സുധാകരനെതിരെ മൊഴി കൊടുത്തതിന് വധഭീഷണി; പരാതിയുമായി മോന്‍സന്റെ മുന്‍ ഡ്രൈവര്‍
ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാ കേസില്‍ കെ പി സി സി പ്രസിഡന്റും എം പിയുമായ കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരില്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയും മോണ്‍സന്റെ മുന്‍ ഡ്രൈവറുമായ ജയ്‌സനാണ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാള്‍ ഭീഷണിപ്പെടുത്തി എന്നാണ് ജയ്‌സന്റെ പരാതി. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇടനിലക്കാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പരാതിക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സുധാകരന്റെ അടുപ്പക്കാരനായ എബിന്‍ എബ്രഹാം കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ വെച്ച് ഇക്കാര്യം ആവശ്യപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് വന്നിരുന്നു എന്നാണ് പരാതിക്കാര്‍ പറയുന്നത്. സുധാകരന്റെ പേര് പറയാതിരിക്കാന്‍ കരാര്‍ ജോലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
2021 ലാണ് മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെ കെ സുധാകരനും മോന്‍സന്‍ മാവുങ്കലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബറില്‍ ആയിരുന്നു ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടന്നത് എന്നാണ് പരാതിക്കാര്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ കെ സുധാകരനെ പ്രതിയാക്കിയിചട്ടുണ്ട്. സുധാകരനമെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതിനിടെ മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നു എന്നും ഇത് സംബന്ധിച്ച് അതിജീവിതയുടെ മൊഴിയുണ്ടെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. പീഡന വിവരം അറിഞ്ഞിട്ടും ഇടപെടാത്തത് കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഗോവിന്ദന്റെ ആരോപണം തള്ളി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. അതേസമയം മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ കെ പി സി സി പ്രസിഡന്റ് രണ്ടാം പ്രതിയാണ്. എന്നാല്‍ ഈ കേസും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് പ്രതിപക്ഷം പറയുന്നത്.












Click it and Unblock the Notifications