'ഇതൊരു തരം പീഡനമാണ്'; പുസ്തകത്തിന്റെ പേര് മുതല്‍ അച്ഛനിട്ടുള്ള കുത്തുണ്ട്; മറുപടിയുമായി അശ്വതി
സാഹിത്യകാരനായ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യയും എഴുത്തുകാരിയുമായ പ്രമീള നായരെ കുറിച്ചുള്ള പുസ്തകത്തിന്റെ പേരില്‍ രചയിതാക്കളും എംടിയുടെ മക്കളും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്ന് എഴുതിയ എംറ്റി സ്‌പേസ്; ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകമാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. എംടിയുടെ ആദ്യകാല സ്വകാര്യ ജീവിതം പ്രമേയമാക്കുന്ന പുസ്തകത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് എംടിയുടെ മക്കള്‍ രംഗത്തുവന്നത്.
എംടി എന്ന സാഹിത്യകാരനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്നും പിതാവിനെ കുറിച്ച് എഴുതിയിരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നും മക്കളായ സിത്താരയും അശ്വതിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പുസ്തകം പിന്‍വലിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജോവധം ചെയ്യുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് മക്കള്‍ വ്യക്തമാക്കുന്നു.

മക്കളുടെ വാദത്തിന് മറുപടിയുമായി രചയിതാക്കളില്‍ ഒരാളായ ദീദി ദാമോദരന്‍ രംഗത്ത് വന്നിരുന്നു. പുസ്തകം എഴുതുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും ഒരു എഴുത്തുകാരിയെകുറിച്ചുള്ള പുസ്തകമാണ് എഴുതിയതെന്നും ഇവരുടെ ആരുടെയും കുടുംബക്കാരെ കുറിച്ചുള്ളതല്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു. പുസ്തകം എഴുതുന്നത് സംബന്ധിച്ച് മൂത്തമകള്‍ സിതാരയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പുസ്തകം വായിക്കാതെയാണ് വിമര്‍ശനം ഉന്നയിച്ചതെന്ന ദീദി ദാമോദരന്റെ വാദം എംടിയുടെ മകള്‍ അശ്വതി തള്ളിക്കളഞ്ഞു. അശ്വതിയുടെ വാക്കുകള്‍: ഒരു പുസ്തകത്തെക്കുറിച്ച് ഒരു കാര്യം പറയുമ്പോള്‍ അത് വായിക്കാതെ അഭിപ്രായം പറയുന്ന വിവരക്കേട് ഞങ്ങള്‍ക്കില്ല. പുസ്തകം കൃത്യമായി വായിച്ചതിനു ശേഷമാണ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടത്. പുസ്തകം വായിക്കാന്‍ വേണ്ടിയാണ് ഇത്രയും ദിവസം എടുത്തത്. ആ പുസ്തകം പ്രമീള നായരെ കുറിച്ചുള്ള പുസ്തകമാണ്. അവരെക്കുറിച്ച് എഴുതുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ അവര്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്, പ്രമീള നായരുടെ മകള്‍ സിത്താരയുമായി സംസാരിക്കാന്‍.
സിത്താരയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല എന്നാണ് അവര്‍ പറയുന്നത്. പുസ്തകം എഴുതാന്‍ യാതൊരു പെര്‍മിഷനും രചയിതാക്കള്‍ വാങ്ങിച്ചിട്ടില്ല. മരിച്ചു പോയ സ്ത്രീയെക്കുറിച്ച് എഴുതുമ്പോള്‍ അവരുടെ ജീവിച്ചിരിക്കുന്ന മകളുമായി തീര്‍ച്ചയായും അനുമതി തേടേണ്ടതുണ്ട്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പേര് മുതല്‍ തുടങ്ങുകയാണ് അച്ഛനിട്ടുള്ള കുത്ത്. ആ ഡിസൈന്‍ കണ്ടാല്‍ തന്നെ ഇതിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമാകും.
പ്രമീള നായരുടെ മൂത്ത മകള്‍ സിത്താര നിഷേധിച്ച പല കാര്യങ്ങളും മുഖവിലയ്ക്കുപോലും എടുക്കാതെ പുസ്തകത്തില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. ഞങ്ങളുടെ രണ്ടു കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കുന്ന പല പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്. ഒരു ഫെമിനിസ്റ്റ് സമീപനത്തോടെ എഴുതിയ പുസ്തകം ആയിട്ടല്ല ഈ പുസ്തകം വായിച്ചാല്‍ മനസിലാക്കാന്‍ സാധിക്കുക. അതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യാതിരിക്കാന്‍ കഴിയില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. അവരുടെ ഭാവനയാണ്. ഇതൊരു തരം പീഡനമാണെന്നും അശ്വതി പറഞ്ഞു.












Click it and Unblock the Notifications