൽ.എ.മാരും 2 മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി എം.എൽ.എ.മാരും ബി ജെ പിയിൽ ചേർന്നു. ഈ കൂറുമാറ്റത്തിന് കോടികളാണ് ബിജെപിക്ക് ചെലവായത്. ഇതേ മഹാരാഷ്ട്രയിലാണ് രണ്ടാം തവണ കൂറുമാറ്റത്തിന് അവർ ഇപ്പോൾ നേതൃത്വം കൊടുക്കുന്നത്. ബി ജെ പിയോടൊപ്പം ചേർന്ന വിമത എം.എൽ.എ.മാർ ഉന്നയിക്കുന്ന ഒരേയൊരു ആവശ്യം ഉദ്ദവ് താക്കറെ മതേതര നിലപാട് ഉപേക്ഷിക്കണമെന്നാണ്!
2021ൽ പുതുച്ചേരിയിൽ ബിജെപിക്ക് ഒറ്റ എം.എൽ.എ. പോലും ഉണ്ടായില്ല. കോൺഗ്രസ് ഭരണത്തെ താഴെയിറക്കാൻ ബിജെപിയുടെ കയ്യിലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അവിടെയും ബി ജെ പിയുടെ കൂട്ടുകക്ഷി സർക്കാർ അധികാരത്തിലെത്തുന്നത് നാം കണ്ടു.
'ഇടവേള ബാബു വിജയ് ബാബുവിനൊപ്പം ദുബായിൽ പോയോ?പണം വാങ്ങിയത് ആര്;അമ്മയിൽ ഭിന്നത രൂക്ഷം
പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിക്കാനുള്ള ബി ജെ പിയുടെ ആയുധങ്ങൾ. മറ്റൊരു ഭാഗത്ത് മതത്തെ മുൻനിർത്തി വെറുപ്പ് വിതച്ച്, ജനങ്ങളെ വിഭജിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു. ഉയർന്ന പൗരബോധമാർജ്ജിച്ചുകൊണ്ടുള്ള പോരാട്ടങ്ങളാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.