പള്ളികൾ മുസ്ലിം ലീഗിന്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം; രൂക്ഷവിമർശനവുമായി കെടി ജലീൽ
തിരുവനന്തപുരം; വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടരി പി എം എ സലാമിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേയെന്ന് ജലീൽ ചോദിച്ചു.രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികൾ മുസ്ലിം ലീഗിൻ്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം. കേരളത്തിലെ മഹല്ലുകമ്മിറ്റികളിൽകാലങ്ങളായി നിലനിൽക്കുന്ന ഐക്യത്തിൻ്റെ കടക്കാണ് ലീഗ് പുതിയ നീക്കത്തിലൂടെ കത്തിവെക്കുന്നതെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. ജലീലിന്റെ വാക്കുകളിലേക്ക്

ലീഗിനിത് എന്തുപറ്റി? പള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേ? അപ്പോൾ ലീഗിൻ്റെ അഭിപ്രായം എന്താകും? മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളിൽ (ശരീരത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളിൽ വെച്ച് ഉൽബോധനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ലീഗ് ഇപ്പോൾ പറയുന്ന കാരണങ്ങൾ തീർത്തും രാഷ്ട്രീയ വിരോധത്തോടെയുള്ളതാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നിരവധി പള്ളികളുടെ നിയന്ത്രണമുള്ള ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗം ലീഗ് തട്ടിപ്പടച്ചുണ്ടാക്കിയ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് വിട്ട് നിന്നതും ലീഗിൻ്റെ നിലപാടിനോട് വിയോജിച്ചതും.
ഏറ്റവുമധികം പള്ളികളുള്ള സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളോ ജനറൽ സെക്രട്ടറി പ്രൊ: ആലിക്കുട്ടി മുസ്ല്യാരോ കോഡിനേഷൻ കമ്മിറ്റിയിൽ പങ്കെടുത്തിട്ടില്ല. ദക്ഷിണ കേരള ജംഇയ്യത്തും ഉലമയുടെ പ്രധാനികളാരും ലീഗ് ഉപഗ്രഹ യോഗത്തിൽ സംബന്ധിച്ചതായി അറിവില്ല. വിവിധ മുസ്ലിം സംഘടനകളിലെ ലീഗുകാരായ രണ്ടാം നിരക്കാരായവർ പങ്കെടുത്ത യോഗമാണ് കോഴിക്കോട്ട് നടന്നതെന്നത്.
രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികൾ മുസ്ലിം ലീഗിൻ്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം. കേരളത്തിലെ മഹല്ലുകമ്മിറ്റികളിൽ (കരയോഗം/ഇടവക) കാലങ്ങളായി നിലനിൽക്കുന്ന ഐക്യത്തിൻ്റെ കടക്കാണ് ലീഗ് പുതിയ നീക്കത്തിലൂടെ കത്തിവെക്കുന്നത്.
വെള്ളിയാഴ്ച പള്ളികളിൽ ലീഗനുകൂല ഇമാമുമാർ പ്രസംഗിക്കുമ്പോൾ എതിരഭിപ്രായമുള്ളവർ അതിനോട് പ്രതികരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്വാഭാവികമായും അത് തർക്കങ്ങൾക്കും കയ്യേറ്റങ്ങൾക്കും ഇടവെച്ചേക്കും. നിരവധി പള്ളികളുടെ 'ഖാളി' സ്ഥാനം അലങ്കരിക്കുന്ന ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈ തീക്കളിയിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൽ ഡി എഫിനെതിരെ പ്രചരണം നടത്തുമെന്നായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറി പി എ എ സലാം പറഞ്ഞത്. സംഘപരിവാറിനെക്കാൾ വലിയ മുസ്ലിം വിരുദ്ധതയാണ് എൽഡിഎഫ് സർക്കാർ കാണിക്കുന്നത്. മുസ്ലീം സമുദായത്തിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവാദികളായ ഇടതുപക്ഷ സർക്കാരിന്റെ നടപടികൾ സമുധായത്തെ ബോധിപ്പിക്കുമമെന്നും സലാം പറഞ്ഞിരുന്നു.
അതേസമയം സലാമിന്റെ പ്രസ്താവനയ്ക്കെതിരെ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബ് രംഗത്തെത്തിയിരുന്നു. സലാമിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വഹാബ് പറഞ്ഞു. ഈ അവിവേകമായ നടപടിയിൽ നിന്നും ലീഗ് പിൻമാറണമെന്നും അബ്ദുൾ വഹാബ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications