കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മുതല്‍മുടക്കും: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മുതല്‍മുടക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയുടെ സമാപനസെഷന്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ധനമന്ത്രി. നിലവിലെ ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തി ശില്പശാലയില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് സമാപനസെഷനില്‍ അദ്ധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
സാമ്പത്തികഞെരുക്കത്തിനിടയിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് വേണ്ട സൗകര്യങ്ങളും ആവശ്യമായ നിയമനങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞു. പുതിയ ഗവേഷണ പ്രൊജക്ടുകള്‍ കണ്ടെത്തി ഏറ്റെടുക്കാന്‍ സര്‍വ്വകലാശാലകളുടെ മുന്‍കയ്യുണ്ടാവണം. കാര്‍ഷികമേഖലയും വ്യവസായമേഖലയുമായി ബന്ധപ്പെടുന്നതരത്തില്‍ പഠന - ഗവേഷണപ്രവര്‍ത്തനങ്ങള്‍ വികസിക്കണം. കാര്‍ഷിക-നിര്‍മ്മാണമേഖലകള്‍ക്ക് സഹായകമായ ലഘു ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകലാശാലകള്‍ ഏറ്റെടുക്കണം. സര്‍വ്വകലാശാലകളെത്തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് കേന്ദ്രനയം മുന്നോട്ടു പോകുന്നത്. ഇത് മുന്‍കൂട്ടിക്കണ്ടുള്ള നവീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ക്ക് അകത്തുനിന്നുതന്നെ ഉണ്ടാവണം - മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് കരടുരേഖയായി ശില്പശാലയില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. അവയെപ്പറ്റി സര്‍വ്വതലസ്പര്‍ശിയായി ശില്പശാല ചര്‍ച്ച ചെയ്തു. ശില്പശാലയില്‍ വന്ന നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിച്ച് ഉന്നതവിദ്യാഭ്യാസമേഖലയില്‍ ജനകീയബദല്‍ സര്‍ക്കാര്‍ രൂപപ്പെടുത്തും. ജനജീവിതത്തിന്റെ മുന്നോട്ടുപോക്കും പ്രാദേശികസമൂഹങ്ങളുടെ വികസനവും ഉറപ്പാക്കിക്കൊണ്ടാവും ഇത് - മന്ത്രി പറഞ്ഞു.
ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പുകളുടെ കോര്‍ഡിനേറ്റര്‍മാര്‍ സമാപനസെഷനില്‍ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരും സംസാരിച്ചു. തിരുവനന്തപുരത്ത് ഐ എം ജിയിലായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ദ്വിദിന ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല.
അതേസമയം, മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയില്‍ തയ്യാറാക്കിയ അക്ഷരമാല ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പ്രകാശനംചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയില്‍ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗര്‍ സ്‌പെല്ലിങ് - രൂപകല്പന ചെയ്തത്. ഏകീകൃത ആംഗ്യഭാഷാലിപി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്രയുംപെട്ടെന്ന് പ്രാപ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളിലും സാര്‍വ്വത്രികമായി പ്രചരിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെടും.












Click it and Unblock the Notifications