എംടിയുടെ വിയോഗം; രണ്ട് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം: സംസ്കാരം നാളെ വൈകീട്ട്
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനം രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തും. 'മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.' മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം,അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം നാളെ വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വീട്ടില്‍ മാത്രമായിരിക്കും പൊതുദർശനം. ശേഷം വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. തൻ്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നും എംടി നേരത്തെ തന്നെ മക്കളോട് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് പൊതുദർശനം വീട്ടില്‍ മാത്രമായി ചുരുക്കിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെയാണ് മലായളത്തിന്റെ മഹാസാഹിത്യകാരന്‍ വിടവാങ്ങിയത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 15 നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതാണ് എംടിയുടെ വിയോഗത്തിലേക്ക് നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി സജി ചെറിയാന്‍ തുടങ്ങിയ അനേകായിരങ്ങള്‍ എംടിയെ അനുസ്മരിച്ചു. 'മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ സർഗ്ഗസമ്പന്നവും അനശ്വരവുമായ അദ്ദേഹത്തിന്റെ സാഹിത്യലോകം നമുക്ക് കൈമാറിക്കൊണ്ട് വിടവാങ്ങിയിരിക്കുകയാണ്. മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞത്. ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്.' മന്ത്രി സജി ചെറിയാന്‍ അനുസ്മരിച്ചു.
എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമേഖലയുടെയാകെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹം. എം.ടി നമ്മെ വിട്ടുപിരിയുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾക്കും സൃഷ്‌ടിച്ച ഭാവലോകത്തിനും മരണമില്ല. അങ്ങേയറ്റം വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications