മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി, 'തെളിവില്ല'
കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ സി എം ആര്‍ എല്‍ മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണം എന്ന ആവശ്യം കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച ഹര്‍ജി തള്ളിയത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ ആവില്ലെന്നായിരുന്നു കോടതി നിലപാട്. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല എന്നും പത്രവാര്‍ത്തകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വീണ വിജയന്‍ കരിമണല്‍ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും ഇതില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആയിരുന്നു ഹര്‍ജിയിലെ ആവശ്യം.

യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഗിരീഷ് ബാബു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.
സ്വകാര്യ കമ്പനിയുമായുള്ള അനധികൃത ബന്ധത്തിലൂടെ വലിയതോതില്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആദായ നികുതി വകുപ്പ് ഇന്ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ എക്‌സാലോജിക് കമ്പനിയുടെ ആദായ നികുതി വകുപ്പ് രേഖകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഗിരീഷ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
അധികാര ദുര്‍വിനിയോഗം നടത്തിയാണ് വീണ മാസപ്പടി വാങ്ങിയതെന്ന് എന്നാണ് ഹര്‍ജിയില്‍ ഗിരീഷ് ബാബു ആരോപിക്കുന്നത്. അഴിമതി വ്യക്തമാക്കുന്ന തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട് എന്നും ഗിരീഷ് ബാബു അവകാശപ്പെട്ടിരുന്നു. നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം നല്‍കിയ ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വിശദമായ സത്യവാങ്മൂലം ഗിരീഷ് ബാബു സമര്‍പ്പിക്കുകയും ചെയ്തിരുന്നു












Click it and Unblock the Notifications