എംഎസ്എഫില്‍ വിഭാഗീയത പുകയുന്നു; നിസഹകരണം പ്രഖ്യാപിച്ച് മണ്ഡലം കമ്മിറ്റി
കോഴിക്കോട്: എം എസ് എഫില്‍ നേതൃത്വത്തിനെതിരായ അതൃപ്തി രൂക്ഷമാകുന്നു. എം എസ് എഫ് ഉന്നത നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്കും വ്യാപിക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. കീഴ്ഘടകങ്ങളോട് ആലോചിക്കാതെ സംസ്ഥാന പ്രസിഡന്റ് അംഗങ്ങളെ സംസ്ഥാന കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപിന് മുന്നോടിയായാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അംഗങ്ങളെ നോമിനേറ്റ് ചെയ്തത്.
ഹരിത വിവാദത്തില്‍ പ്രതിക്കൂട്ടിലായ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്വാധീനം വര്‍ധിപ്പിക്കാനായാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് എന്നാണ് വിമര്‍ശനം. നവാസിനെതിരെ സംഘടനക്കകത്ത് ഏറെ എതിര്‍പ്പുകളും വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരെയും ഏറ്റവും സീനിയറായ അംഗങ്ങളെയുമാണ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായി തെരെഞ്ഞെടുക്കാറുള്ളത്.

എന്നാല്‍ ഗ്രൂപ്പ് താല്‍പ്പര്യം മാത്രം മാനദണ്ഡമാക്കി സ്വന്തം മണ്ഡലം പ്രസിഡന്റുള്‍പ്പെടെ പഞ്ചായത്ത് - മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തത് എന്നാണ് ആക്ഷേപം. മുതിര്‍ന്ന ജില്ലാ ഭാരവാഹികളെയടക്കം മാറ്റിനിര്‍ത്തിയാണ് ഈ നടപടി. മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചയാളെ കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെതിരെ പരസ്യമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇത് സംബന്ധിച്ച സര്‍ക്കുലറും മങ്കട മണ്ഡലം കമ്മിറ്റി ഇറക്കിയിട്ടുണ്ട്.
മങ്കട മണ്ഡലം എം എസ് എഫ് കമ്മിറ്റി ഐക്യകണ്‌ഠേന സംസ്ഥാന വിംഗ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം എസ് എഫ് മണ്ഡലം പ്രസിഡന്റിനെ നിര്‍ദേശിക്കുകയും എന്നാല്‍ എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലാ, സംസ്ഥാന കമ്മിറ്റികളുമായി സഹകരിക്കേണ്ടതില്ല എന്ന് അറിയിക്കുന്നു എന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം സമാപിച്ച പാണക്കാട് നടന്ന ക്യാംപില്‍ വിവാദ ചര്‍ച്ചകള്‍ക്കൊന്നും അവസരം കൊടുക്കാതെ സംഘടനക്കകത്തെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു എന്ന പ്രഖ്യാപനം നടത്തി പിരിയുകയായിരുന്നു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത പ്രവര്‍ത്തകരോട് അശ്ളീല ഭാഷയില്‍ സംസാരിച്ചെന്ന കേസില്‍ പ്രതിയാണ്. വിഷയത്തില്‍ ഹരിതയെ പിന്തുണച്ചവരെ പുറത്താക്കുന്ന നടപടിയായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.












Click it and Unblock the Notifications