സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ കെ പി സി സി അധ്യക്ഷനും എം പിയുമായ കെ സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇടനിലക്കാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പരാതിക്കാര്‍. സുധാകരന്റെ അടുപ്പക്കാരനായ എബിന്‍ എബ്രഹാം ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് പരാതിക്കാര്‍ രംഗത്തെത്തിയത്.
കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ വെച്ചായിരുന്നു ചര്‍ച്ച. സുധാകരന്റെ പേര് പറയാതിരിക്കാന്‍ കരാര്‍ ജോലി വാഗ്ദാനം ചെയ്തുവെന്നാണ് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ പറയുന്നത്. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാര്‍ ജോലി നല്‍കാം എന്നായിരുന്നു വാഗ്ദാനം. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും ഷെമീര്‍ പറഞ്ഞു.

2021 സെപ്തംബറിലാണ് മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെ കെ സുധാകരനും മോന്‍സന്‍ മാവുങ്കലുമായുള്ള ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. സുധാകരന്‍ പണം വാങ്ങി എന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇടനിലക്കാരനായ എബിന്‍ എബ്രഹാം കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചു എന്ന് ഷെമീര്‍ പറയുന്നു.
ഒക്ടോബറില്‍ ആയിരുന്നു ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടന്നത്. മോന്‍സനെതിരെ പരാതി നല്‍കിയ ഷെമീര്‍, യാക്കോബ്, അനൂപ് എന്നിവരുമായി എബിന്‍ സംസാരിക്കുന്നതാണ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. സുധാകരന്‍ പണം വാങ്ങുന്നത് കണ്ടു എന്ന രഹസ്യമൊഴി നല്‍കിയ അജിത്തിനെയും ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സുധാകരന്‍ പണം വാങ്ങി എന്ന മൊഴി നല്‍കരുത് എന്നായിരുന്നു എബിന്‍ പരാതിക്കാരോട് പറഞ്ഞത്.
ഇതിനായി ലക്ഷദ്വീപില്‍ കരാര്‍ പണികള്‍ വാഗ്ദാന ചെയ്തുള്ള വാട്‌സാപ്പ് ചാറ്റുകളും പരാതിക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സുധാകരന് പങ്കില്ലെന്ന് ഇന്നും മോന്‍സന്‍ മാവുങ്കല്‍ ആവര്‍ത്തിച്ചു. അതേസമയം സുധാകരന്‍ എം പിയുടെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ്. സുധാകരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ് കോടതി.
നേരത്തെ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ സുധാകരനെ പ്രതിയാക്കിയിരുന്നു. ഇതോടെയാണ് സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിനിടെ സുധാകരനെ അറസ്റ്റ് ചെയ്യുന്നത് സാഹചര്യത്തിനനുസരിച്ചേ പറയാന്‍ കഴിയൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു ഹര്‍ജിയില്‍ ഈ മാസം 21 ന് വീണ്ടും വാദം തുടരും.












Click it and Unblock the Notifications