ഒരു കാലം മാഞ്ഞു.. സിതാരയിലേക്ക് ഒഴുകി സാംസ്‌കാരിക കേരളം; ഗതാഗത നിയന്ത്രണം, കൊട്ടാരം റോഡ് അടച്ചു
കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി സാംസ്‌കാരിക കേരളം. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഇന്നലെ രാത്രി മുതല്‍ കൊട്ടാരം റോഡിലെ എംടിയുടെ വീടായ സിതാരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എംടിയുടെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നില്ല.
എന്നാല്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ എംടിയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് കണക്കിലെടുത്ത് എംടിയുടെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് വരെ ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ വാഹനം മറ്റിടങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം എത്തണം എന്ന് അധികൃതര്‍ അറിയിച്ചു.

എംടിയെ ഒരു നോക്ക് കാണാന്‍ ഇന്നലെ രാത്രി മുതല്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ ഹരിഹരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത, എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി, മന്ത്രി എകെ ശശീന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിപി ജോണ്‍, ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള എന്നിവര്‍ എംടിയുടെ വീട്ടിലെത്തി.
ഇന്ന് വൈകീട്ട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ ആണ് എംടിയുടെ സംസ്‌കാരം നടക്കുക. ഇന്നലെ രാത്രിയോടെയാണ് എംടിയുടെ ഭൗതിക ശരീരം സിതാരയിലെത്തിച്ചത്. എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് ആദര സൂചകമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.
രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ നിശ്ചയിച്ച പല പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. എംഎന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം സിപിഐ നാളേക്ക് മാറ്റി. മഹാത്മ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന സമ്മേളനങ്ങള്‍ ഡിസംബര്‍ 28 ലേക്ക് മാറ്റിയതായി കെപിസിസിയും അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് എംടിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇടയ്ക്ക് മരുന്നുകളോട് പ്രതികരിച്ചെങ്കിലും ബുധനാഴ്ച നില കൂടുതല്‍ വഷളായി. രാത്രി ഒമ്പതോടെ വൃക്കകളുടെയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം മന്ദഗതിയിലാകുകയും വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.












Click it and Unblock the Notifications