സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മുഖ്യപ്രതി പിടിയിൽ!!
സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മുഖ്യപ്രതി പിടിയിൽ!! പ്രതി കഴിഞ്ഞത് ആളൊഴിഞ്ഞ കെട്ടിട്ടത്തിൽ!!!
കൊച്ചി: മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനെ വെട്ടിക്കൊപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴയിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ടാണ് മൂവാറ്റുപുഴ സ്വദേശിയായ അഖിലിന് വടിവാളുകൊണ്ട് വെട്ടേൽക്കുന്നത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ച അഖിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിലെ ദുരഭിമാന വധശ്രമക്കേസിൽ മുഖ്യ പ്രതി അറസ്റ്റിലായി. 22 കാരനായ ബേസിൽ എൽദോസാണ് കേസിൽ പോലീസിന്റെ പിടിയിലായിട്ടുള്ളത്. മൂവാറ്റുപുഴയിലെ ചാലിക്കടവ് പാലത്തിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഇതോടെ ബേസിലിനെ മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

സുഹൃത്ത് ആദ്യം പിടിയിൽ
19കാരനായ യുവാവിനെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ ബേസിലിന്റെ സുഹൃത്ത് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ബൈക്ക് ഓടിച്ച യുവാവാണ് പിടിയിലായത്. സംഭവത്തിൽ ഇരുവർക്കുമെക്കെതിരെ വധശ്രമത്തിനും പട്ടിക ജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. വീട്ടിൽ നിന്നാണ് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ദുരഭിമാന വധശ്രമമോ?
സഹോദരിയെ പ്രണയിച്ചതിനെ തുടർന്ന് സുഹൃത്തായ അഖിൽ ശിവൻ എന്ന 19കാരനെയാണ് ബേസിൽ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാണ് സംഭവം. ദളിത് യുവാവും സഹോദരിയും തമ്മിലുള്ള ബന്ധത്തെ എതിർത്ത ഇതിലുള്ള വൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്. പോലീസും ചൂണ്ടിക്കാണിക്കുന്നത് ഇക്കാര്യമാണ്. കറുകടം സ്വദേശിയായ ബേസിൽ എൽദോസാണ് സുഹൃത്തായ അഖിലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

വിളിച്ചിറക്കി ആക്രമിച്ചു
130 കവലയ്ക്ക് സമീപത്തുവെച്ച് സുഹൃത്തിന്റെ ബൈക്കിൽ മാസ്ക് വാങ്ങാനെത്തിയ അഖിലിനെ വണ്ടിയിൽ നിന്ന് വിളിച്ചിറക്കിയ ശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. സെമിത്തേരിയ്ക്ക് സമീപത്തുള്ള കടയ്ക്ക് അടുത്തുവെച്ചാണ് സംഭവം നടക്കുന്നത്. ഇരുവരും ഒരുമിച്ച് പഠിച്ചവരായതിനാൽ ബേസിൽ വിളിച്ചപ്പോൾ തന്നെ അഖിൽ ബൈക്കിൽ നിന്നിറങ്ങി അടുത്തേക്ക് ചെല്ലുകയും ചെയ്തിരുന്നു. സഹോദരൻ ആയുധവുമായി വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ തന്നെ ബേസിലിന്റെ സഹോദരി ഇക്കാര്യം അഖിലിനെ വിളിച്ചറിയിച്ചിരുന്നു.

അഖിലിനും സുഹൃത്തിനും വെട്ടേറ്റു
വെട്ടേറ്റതോടെ അഖിലിന്റെ വലത് കൈക്കുഴയ്ക്ക് മുകളിൽ മണിബന്ധം മുറിഞ്ഞ് തൂങ്ങിയിട്ടുണ്ട്. ചെറുവിരലിന്റെ അറ്റവും മുറിഞ്ഞുപോയിട്ടുണ്ട്. കഴുത്തിന് വെട്ടാൻ ശ്രമിച്ചെങ്കിലും ഹെൽമെറ്റിൽ തട്ടിയതിനാൽ പുരികത്തിനും നെറ്റിയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഖിലിനൊപ്പം ബൈക്കിലെത്തിയ അരുണിനും ആക്രമണം തടയുന്നതിനിടെ വെട്ടേറ്റിട്ടുണ്ട്. അഖിലിനെ ആക്രമിച്ച ബേസിൽ സുഹൃത്തിന്റെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന അഖിൽ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications