'മുസ്ലീം യുവാവിനൊപ്പം എന്തിന് നടക്കുന്നു'; മലയാളി യുവതിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം, 4 പേർ അറസ്റ്റിൽ
മംഗളൂരു: കർണാടകയിൽ മലയാളി യുവാവിനും സുഹൃത്തിനും നേരെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ പനമ്പൂർ ബീച്ചിൽ വെച്ചാണ് സംഭവം. തീവ്ര ഹിന്ദുത്വ പ്രവർത്തകർ യുവാവിനേയും പെൺ സുഹൃത്തിനേയും തടഞ്ഞ് നിർത്തി ആക്രമിക്കുകയും ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബൽത്തങ്ങാടി സ്വദേശികളായ ഉമേഷ് (23), സുധീർ 2(6), കീർത്തൻ പൂജാരി (20), ബണ്ടാൾ സ്വദേശി പ്രശാന്ത് ഭണ്ടാരി (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30നായിരുന്നു സംഭവം. ബണ്ടാൽ സ്വദേശിയായ മലയാളി യുവാവിനും ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിക്കും നേരെയാണ് സദാചാര ആക്രമണം അരങ്ങേറിയത്. പനമ്പൂർ ബീച്ചിൽ സന്ദർശനത്തിനെത്തിയ ഇരുവരേയും ഒരു സംഘം ആളുകൾ തടഞ്ഞുവയ്ക്കുകയായിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരാണ് യുവതിയും യുവാവും. ഹിന്ദു യുവതി മുസ്ലീം യുവാവിനൊപ്പം നടക്കുന്നത് ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് കാവി ഷാൾ ധരിച്ചെത്തിയവർ ഇരുവരേയും പരസ്യമായി ചോദ്യം ചെയ്യുകയുകയായിരുന്നു. മുസ്‍ലിം വിഭാഗക്കാരനായ യുവാവിനൊപ്പം നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചാണ് യുവതിയെ കയ്യേറ്റം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിൽപ്പെട്ടവർ തന്നെ പകർത്തുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിയത്. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ മൂന്നു പേർ ശ്രീരാമസേനാ പ്രവർത്തകരാണെന്നാണ് വിവരം.












Click it and Unblock the Notifications