പേര് മാറ്റം രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ചരിത്രത്തെ മാറ്റി എഴുതാനും: വികെ സനോജ്
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ചരിത്രത്തെ മാറ്റി എഴുതാനുമുള്ള കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പദം നീക്കാനുള്ള ശ്രമം ചരിത്രത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയും നമ്മുടെ ഭരണഘടനയെ നിർമ്മിച്ച രാഷ്ട്ര നേതാക്കളോടുള്ള അവഹേളനവുമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറയുന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
രാജ്യത്തിന്റെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ തുടർച്ചയായാണ് സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) രൂപീകരിച്ച സോഷ്യൽ സയൻസസ് പാനൽ പുതിയ നിർദേശം മുന്നോട്ട് വെച്ചത്. നിർദ്ദേശം നടപ്പിലാക്കാനാണ് തീരുമാനിച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സി ഐ ഐസക് വ്യക്തമാക്കുകയും ചെയ്തു.

രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ചരിത്രത്തെ മാറ്റി എഴുതാനുമുള്ള കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ എന്ന പേര് മാറ്റാൻ നീക്കം നടത്തുന്നത്. നേരത്തെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും നാം കണ്ടതാണ്.
രാജ്യത്തിന്റെ നിയമ നിർമ്മാണ സഭയിൽ പണ്ഢിതരും പരിണിതപ്രജ്ഞരുമായ രാഷ്ട്ര നേതാക്കൾ മാസങ്ങളോളം ചർച്ച ചെയ്തു ചരിത്രപരമായ പരിശോധനകളും സംവാദങ്ങളും നടത്തി ജനാധിപത്യപരമായി തീരുമാനിച്ചിട്ടാണ് ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു എന്നും ഭരണഘടനയുടെ 'ആമുഖത്തിന്റെ ആരംഭത്തിൽ 'We, the people of India' എന്നും രേഖപ്പെടുത്തിയത്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കാൻ സങ്കുചിതമായ ചില താല്പര്യങ്ങൾ കേന്ദ്രം മുന്നോട്ട് വെക്കുന്നുണ്ട്.
പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പദം നീക്കാനുള്ള ശ്രമം ചരിത്രത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയും നമ്മുടെ ഭരണഘടനയെ നിർമ്മിച്ച രാഷ്ട്ര നേതാക്കളോടുള്ള അവഹേളനവുമാണ്. സ്കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന "ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന ദേശസ്നേഹത്തിന്റെയും മാനവികതയുടെയും പ്രതിജ്‌ഞയെ പോലും ഇല്ലാതാക്കി ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടെ സങ്കുചിത പ്രത്യയശാസ്ത്രത്തിനനുസൃതമായ ചരിത്ര നിർമ്മാണവും രാഷ്ട്ര നിർമ്മിതിയും ലക്ഷ്യം വെക്കുന്ന നീക്കത്തെ ജനാധിപത്യ ഇന്ത്യ ചെറുത്തു തോൽപ്പിക്കും. പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് വെട്ടിമാറ്റാനുള്ള എൻസിഇ ആർ ടി നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.












Click it and Unblock the Notifications