ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം: വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം ഉള്ളതിനാലാണ് വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത. കേരളത്തിൽ ഒരു ജില്ലയിലും കാലാവസ്ഥ വിഭാഗം ഇന്ന് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
25ാം തീയതി എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. 26ാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. 27ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥം ആക്കുന്നത്. 27ന് ഇടുക്കി ജില്ലയിൽ മഞ്ഞ അലേർട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
എങ്കിലും ഓറഞ്ച് അലേർട്ടിന് (24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ) സമാനമായ മഴ പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചത് . 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് 23-06-2023 രാത്രി 08.30 വരെ 1.5 മുതൽ 2.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് അറിയിപ്പുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക്കേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.












Click it and Unblock the Notifications