എഎംഎംഎയെ തള്ളിപ്പറഞ്ഞ് കൂടുതൽ നടിമാർ! അക്കമിട്ട് നിരത്തി താരസംഘടനയുടെ തോന്ന്യാസങ്ങൾ
കൊച്ചി: താരസംഘടനയായ എഎംഎംഎ (AMMA)യുടെ സ്ത്രീവിരുദ്ധത എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഓരോ ദിവസവും വെളിപ്പെട്ട് കൊണ്ടിരിക്കുകയാണ്. സൂപ്പർ താരങ്ങൾക്ക് അവരുടെ അധീശത്വം ഉറപ്പിക്കാനുള്ള ഒരു വേദി മാത്രമാണ് അമ്മയെന്നത് പകൽ പോലെ വ്യക്തം. വേണ്ടപ്പെട്ടവരെ ഭാരവാഹികളാക്കിയും എതിർശബ്ദമുയർത്തുന്നവരെ ഒതുക്കിയും എംഎംഎംഎ മുന്നോട്ട് പോയി.
വിമൻ ഇൻ സിനിമ കലക്ടീവ് എഎംഎംഎയുടെ എല്ലാ ധാർഷ്ട്യത്തിലേയും വെല്ലുവിളിക്കുകയാണ്. അവർക്ക് പിന്തുണയുമേറുന്നു. നൂറോളം സിനിമാ പ്രവർത്തകർ കഴിഞ്ഞ ദിവസം നടിമാർക്ക് പിന്തുണയുമായി എത്തി. താരസംഘടനയുടെ ഭാഗമല്ലാത്ത നടിമാരും അമ്മയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നു.

അമ്മയ്ക്കെതിരെ കൂടുതൽ നടിമാർ
എഎംഎംഎയിൽ ഇതുവരെ അംഗമാകാത്ത 14 സ്ത്രീ സിനിമാ പ്രവർത്തകരാണ് ആ സംഘടന എത്രത്തോളം സ്ത്രീ വിരുദ്ധമാണ് എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. അക്കാര്യം വിമൻ ഇൻ സിനിമ കലക്ടീവ് ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കുന്നു. പോസ്റ്റ് ഇതാണ്: കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സംഘടനയായി രൂപം കൊണ്ടിട്ട്. മലയാള സിനിമാ ലോകത്തെ പല രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ WCC മുന്നോട്ടു വെക്കുന്ന വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കി ഈ സംഘടനയുടെ ഭാഗമായി.

അമ്മയുടെ സ്ത്രീ വിരുദ്ധത
അവരിൽ അഭിനേത്രികളും ടെക്നീഷ്യൻമാരും ഉണ്ട്. ഏറെ അറിയപ്പെടുന്നവരും പുതുതായി ഈ രംഗത്തേക്കു വന്നവരും ഉണ്ട്. അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെ കുറിച്ച് അവരുടെ അഭിപ്രായങ്ങളും WCC യുടെ പേജിലൂടെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് അമ്മയിൽ അംഗമല്ലാത്ത അഭിനേത്രികൾ എന്തുകൊണ്ട് അമ്മയിൽ നിന്ന് അവർ അംഗത്വമെടുക്കാതെ മാറി നിൽക്കുവാൻ ആഗ്രഹിച്ചു എന്നതിന്റെ കാരണങ്ങളാണ് അവർ നിരത്തുന്നത്.

അമ്മയുടെ ഭാഗമാവില്ല
അമ്മയിൽ അംഗങ്ങൾ അല്ലാത്ത വനിതകൾ പറയുന്നു: എ.എം.എം.എ എന്ന് പേരുള്ള 'സംഘടന'യിൽ ഇനിയും ചേർന്നിട്ടില്ലാത്ത, എന്നാൽ നിലവിൽ അഭിനേതാക്കളായി തൊഴിലെടുക്കുന്ന ഞങ്ങൾ ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നു. ഇതിലൂടെ സിനിമയെ പൂർവ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ, മാധ്യമമായും കലയായും സമീപിക്കുവാനുള്ള ഇടം ഉണ്ടാക്കുകയാണ് ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. എ.എം.എം.എ യിലെ അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങൾ:

അംഗത്വത്തിന് ഒരു ലക്ഷം
* തുല്യവേതനം എന്നൊരു സങ്കൽപം പോലും നിലവിലില്ലാത്ത മേഖലയിൽ ഒരു ലക്ഷം രൂപയോളം മെമ്പർഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല. * പ്രസ്തുത സംഘടന, ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രശ്നത്തെ സമീപിച്ച രീതിയിൽ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂർണ്ണമായി വിശ്വസിക്കാൻ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു.

നിരുത്തരവാദപരമായ മൌനം
* WCC സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്നങ്ങളോട്, പൊതുവിൽ പുലർത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്. *ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെൽപ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന് മനസ്സിലാക്കുന്നു. * എ. എം. എം. എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയിൽ അവതരിപ്പിച്ച പിന്തിരിപ്പൻ സ്കിറ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി, തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്.

പൊളിച്ചെഴുത്ത് സാധ്യമല്ല
* ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയിൽ ഉടനൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം, ഫാൻസ് അസ്സോസിയേഷനുകൾ, പ്രത്യേക താരകേന്ദ്രീകൃത കോക്കസുകൾ , ഒക്കെ ചേർത്തെഴുതുന്ന, ഇത് വരെയുള്ള ചരിത്രം, ബോധ്യപ്പെടുത്തി തരുന്നുണ്ട്. * ആത്മാഭിമാനമുള്ള സ്ത്രീകളെ ഉൾക്കൊള്ളാൻ, അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാൻ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവിൽ സംഘടനയെ നിർണയിക്കുന്ന താരാധികാരരൂപങ്ങൾക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു.

വരും തലമുറയ്ക്ക് വേണ്ടി
*കെട്ടിക്കാഴ്ച്ചകൾക്കല്ലാതെ, സംഘടനാപരമായ ചുമതലകളിൽ, തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല. * ഇത്തരത്തിൽ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു. മലയാളികൾ ഏറെ സ്നേഹിക്കുന്ന സിനിമയെന്ന മാധ്യമത്തിലൂടെ ജാതി-മത-ലിംഗ വിഭാഗീയതകൾക്കപ്പുറമായി കാലത്തിനനുരൂപമായ കലാസൃഷ്ടികൾ രചിക്കപ്പെടുവാൻ ആവശ്യമായ എല്ലാ വഴികളും വരും തലമുറക്ക് വേണ്ടി തുറക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

പതിനാല് പെണ്ണുങ്ങൾ
1. അഭിജ ശിവകല, 2.അമല അക്കിനെനി, 3.അർച്ചന പദ്മിനി, 4.ദർശന രാജേന്ദ്രൻ, 5.ദിവ്യ ഗോപിനാഥ്, 6. ദിവ്യ പ്രഭ, 7. ജോളി ചിറയത്ത്, 8.കനി കുസൃതി, 9.. രഞ്ജിനി പിയർ, 10.സജിത മഠത്തിൽ, 11. സംയുക്ത നമ്പ്യാർ, 12. ശാന്തി ബാലചന്ദ്രൻ, 13.. ഷൈലജ അമ്പു, 14. സുജാത ജനനേത്രി എന്നവരാണ് അമ്മയെ തള്ളിക്കൊണ്ട് പുതുതായി രംഗത്ത് വന്നിരിക്കുന്ന സിനിമയിലെ സ്ത്രീകൾ. ഡബ്ല്യൂസിസിയുടെ നിലപാടിന് പിന്തുണയേറുന്നത് അമ്മയെ ആശങ്കപ്പെടുത്തുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications