'അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോലും രക്ഷയില്ലാത്ത പിണറായി നാട്'; രൂക്ഷവിമർശനവുമായി എംടി രമേശ്
തിരുവനന്തപുരം; പേരൂര്‍ക്കടയില്‍ യുവതിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സി പി എമ്മിനേയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാവ് എം ടി രമേശ്. ബാലപീഢനം മുതൽ കുഞ്ഞുങ്ങളെ കടത്തുന്നതുൾപ്പെടെ എന്ത് തെമ്മാടിത്തരവും ചെങ്കൊടിത്തണലിൽ ചെയ്തു കൊടുക്കുകയാണെന്നും അതിന് സർക്കാർ കുടപിടിക്കുകയാണെന്നും രമേശ് വിമർശിച്ചു.സഖാവ് പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ ബാലസംഘത്തിൽ പോകുന്ന പെൺകുട്ടികൾക്കും എസ് എഫ് ഐക്കാരായ പെൺകുട്ടികൾക്കും പോലെ രക്ഷയില്ല. ഇവിടെ ഒരു വനിതാ കമ്മീഷനും ഒരു വനിതാ ശിശുവികസന വകുപ്പും അതിൻ്റെ തലപ്പത്ത് ഒരു ഉത്തരവാദിത്വവുമില്ലാത്ത ഒരു മന്ത്രിയും എന്തിനാണെന്ന് ജനം ചിന്തിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെ്ച കുറിപ്പിൽ രമേശ് പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോലും രക്ഷയില്ലാത്ത പിണറായി നാട്
കേരളത്തിൽ നടക്കുന്ന ഏത് കൊള്ളരുതായ്മയുടെയും ഒരറ്റത്ത് സി.പി.എമ്മും സംസ്ഥാന സർക്കാരും പ്രതിസ്ഥാനത്തുണ്ടാകും.ബാലപീഢനം മുതൽ കുഞ്ഞുങ്ങളെ കടത്തുന്നതുൾപ്പെടെ എന്ത് തെമ്മാടിത്തരവും ചെങ്കൊടിത്തണലിൽ ചെയ്തു കൊടുക്കുന്നു. അതിന് കുടപിടിക്കാൻ ഒരു സർക്കാരും അതിൻ്റെ സർവ്വ സന്നാഹങ്ങളും.പേരൂര്‍ക്കടയില്‍ പെറ്റമ്മയില്‍ നിന്നു നവജാതശിശുവിനെ വേര്‍പെടുത്തി കടത്തിയ സംഭവം സിപിഎം നേതൃത്വത്തിൻ്റെ അറിവോടെയും സമ്മതത്തോടെയും ആണെന്ന വസ്തുത സാക്ഷര കേരളം ഞെട്ടലോടെയാണ് കേട്ടത്.
എസ്എഫ്ഐ മുൻ നേതാവും പരാതിക്കാരിയുമായ അനുപമ എസ്. ചന്ദ്രന്റെ പിതാവും പാർട്ടി ലോക്കല്‍ കമ്മറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഒരു ഉളുപ്പില്ലാതെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയുന്നത്.മകളുടെ ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തിയെന്ന കേസില്‍ ആദ്യം പാർട്ടിയെ സമീപിച്ചത് അനുപമയുടെ അച്ഛനാണെന്നും പാര്‍ട്ടി കുടുംബമായതിനാല്‍ അന്നു തന്നെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നെന്നും ജില്ലാ സെക്രട്ടറി പറയുന്നു. പിന്നീട് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നു കത്തു മുഖേന ജില്ലാ കമ്മിറ്റിയെ അറിയിച്ചപ്പോഴും സമാനമായിരുന്നു പാർട്ടി നിലപാടെന്നായിരുന്നു ആനാവൂർ നാഗപ്പന്റെ പ്രതികരണം.
പിന്നീട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയോടും ഇക്കാര്യം സംസാരിച്ചെന്നും ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അതായത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ഹീനകൃത്യം പാർട്ടി നേതൃത്വത്തിൻ്റെയും ശിശുക്ഷേമ സമിതിയുടെയും സമ്മതത്തോടെയായിരുന്നു.
സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള കുഞ്ഞിൻ്റെ പിതാവിനെ ലോക്കല്‍ കമ്മിറ്റിയംഗമായും സിഐടിയു സംസ്ഥാന ട്രഷററായും ഉയര്‍ത്തി.അതായത് പ്രതിക്ക് പ്രമോഷൻ നൽകി ചേർത്തുനിർത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് അനുപമ പരാതി നൽകി 6 മാസത്തിനു ശേഷമാണ് മാതാപിതാക്കൾ ഉൾപ്പെടെ 6 പേർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത്. അനുപമയുടെ പരാതിയും കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്നുള്ള പൊലീസ് വീഴ്ചയും ഗുരുതരമായ കുറ്റമാണ്.
അനുപമയ്ക്കും ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് ആൺകുഞ്ഞ് ജനിച്ചത്. അജിത് വേറെ വിവാഹിതനായിരുന്നതിനാൽ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എതിർത്തിരുന്നു. ഗർഭഛിദ്രത്തിനു നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അനുപമ വഴങ്ങിയില്ല. പ്രസവശേഷം 2020 ഒക്ടോബർ 22 ന് വീട്ടിലേക്കു മടങ്ങുമ്പോൾ വഴിയിൽ വച്ചു കുഞ്ഞിനെ തട്ടിയെടുക്കുകയും തന്നെ മറ്റൊരിടത്തു വീട്ടുതടങ്കലിലാക്കുകയും ചെയ്തെന്നാണ് അനുപമയുടെ പരാതി. ഏതായാലും സഖാവ് പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ.ബാലസംഘത്തിൽ പോകുന്ന പെൺകുട്ടികൾക്കും എസ്.എഫ്.ഐക്കാരായ പെൺകുട്ടികൾക്കും പോലെ രക്ഷയില്ല. ഇവിടെ ഒരു വനിതാ കമ്മീഷനും ഒരു വനിതാ ശിശുവികസന വകുപ്പും അതിൻ്റെ തലപ്പത്ത് ഒരു ഉത്തരവാദിത്വവുമില്ലാത്ത ഒരു മന്ത്രിയും എന്തിനാണെന്ന് ജനം ചിന്തിക്കണം












Click it and Unblock the Notifications