എംഎസ്എഫില്‍ പ്രായം ഉയര്‍ത്തല്‍ മോഹം; മുഖം കൊടുക്കാതെ മുസ്ലിം ലീഗ്... വളഞ്ഞ വഴിക്കെതിരെ അമര്‍ഷം
കോഴിക്കോട്: മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫില്‍ പ്രായ പരിധി ഉയര്‍ത്താനുള്ള ആവശ്യത്തോട് മുഖം തിരിച്ച് മുസ്ലിം ലീഗ് നേതൃത്വം. 30ല്‍ നിന്ന് 32 ആക്കി ഉയര്‍ത്തണമെന്നാണ് സംസ്ഥാന ഭാരവാഹികളില്‍ ചിലരുടെ ആവശ്യം. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. എന്നാല്‍ മുസ്ലിം ലീഗ് നേതൃത്വം അനുഭാവപൂര്‍വം ഇതു പരിഗണിക്കില്ല എന്നാണ് വിവരം.
നിലവിലെ 30 പ്രായ പരിധി 28 ആക്കി കുറയ്ക്കണമെന്ന ആവശ്യമാണ് എംഎസ്എഫിലെ ഒരു വിഭാഗത്തിനുള്ളത്. ഈ വേളയിലാണ് മറിച്ചുള്ള ആവശ്യം ചര്‍ച്ചയാക്കിയിരിക്കുന്നതും പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നതും. ഹരിത വിവാദം കെട്ടടങ്ങിയിരിക്കെയാണ് സംഘടനയില്‍ പുതിയ നീക്കം നടക്കുന്നതും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതും. അറിയാം കൂടുതല്‍ വിവരങ്ങള്‍...

എംഎസ്എഫില്‍ അഞ്ച് വര്‍ഷത്തിലധികമായി ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഓരോ രണ്ട് വര്‍ഷത്തിലും മെംബര്‍ഷിപ്പ് പുതുക്കി പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കണമെന്നാണ് സംഘടനാ തത്വം. എന്നാല്‍ ഏറ്റവും ഒടുവില്‍ പുനസംഘാടനം നടന്നത് 2018ലാണ്. 2020ല്‍ മെംബര്‍ഷിപ്പ് വിതരണം നടക്കേണ്ടിയിരുന്നു എങ്കിലും അതുണ്ടായില്ല.
കൊറോണ വ്യാപനവും മറ്റും പറഞ്ഞ് നീട്ടി കൊണ്ടുപോയ മെംബര്‍ഷിപ്പ് വിതരണം എത്രയും വേഗം നടത്തണമെന്നാണ് എംഎസ്എഫിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇനിയും നീട്ടികൊണ്ടുപോകാന്‍ സാധിക്കില്ല എന്ന് സംസ്ഥാന ഭാരവാഹികള്‍ക്കും ബോധ്യമായിട്ടുണ്ട്. വരുന്ന സെപ്തംബറില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചേക്കും. താഴേതലം മുതല്‍ സംസ്ഥാനതലം വരെ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാസങ്ങളെടുത്തേക്കും.
മെംബര്‍ഷിപ്പ് വിതരണവും പുനസ്സംഘാടനവും നടന്നാല്‍ നിലവിലെ ഭാരവാഹികളില്‍ ചിലര്‍ പുറത്താകും. സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ് യൂത്ത് ലീഗിന്റെ ഭാഗമായി മാറും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ടിക്കറ്റ് കിട്ടാനുള്ള സാധ്യതയും തള്ളാനാകില്ല. നവാസ് മാറുമ്പോള്‍ പദവി ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന ചിലരാണ് പ്രായപരിധി ഉയര്‍ത്തണമെന്ന് നിലപാട് എടുക്കുന്നതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട് നടന്ന സംസ്ഥാന കൗണ്‍സിലില്‍ പ്രായപരിധി കൂട്ടുന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും ഇതിനെ എതിര്‍ത്തതോടെ തീരുമാനമാകാതെ പിരിഞ്ഞു. പ്രായപരിധി കുറയ്ക്കുകയാണ് വേണ്ടതെന്ന് ചിലര്‍ വാദിച്ചു. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പഠന രംഗത്തില്ലെന്നും മറ്റു പല മേഖലകളിലും പ്രവര്‍ത്തിക്കുന്നവരാണെന്നും ആക്ഷേപമുണ്ട്.
അംഗത്വ പ്രായപരിധി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യണമെങ്കില്‍ എംഎസ്എഫിന്റെ ഭരണഘടനയില്‍ മാറ്റം വരുത്തണം. സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തുകയാണ് ഇതിനുള്ള വഴി. പക്ഷേ, തങ്ങള്‍ പദ്ധതിയിട്ട പോലെ നടക്കില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണ് സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കത്തു നല്‍കിയിരിക്കുന്നതത്രെ.
പ്രായപരിധി ഉയര്‍ത്തുന്നതിനോട് മുസ്ലിം ലീഗ് നേതൃത്വത്തിനും താല്‍പ്പര്യമില്ല എന്ന് സംഘടനാ നേതാവ് വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. എംഎസ്എഫിലെ മിക്ക ജില്ലാ നേതാക്കളും ഇതിന് എതിരാണ്. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ മെംബര്‍ഷിപ്പ് വിതരണവും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications