മോന്‍സൻ മാവുങ്കല്‍ തട്ടിപ്പ് കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുധാകരന്‍ ഹൈക്കോടതിയില്‍
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് ഹര്‍ജിയില്‍ സുധാകരന്‍ ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 23ന് മാത്രമേ തനിക്ക് ഹാജരാകാന്‍ സാധിക്കുകയുള്ളുുവെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്.

'താന്‍ ആരെയും വഞ്ചിച്ചിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനും വേണ്ടിയാണ് കേസില്‍ പ്രതി ചേര്‍ത്തത്'- മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കെ സുധാകരന്‍ പറയുന്നു. അഡ്വ. മാത്യു കുഴല്‍നാടന്‍ വഴിയാണ് കെ സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, കെ സുധാകരനെ കേസില്‍ പ്രതി ചേര്‍ത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കെ സുധാകരനെതിരെ ഉണ്ടാക്കിയ കേസാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'പത്ത് കോടി രൂപ മോന്‍സന്‍ മാവുങ്കലിന് കൊടുത്തെന്നാണ് സി പി എം പശ്ചാത്തലമുള്ള പരാതിക്കാരന്‍ പറയുന്നത്. പിന്നീട് 25 ലക്ഷം കൊടുത്തത് സുധാകരന്റെ സാന്നിധ്യവും ഉറപ്പും ഉള്ളതുകൊണ്ടാണെന്നും പറയുന്നുണ്ട്. അപ്പോള്‍ ആദ്യം പത്ത് കോടി കൊടുത്തത് ആരുടെ ഉറപ്പിലായിരുന്നു?'- വി ഡി സതീശന്‍ ചോദിച്ചു.
'പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താന്‍ ശ്രമിക്കുകയാണ്. എം.പി ആയതിനാല്‍ പബ്ലിക് ഫിനാന്‍സ് കമ്മിറ്റില്‍ ഇടപെടുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നതിലും യുക്തിയില്ല. കാരണം ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം പിയല്ല. ഇത്രയും പണം നല്‍കുന്നവര്‍ക്ക് സുധാകരന്‍ എം പി അല്ലെന്ന് അറിയില്ലായിരുന്നോ? മാത്രമല്ല പബ്ലിക് ഫിനാന്‍സ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാര്‍ലമെന്റിലില്ല. ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്'- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications