കാമുകിക്കൊപ്പം സംസാരിച്ച യുവാവിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്
പാലക്കാട്: കാമുകിക്കൊപ്പം സംസാരിച്ചിരുന്നതിന് പോലീസ് ലൈംഗിക അതിക്രമത്തിന് കേസെടുത്തതായി യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ പ്രസാദിനാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ഫിബ്രുവരി 24നാണ് സംഭവം.
കാമുകിയുമായി പാലക്കാട് ഡിസി ബുക്‌സിലെത്തിയ പ്രസാദ് ഇതിനുശേഷം പാലക്കാട് കോട്ടയ്ക്കരുകില്‍ സംസാരിച്ചിരിക്കവെയാണ് പോലീസ് എത്തിയത്. വൈകിട്ട് 4.30ഓടു കൂടി രണ്ട് പോലീസുകാര്‍ കടന്നു വരുകയും അവിടെ ഇരിക്കുന്നതിന്റെ കാരണം ചോദിക്കുകയും ചെയ്തതായി പ്രസാദ് പറയുന്നു. കൂടെയുള്ളത് പെണ്‍സുഹൃത്താണെന്നും പാലക്കാട് ഡിസി ബുക്‌സില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിയതിനു ശേഷം സമയം ചിലവഴിക്കാനായി ഇവിടെ വന്നതാണെന്നും മറുപടി നല്‍കിയെങ്കിലും പോലീസുകാര്‍ ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.

സുഹൃത്തിനെ വീട്ടിലേക്ക് വീട്ടിലേക്കയച്ച് പ്രസാദിനെ പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസുകാരോടും അന്വേഷണത്തോടും പൂര്‍ണ്ണമായി സഹകരിച്ചതായി പ്രസാദ് പറഞ്ഞു. പിന്നീട് പരിചയമുള്ള രണ്ടു പേര്‍ വന്നാല്‍ എന്നെ വിട്ടയക്കാം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തുക്കളായ അജിത്ത്, ബവീര്‍ എന്നിവരെ സ്‌റ്റേഷനിലേക്ക് വിളിച്ചു. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ് വാങ്ങിയതിനു ശേഷം പ്രസാദിനെ വിട്ടയച്ചു.
പിന്നീട് പോലീസ് സ്‌റ്റേഷനില്‍ നിന്നും സമന്‍സ് വന്നതോടെയാണ് ലൈംഗിക അതിക്രമത്തിന് കേസെടുത്തതായി ബോധ്യമാകുന്നത്. ഈ വിഷയത്തില്‍ തനിക്കെതിരെ പരാതിയോ തെളിവോ ഇല്ല. എനിക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട വകുപ്പോ, കേസിന്റെ് മറ്റു വിശദാംശങ്ങളോ എന്നോട് സംഭവം നടന്ന ദിവസം സ്‌റ്റേഷനില്‍ വെച്ച് അറിയിച്ചിരുന്നില്ലെന്നും പ്രസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വിഷയത്തില്‍ പാലക്കാട് പോലീസ് മേധാവിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രസാദ്.












Click it and Unblock the Notifications