12 കോടി കിട്ടിയില്ലെങ്കിൽ വിഷമം വേണ്ട; 10 കോടിയുടെ മൺസൂൺ ബമ്പർ എത്തി, കൈനിറയെ സമ്മാനങ്ങൾ
തിരുവനന്തപുരം: മൺസൂൺ ബമ്പർ (ബി ആർ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി ഓരോ പരമ്പരയിലും ഒരാൾക്ക് വീതം എന്ന നിലയിലാണ് ഭാഗ്യക്കുറിയുടെ ഘടന. സമാനമായ രീതിയിൽ തന്നെ അഞ്ചു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്. ജൂലൈ 27ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കുന്ന മൺസൂൺ ബമ്പറിന് 5000, 1000, 500 എന്നിങ്ങനെ 250 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റു വില.
അതേസമയം വിഷു ബമ്പർ വിജയി ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ഇത്തവണ VD 204266 എന്ന നമ്പറിനാായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റിൽ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വിൽപ്പന നടത്തിയ ടിക്കറ്റാണിത്. കോഴിക്കോട് ജില്ലയിൽ തന്നെയുള്ള വ്യക്തിക്കാണോ അതോ പുറത്തുള്ളവർക്കാണോ സമ്മാനം എന്ന് വ്യക്തമല്ല.

ബമ്പർ ലോട്ടറി വിജയികൾ ഇപ്പോൾ പേര് വെളിപ്പെടുത്തുന്ന പതിവില്ല. കേരളത്തിൽ ആദ്യമായി 25 കോടി സമ്മാനം ലഭിച്ച ഓണം ബമ്പർ വിജയി ശ്രീവരാഹം സ്വദേശി അനൂപ്, ലോട്ടറി അടിച്ചതിന് പിന്നാലെ പേര് വെളിപ്പെടുത്തിയതും പിന്നീട് അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളും വലിയ രീതിയിൽ ചർച്ചയായിരുന്നു. പണം ചോദിച്ച് എത്തിയവരുടെ ശല്യം സഹിക്കവയ്യാതെ സ്വന്തം നാടും വീടുമൊക്കെ അനൂപിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തനിക്കുണ്ടായ ദുരനുഭവം ഉണ്ടാകാതിരിക്കണമെങ്കിൽ ലോട്ടറി അടിക്കുന്നവർ ഇനി പേര് വെളിപ്പെടുത്തരുതെന്ന ഉപദേശവും അനൂപ് നൽകിയിരുന്നു.
ഈ സംഭവങ്ങൾക്ക് ശേഷമാണ് ബമ്പർ വിജയികളിൽ പലരും കാണാമറയത്ത് തന്നെ തുടർന്നത്. കഴിഞ്ഞ ക്രിസ്തുമസ്-പുതുവത്സ വിജയിയും പേര് വെളിപ്പെടുത്തിയിരുന്നില്ല. കണ്ണൂരിലെ സത്യൻ എന്ന വ്യക്തിക്കായിരുന്നു ബമ്പർ അടിച്ചത്. എന്നാൽ തന്റെ പേരും മേൽവിലാസവുമൊന്നും വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിക്കുകയായിരുന്നു.
വിഷു ബമ്പർ വിജയിക്ക് കിട്ടുന്നത്
12 കോടിയാണ് സമ്മാനമെങ്കിലും സമ്മാനത്തുകയുടെ പത്ത് ശതമാനം ഏജന്റ് കമ്മീഷനാണ്. അതായത് 1.2 കോടി രൂപ. അത് കഴിഞ്ഞ് 10.8 കോടി രൂപക്കുള്ള നികുതി കൂടി കിഴിച്ചതിന് ശേഷമുള്ള തുകയായിരിക്കും ഭാഗ്യവാന്റെ കൈയ്യിൽ ലഭിക്കുക.












Click it and Unblock the Notifications