'മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച പ്രതിഭ'; എംടിയെ അവസാനമായി കാണാന്‍ നേരിട്ടെത്തി മോഹന്‍ലാല്‍
കോഴിക്കോട്: വിഖ്യാത സാഹിത്യകാരനും ചലച്ചിത്രകാരനുമായ എംടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. ഒരുപാട് നല്ല കഥാപാത്രങ്ങളെ തനിക്ക് സമ്മാനിച്ചയാളാണ് എംടിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കോഴിക്കോട്ടെ എംടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ അവസാനമായി കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മോഹന്‍ലാല്‍ എംടിയുടെ വീട്ടിലേക്ക് എത്തിയത്.
സംവിധായകന്‍ ടി കെ രാജീവ് കുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എന്നും പരസ്പരം വലിയ വ്യക്തിബന്ധമുള്ളവരായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ' ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ട്. നല്ല സ്‌നേഹമായിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ്,' മോഹന്‍ലാല്‍ പറഞ്ഞു.

കോഴിക്കോട് വരുമ്പോഴെല്ലാം അദ്ദേഹത്തെ എംടിയെ കാണാന്‍ ശ്രമിക്കാറുണ്ട് എന്നും തന്റെ സംസ്‌കൃത നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. വൈകാരികമായ അടുപ്പം എംടിയുമായി ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ സാധിച്ച ഒരാളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഓളവും തീരവുമാണ് അവസാന ചിത്രം. അതിന്റെ ലൊക്കേഷനില്‍ അദ്ദേഹം എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയും ചലച്ചിത്രകാരനേയുമാണ് നഷ്ടമായത് എന്നും ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാള സാഹിത്യത്തെ കൈപിടിച്ചുയര്‍ത്തിനൊപ്പം സിനിമയിലും അതുല്യമായ സംഭാവന നല്‍കിയ ഇതിഹാസമാണ് എംടി.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളില്‍ പലതിന്റേയും പിന്നില്‍ എംടിയുണ്ടായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. എംടിയുടെ ഭൗതികദേഹം ഇന്ന് അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. ജ്ഞാനപീഠ പുരസ്‌കാര ജേതാവായ എംടി കാലങ്ങളെ അതിജീവിക്കുന്ന സാഹിത്യസൃഷ്ടികളാണ് മലയാളിക്ക് സമ്മാനിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ചാണ് എംടി വിടവാങ്ങുന്നത്.
60 ഓളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ എംടിക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നാല് തവണ ലഭിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യം 1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി.












Click it and Unblock the Notifications