ചോദ്യം ചെയ്യലിനായി നാളെ ഹാജരാവില്ലെന്ന് കെ സുധാകരന്‍; മോന്‍സന്‍ കേസുമായി യാതൊരു ബന്ധവുമില്ല
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ നാളെ ചോദ്യം ചെയ്യലിനായി ഹാജരാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തനിക്ക് ആ തട്ടിപ്പ് കേസുമായി യാതൊരു ബന്ധവുമില്ല. ഇതിലേക്ക് തന്റെ പേരും വന്നത് എങ്ങനെയെന്ന് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മനസാ വാചാ അറിയാത്ത കാര്യത്തിനാണ് കേസെടുത്തത്. തനിക്ക് മോന്‍സനുമായി യാതൊരു ബന്ധവുമില്ല. അയാളുടെ അടുത്ത് കണ്ണിന്റെ ചികിത്സയ്ക്കായിട്ടാണ് പോയതെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുധാകരന്‍ പറഞ്ഞു.

കേസില്ലാതിരുന്നത് കൊണ്ടാണ് എതിര്‍ പരാതി നല്‍കാതിരുന്നത്. നിയമനടപടികളെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. പരാതിക്കാരുമായി യാതൊരു ബന്ധവുമില്ല. നേരത്തെ ഈ സംഭവത്തില്‍ തനിക്കെതിരെ പരാതിയില്ലായിരുന്നു. ബുദ്ധിമുട്ടിക്കരുതെന്നും, മോന്‍സന്‍ തന്നോട് മാപ്പു പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. കേസില്‍ സാവകാശം തന്നില്ലെങ്കില്‍, അതിനെ നിയമപരമായി നേരിടും. എന്നെയും സതീശനെയും കേസില്‍ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഡസ്വര്‍ഗത്തിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
മോന്‍സനെ കാണുമ്പോള്‍ 3 പേര്‍ അവിടെയുണ്ടായിരുന്നു. ആരൊക്കെയാണ് അവരെന്ന് അറിയില്ല. സത്യവും, നീതിയും, തന്റെ ഭാഗത്താണെന്നും, അതുകൊണ്ട് തന്നെ കേസ് അഭിമുഖീകരിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നാളെ നേരിട്ട് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ പറയുന്നത്. മോന്‍സന്റെ തട്ടിപ്പിന് ഇരയായവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചതായിട്ടാണ് അവകാശവാദം.
കോഴിക്കോട്ടെ ക്യാമ്പില്‍ നാളെ സുധാകരന്‍ പങ്കെടുക്കുന്നുണ്ട്. ഇതാണ് ഹാജരാവാതിരിക്കാനുള്ള കാരണമായി സുധാകരന്‍ പറയുന്നത്. ഇതെല്ലാം കാണിച്ച് കത്തുകൊടുക്കാനാണ് തീരുമാനം.
കണ്‍തടത്തിലെ കറുപ്പ് നിറം മാറാനുള്ള ചികിത്സയ്ക്കായിട്ടാണ് മോന്‍സന്റെ അടുത്തേക്ക് പോയത്. വ്യാജനാണെന്ന് അറിയില്ലായിരുന്നു.മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ മോന്‍സന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അത് വേണ്ടെന്ന് തീരുമാനിച്ചത്. മോന്‍സന്റെ ഒപ്പം ഏതോ ഒരു സിനിമാ നടനും ഉണ്ടായിരുന്നു.
തന്റെ പേര് മോന്‍സന്‍ എവിടെയും പറഞ്ഞിട്ടില്ല. കാലം കരുതിവെച്ചത് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നുണ്ട്. ജയിലില്‍ കിടക്കേണ്ട മനുഷ്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നതെന്നും സുധാകരന്‍ തുറന്നടിച്ചു.












Click it and Unblock the Notifications