വാഹന പണിമുടക്ക് പൂർണം; കെഎസ്ആർടിസി സർവ്വീസുകൾ തടസപ്പെട്ടു... പൊതുഗതാഗതം സ്തംഭിച്ചു
ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയുള്ള പണിമുടക്കിൽ പൊതുഗതാഗത മേഖല പൂർണ്ണമായും സ്തംഭിച്ചു
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളും തൊഴിലുടമ സംഘടനകളും ആഹ്വാനം ചെയ്ത മോട്ടോർ വാഹന പണിമുടക്ക് പൂർണം. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നുവെങ്കിലും തലശ്ശേരിയിൽ നിരത്തിലിറങ്ങിയ മിനി ലോറി സമരാനുകൂലികൾ ആക്രമിച്ചു. നിരത്തിലിറങ്ങിയ അന്യസംസ്ഥാന ലോറികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർ തടഞ്ഞിട്ടു.
ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയുള്ള പണിമുടക്കിൽ പൊതുഗതാഗത മേഖല പൂർണ്ണമായും സ്തംഭിച്ചു. കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് സർവ്വീസും പൂർണ്ണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ മുതൽ ഒരൊറ്റ സർവ്വീസ് പോലും ഓപ്പറേറ്റ് ചെയ്തിട്ടില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനുപുറമേ സ്വകാര്യ ബസ്, ലോറി, ഓട്ടോ ടാക്സി ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തിരുന്നു.

മോട്ടോർ തൊഴിലാളികൾക്ക് പുറമേ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉടമകളും തൊഴിലാളികളും പണിമുടക്കി.ബിഎംഎസ് മാത്രമാണ് പണിമുടക്കിൽ നിന്ന് വിട്ടുനിന്നത്. ബുധനാഴ്ചചയിലെ പണിമുടക്ക് കണക്കിലെടുത്ത് വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു. അതേസമയം പിഎസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായില്ല.












Click it and Unblock the Notifications