കേരളത്തിന്റെ സദാചാര ബോധം അതിരുകടക്കുന്നു, സഹോദരനൊപ്പം സഞ്ചരിക്കുന്നതും സദാചാരവിരുദ്ധമോ?
കാസര്‍കോടിന് ഭീഷണിയായി വീണ്ടും സദാചാര ഗുണ്ടകള്‍. സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ ആക്രമണം.
കാസര്‍കോട് : സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം.
ഡാന്‍സ്‌ക്ലാസ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ സഹോദരന്‍ പി. മഞ്ജുനാഥ് ബൈക്കില്‍ കൂട്ടിക്കൊണ്ട് വരികയായിരുന്നു. ഇതിനിടെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ 22നു രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്.

രാത്രി കറങ്ങിനടക്കുന്നുവെന്നാരോപിച്ചാണ് ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഒടുവില്‍ പെണ്‍കുട്ടി സഹോദരനാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് സദാചാരഗുണ്ടകള്‍ പിന്മാറിയത്. സംഭവത്തില്‍ അതിര്‍ത്തിപ്പള്ള സ്വദേശി മഞ്ജു നാഥിന്റെ യും സഹോദരിയുടെയും പരാതിയില്‍ രൂപേഷ്, മിഥുന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇതിനിടെ പ്രതികള്‍ കടയില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെത്തി. ഇവര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരും സംഘടിച്ചു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചു വിട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഒരിടവേളയ്ക്കു ശേഷമാണ് കാസര്‍കോട് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.












Click it and Unblock the Notifications