മരുമകന്‍ എന്ന് വിളിക്കുമ്പോള്‍ എന്ത് തോന്നും..? റിയാസിന്റെ പ്രതികരണം ഇങ്ങനെ
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന് വിൡച്ച് കൊണ്ടുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മരുമകന്‍ എന്ന വിളി തന്നെ ഭയപ്പെടുത്താനുള്ള ശ്രമമാണ് എന്നും അത് വിലപ്പോകില്ല എന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'മരുമകന്‍ എന്ന വിളി ഭയപ്പെടുത്താനുള്ള നീക്കമാണ്. മിണ്ടിയാല്‍ നിങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കും എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. അതൊരു തെറ്റ് അല്ലല്ലോ,' മുഹമ്മദ് റിയാസ് ചോദിച്ചു. ബാക്കി എന്തും പറഞ്ഞോട്ടെ എന്നും അത് ജനങ്ങള്‍ക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ എല്ലാം മനസിലാക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ മണ്ഡലമായ ബേപ്പൂരിലെ ഓരോ വീട്ടിലും കയറി ഇത് പറഞ്ഞതാണ് എന്നും എന്നാല്‍ ഭൂരിപക്ഷം ഇരട്ടിയായതേയുളളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമമെന്നും റിയാസ് പറഞ്ഞു. അതേസമയം മന്ത്രിമാരെ ഒന്നിച്ചുനിര്‍ത്തി ടൂറിസം വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത് ന്നെും മന്ത്രി വ്യക്തമാക്കി.
അതിനിടെ നവകേരള സദസിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരേയും അദ്ദേഹം രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അശ്ലീല നാടകമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാനാണ് സമരം സംഘടിപ്പിച്ചത് എന്നും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
'പ്രതിഷേധത്തില്‍ പങ്കെടുത്തവരല്ല. അവരെ ബോധപൂര്‍വ്വം ഇതിലേക്ക് തള്ളിവിട്ടവരാണ് യഥാര്‍ത്ഥ പ്രതികള്‍. പ്രത്യേക താല്‍പര്യമാണ് ഇതിന് പിന്നിലുള്ളത്. പാവപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരെ ചാവേറുകളാക്കി തള്ളിവിടുന്നു എന്നത് ഒന്നാമത്തെ അജണ്ട. നവകേരള സദസില്‍ പങ്കെടുക്കുന്ന സാധാരണ ജനങ്ങളില്‍ ഭയമുണ്ടാക്കുക എന്നത് രണ്ടാമത്തെ അജണ്ട,' റിയാസ് ചൂണ്ടിക്കാട്ടി.
2020 ജൂണ്‍ 15 നായിരുന്നു മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായുള്ള വിവാഹം. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായിരുന്ന വിവാഹ സമയത്ത് മുഹമ്മദ് റിയാസ്. 2021 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മരുമകനായതിനാലാണ് റിയാസിന് മന്ത്രിസ്ഥാനം ലഭിച്ചത് എന്ന് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു.












Click it and Unblock the Notifications