മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു, കെ സുധാകരന്‍ അറസ്റ്റില്‍
കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റ് രേഖപ്പെടുത്തി. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും.
കെ സുധാകരന്റെ അറസ്റ്റ് വേണ്ടി വന്നാല്‍ ജാമ്യം അനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെ സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം ടി ഷമീറാണ് പരാതി നല്‍കിയത്. സുധാകരന്‍ മോന്‍സന്റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കേസില്‍ ഇന്നാണ് കെ സുധാകരന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്‌തോട്ടെ ഒരു ആശങ്കയുമില്ലെന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിന് തൊട്ടുമുമ്പ് പ്രതികരിച്ചത്. 'കോടതി അടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കടല്‍ താണ്ടിയവനാണ് താന്‍. കൈത്തോട് കാണിച്ച് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. തനിക്കെതിരയുള്ളത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ് ഇത്'- കെ സുധാകരന്‍ പറഞ്ഞു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സുധാകരന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന്‍ തീരുമാനിച്ചത്. അറസ്റ്റ് വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്‍. വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകളാണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മോന്‍സന് പണം കൈമാറാനെത്തിയ സമയത്ത് കെ സുധാകരന്‍ മോന്‍സന്റെ കൂടെയുണ്ടായിരുന്നെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. മോന്‍സന്റെ വീട്ടില്‍ വെച്ച് സുധാകരന്റെ ഉറപ്പിന്‍മേല്‍ 25 ലക്ഷം കൈമാറിയെന്നും ഇതില്‍ 10 ലക്ഷം സുധാകരന്‍ വാങ്ങിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
അതേസമയം, കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. ഡല്‍ഹിയില്‍ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തില്‍ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യും'- കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications