പെട്രോൾ, ഡീസൽ വില കുതിച്ചുകയറുന്നു! ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്...
പെട്രോൾ, ഡീസൽ വില അനിയന്ത്രിതമായി ദിവസേന വർദ്ധിപ്പിക്കുന്നതാണ് മോട്ടാർ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിഷേധത്തിന് കാരണം.
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ജനുവരി 24 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. മോട്ടോർ തൊഴിലാളികളുടെ ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴിലുടമകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പെട്രോൾ, ഡീസൽ വില അനിയന്ത്രിതമായി ദിവസേന വർദ്ധിപ്പിക്കുന്നതാണ് മോട്ടാർ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിഷേധത്തിന് കാരണം. നിലവിൽ പെട്രോൾ, ഡീസൽ വില സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ്. അതിനാൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ പെട്രോളിയം കമ്പനികൾക്ക് നിർദേശം നൽകണം. വർദ്ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മോട്ടോർ വാഹന നിയമഭേദഗതി ബിൽ ഉപേക്ഷിക്കണമെന്നും സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വിവിധ തൊഴിലുടമ സംഘടനകളും തൊഴിലാളികളുടെ സംഘടനകളും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി, എസ്ടിയു, ഐഎൻടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കും. അതേസമയം ബിഎംഎസ് പണിമുടക്കിൽ പങ്കെടുക്കുന്നില്ല.












Click it and Unblock the Notifications