കയ്യാമം വെച്ച സംഭവം; പോലീസുകാരെ കയറൂരി വിട്ടിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി, 'നിയമപരമായി നേരിടും'
കൊച്ചി: എംഎസ്എഫ് നേതാക്കളെ കയ്യാമം വെച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി . കൊച്ചിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാർത്ഥികളെയാണ് കയ്യാമം വെച്ച് കൊണ്ടുപോയത്. മാർക്ക് തട്ടിപ്പ് നടത്തിയവരെ വിഐപികളെ പോലെ കൊണ്ടുപോകുന്നു. ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും, അദ്ദേഹം പറഞ്ഞു.
'പ്ലസ് വണ്ണിന് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട എം എസ് എഫ് നേതാക്കളെയാണ് കയ്യാമം വെച്ചത്. ന്യായമായ ആവശ്യമാണിതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ അറിയാം. ഇതെവിടുത്തെ മര്യാദയാണ്? എന്ത് ന്യായമാണ് പറയാനുള്ളത്? ക്രിമിനൽ കേസിൽ പ്രതികളായ എസ് എഫ് ഐ നേതാക്കളെ വിഐപികളെ കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോകുന്നത്. സുപ്രിംകോടതി വിധിക്കെതിരെയാണ് പോലീസ് പ്രവർത്തിച്ചത്.

കയ്യാമം വെക്കാൻ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വേണം. സ്റ്റേഷൻ ജാമ്യം കൊടുക്കേണ്ട കേസിനാണ് ഇത് ചെയ്തത്. കരിങ്കൊടി കാണിച്ചു എന്നല്ലാതെ ഒരക്രമവും അവർ കാണിച്ചിട്ടില്ല. പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരി വിട്ടിരിക്കുകയാണ്. എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും ഈ സർക്കാർ പഠിക്കാൻ അവസരം നൽകുന്നില്ല. മെറിറ്റ് കഴിഞ്ഞിട്ടാണ് കമ്യൂണിറ്റി ക്വാട്ട. എന്നാൽ അത് അട്ടിമറിച്ച് മെറിറ്റിൽ സാധ്യതയുള്ളവരെയും കമ്യൂണിറ്റി ക്വാട്ടയിലേക്ക് മാറ്റുകയാണ്. ഉദ്യോഗസ്ഥർ തോന്നിയ പോലെയാണ് നീങ്ങുന്നത്. വളരെ ഗൗരവമുള്ള സ്ഥിതിവിശേഷമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരിക തന്നെ ചെയ്യും',- പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നടക്കുന്നത് സംവരണ അട്ടിമറി-പിഎംഎ സലാം
പ്ലസ് വൺ പ്രവേശനത്തിൽ മെറിറ്റിൽ അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ കൊടുക്കുന്നത് സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ് ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല മാർക്ക് കിട്ടിയ മെറിറ്റിൽ വരേണ്ട കുട്ടികളെയാണ് കമ്യൂണിറ്റി ക്വാട്ടയിലേക്ക് മാറ്റുന്നത്. സംവരണ അട്ടിമറിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെറിറ്റിൽ സാധ്യതയുള്ള കുട്ടികൾക്ക് അതിനുള്ള അവസരം പൂർണമായി നൽകിയ ശേഷം മാത്രമാണ് കമ്യൂണിറ്റി ക്വാട്ട കൊടുക്കേണ്ടത്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. - അദ്ദേഹം പറഞ്ഞു. പ്ലസ് വൺ രണ്ടാമത്തെ അലോട്ട്മെന്റ് കഴിഞ്ഞിട്ടും അര ലക്ഷത്തോളം പേർക്ക് സീറ്റ് കിട്ടിയിട്ടില്ല. ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും സീറ്റില്ല. പ്രതിഷേധത്തിന്റെ ഭാഗമായി പ്രശ്നം പരിഹരിക്കുമെന്ന് വാക്കാൽ പറയുകയല്ലാതെ സർക്കാർ ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. അവസാന അലോട്ട്മെന്റ് വന്നിട്ടും കുട്ടികൾക്ക് അഡ്മിഷൻ കിട്ടാത്ത സാഹചര്യമുണ്ടായാൽ മുസ്ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ വിലങ്ങണിയിച്ചു തെരുവിൽ നടത്തിച്ചതിന് ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ ഉത്തരവാദപ്പെട്ടവരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേം പറഞ്ഞു. വ്യക്തമായ തെളിവുകളോടെയാണ് സർക്കാറിനെതിരെ പ്രതിപക്ഷ നേതാക്കൾ അഴിമതി ആരോപണം നടത്തുന്നത്. ആരോപണങ്ങൾ അന്വേഷിക്കുന്നതിന് പകരം ആരോപണം ഉന്നയിച്ചവർക്കെതിരെ കേസെടുക്കുകയാണ്.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ കള്ളക്കേസെടുത്തത് സർക്കാറിനെ വിമർശിച്ചത് കൊണ്ടാണ്. ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുകയാണ് സർക്കാർ. ബാലിശമായ വകുപ്പുകളുമായാണ് കെ. സുധാകരനെയും സർക്കാർ നേരിടുന്നത്. രാഷ്ട്രീയമായി നേരിടാൻ കരുത്തില്ലാത്തത് കൊണ്ടാണ് സർക്കാർ ഇത്തരം തെറ്റായ വഴികൾ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications