'നമ്മൾ നൂറ്റാണ്ടുകൾ പിറകിലേക്ക്', ക്ഷേത്രപരിപാടിയിൽ മൻസിയയെ വിലക്കിയതിനെതിരെ പ്രതിഷേധം
കോഴിക്കോട്: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുളള നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകി മന്‍സിയ വിപിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഏപ്രില്‍ 21ന് നടക്കേണ്ട പരിപാടിയില്‍ നിന്നാണ് അഹിന്ദു എന്ന കാരണം ചൂണ്ടിക്കാട്ടി മന്‍സിയയെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. മന്‍സിയ തന്നെയാണ് ഇക്കാര്യം തന്നെ ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതായി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പിന്നാലെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ അടക്കമുളളവർ മൻസിയ വിപിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആധുനിക കേരളത്തിന് അപമാനകരമാണ് എന്ന് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ കുറിപ്പ്: '' മതവും ജാതിയും നമ്മുടെ നാട്ടിൽ കലയെക്കാൾ മുകളിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് മൻസിയുടെ പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. തുടക്കം മുതൽ ഇതിനേക്കാൾ വിലക്കുകളും മാറ്റിനിർത്തലുകളും വെല്ലുവിളികളും അതിജീവിച്ചാണ് മൻസിയ എന്ന നർത്തകി ഉദയം ചെയ്തത്. അതിനാൽ മൻസിക്ക് ഇതൊന്നുമാകില്ല എന്നറിയാം. പക്ഷെ, ഇങ്ങനെ ഒരു മികച്ച കലാകാരിയെ മാറ്റി നിർത്തുന്നതിലൂടെ നമ്മൾ നൂറ്റാണ്ടുകൾ പിറകിലേക്കാണ് നടക്കുന്നത് എന്ന് ചരിത്രം അടയാളപ്പെടുത്തും.
ഇത്തരം സംഭവങ്ങൾ ആധുനിക കേരളത്തിന് അപമാനകരമാണ്. എത്ര വിലക്കുകൾ കൊണ്ട് മറക്കാൻ ശ്രമിച്ചാലും അതിനെയെല്ലാം നിഷ്പ്രഭമാക്കി സമയമാകുമ്പോൾ യഥാർത്ഥ സൂര്യൻ ഉദിച്ചുയരുകതന്നെ ചെയ്യും. കലാപ്രതിഭകളെ ജാതിമതത്തിനതീതമായി ആദരിക്കുന്ന കാലം വരും. പ്രതിബന്ധങ്ങളെ അതിജീവിച്ചു സധൈര്യം മുന്നോട്ടു നീങ്ങുന്ന നർത്തകിയും പ്രിയസുഹൃത്തുമായ മൻസിയക്ക് അഭിവാദ്യങ്ങൾ....''
Recommended Video
ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും മൻസിയയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നു. കുറിപ്പ് വായിക്കാം: 'സർവ കലകളും മനുഷ്യ രാശിയുടെ മുന്നോട്ടേക്കുള്ള പ്രയാണത്തിനുള്ള മാർഗങ്ങളാണ്. മതം , ജാതി , വർഗം എന്തിനു രാഷ്ട്രീയത്തിന് പോലും കലയെ appropriate ചെയ്യാൻ ഉള്ള ശക്തി ഇല്ല. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പിന്തുണ കലയ്‌ക്കോ കലാകാരനോ ആവശ്യമില്ല - മനുഷ്യത്വം സഹൃദയത്വം , വിശാല മനസ്കത എന്നിവ ആണ് കലാകാരന് വേണ്ടത്. ഒരു കലാകാരിക്ക് ഒരു വേദി നിഷേധിച്ചു എന്നത് കൊണ്ട് കലയെയോ ആ കലാകാരിയെയോ അവരുടെ പ്രയാണത്തെയോ തടയാം എന്ന് ആരും കരുതേണ്ട. കലയെ നാല് മതിലിൽ ഒതുക്കാൻ ആവും എന്നത് വൃഥാ ധാരണ മാത്രം ആണ്.
ജാതി മത ഭേദമെന്യേ കലയ്ക്കും കലാകാരനും വേണ്ടി നില കൊണ്ട മഹാരഥന്മാരുടെ നാടാണ് കേരളം. അവർ കൊണ്ടുവന്ന പുരോഗമന ആശയങ്ങൾ നെഞ്ചോടു ചേരിക്കുന്ന ഒരു ജനത ആണ് കേരളത്തിൽ ഉള്ളത് . ആ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ജനതയ്ക്ക് മുന്നിൽ - വിശ്വാസം എന്നത്തിന്റെ മറവിൽ പണിയുന്ന മതിലുകളാൽ നിങ്ങൾ നിഷേധിക്കുന്ന ഓരോ വേദികൾക്കും പകരം ആയിരം വേദികൾ ഉയരും. കല വിജയിക്കും എക്കാലവും - വിദ്വേഷം പരാജയപ്പെടും. മനുഷ്യനെ ഒരുമിപ്പിക്കേണ്ട ഒന്നായ വിശ്വാസം എന്നതിനെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്ന ഓരോ അവസരത്തിലും , കലയും കലാകാരനും വീണ്ടും വീണ്ടും മണ്ണിലേക്കിറങ്ങും മനുഷ്യരെ ഒന്നിപ്പിക്കാൻ. അത് ഒരു സമരമാണ് . കലയുടെ അതിരില്ലാത്ത ഈ പ്രയാണത്തെ തടയാൻ മനുഷ്യന്റെ കാലുഷ്യത്തിനു സാധിക്കില്ല. വേദി നിഷേധിക്കപ്പെട്ട കലാകാരിയോട് ഐക്യദാർഢ്യം' .












Click it and Unblock the Notifications