കാലവര്‍ഷക്കെടുതി തുടരുന്നു: കൂടുതല്‍ സൈന്യം കേരളത്തിലേക്ക്, സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍
കോഴിക്കോട്: കേരളത്തില്‍ മഴയും വെള്ളപ്പൊക്കവും നാശം വിതയ്ക്കുന്നതിനിടെ കൂടുതല്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നു. നിലവില്‍ കേരളത്തിലുള്ള സൈന്യത്തിന് പുറമേ 30 പേരുള്‍പ്പെട്ട മിലിട്ടറി എന്‍ജിനീയറിംഗ് ടാക്സ് ഫോഴ്സ് സംഘം കോഴിക്കോട്ടും രണ്ട് സംഘം തിരുവനന്തപുരത്തും എത്തിയിട്ടുണ്ട്. കേരളം നേരിടുന്ന വലിയ പ്രളയത്തെ നേരിടുന്നതിനും പുറമേ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി ഭോപ്പാലില്‍ നിന്നുള്ള മറ്റൊരു സംഘവും കേരളത്തിലെത്തും.
മഴ കുറയാതെ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അനുവദനീമായ പരമാവധി ശേഷിയും പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 142. 30 അടിവെള്ളമുള്ള മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്റില്‍ 26,000 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം പുറത്തുവിടുന്നത് ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നതിനും കാരണമാകുന്നുണ്ട്. പരമാവധി 2403 അടി പരമാവധി സംഭരണ ശേഷിയുള്ള ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 240.12 അടിയാണ്. കേരളത്തിലെ 13 ജില്ലകളില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. എറണാകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ സ്ഥിതി സങ്കീര്‍ണ്ണമായി തന്നെ തുടരുകയാണ്. പ്രളയക്കെടുതി മൂലം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 38 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

പത്തനംതിട്ടയിലെ വെള്ളപ്പൊക്കത്തിന് ശമനം വരാത്ത സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ നിന്ന് പത്തനംതിട്ട ജില്ലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിനായി വള്ളം പുറപ്പെട്ടിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ സഹായത്തോടെ മുപ്പതോളം വള്ളങ്ങളിലായി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാണ് നീക്കം. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം മുതല്‍ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി പുറത്തെത്തിക്കാനാണ് നീക്കം.

പാലക്കാട് അടപ്പാടിയില്‍ ഭവാനി, ശിരുവാണി, വരഗാര്‍ നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ചുരവും ഇടിഞ്ഞിട്ടുണ്ട്. ഇതിന് പുറേ അട്ടപ്പാടിയില്‍ ചെമ്മണ്ണൂര്‍ മുതല്‍ താവളം വരെയുള്ള ഭാഗം വെള്ളത്തിനടിയിലായിട്ടുണ്ട്. ഇതോടെ അട്ടപ്പാടി ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണുള്ളത്. പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചതിന് പുറമേ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. കോഴിക്കോട് കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേരും നെടുങ്കണ്ടത്ത് മൂന്നുപേരും മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications