ബിജെപിക്ക് സീറ്റ് ദാനം ചെയ്തയാളുടെ ട്യൂഷൻ വേണ്ടെന്ന് റിയാസ്, കെസി മത്സരിച്ചത് ശോഭ ജയിക്കാതിരിക്കാനെന്ന് ബൽറാം
സിപിഎം ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ട് എന്നുളള പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയുടെ ചുവട് പിടിച്ച് കോൺഗ്രസ് -സിപിഎം നേതാക്കൾ തമ്മിലുളള വാക്പോരിന് ചൂട് പിടിക്കുന്നു. സിപിഎമ്മും ആർഎസ്എസും തമ്മിൽ സഹകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെ 1977ൽ പിണറായി കൂത്തുപറമ്പിൽ മത്സരിച്ചത് ജനതാപാർട്ടിയുടെ പിന്തുണയോടെയാണ് എന്ന് വ്യക്തമാക്കി കെസി വേണുഗോപാൽ രംഗത്ത് എത്തി.
തൊട്ട് പിന്നാലെ, സ്വന്തം സീറ്റ് ബിജെപിക്ക് ദാനം നൽകിയ കെസി വേണുഗോപാലിന്റെ ട്യൂഷൻ വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ടെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് കോൺഗ്രസ് മുൻ എംഎൽഎ വിടി ബൽറാം മന്ത്രി റിയാസിന് മറുപടിയുമായെത്തി.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' രാജസ്ഥാനിൽ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നൽകിയ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുടെ "ട്യൂഷൻ" മതനിരപേക്ഷ കേരളത്തിനാവശ്യമില്ല. ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ "കൈ" സഹായം നൽകിയവർ ബിജെപിയുടെ ഏജന്റ് പണിയാണു ചെയ്യുന്നതെന്ന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ പോലും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.
രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവിൽ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറിക്കായിരുന്നുവെന്ന് അവിടത്തെ കോൺഗ്രസ്സ് നേതാക്കൾ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ട്''.
പിഎ മുഹമ്മദ് റിയാസിനുളള വിടി ബൽറാമിന്റെ മറുപടി ഇങ്ങനെ: '' മന്ത്രി മുഹമ്മദ് റിയാസ് ആവർത്തിച്ച് പറയുന്ന ഈ അസംബന്ധം മറ്റ് പ്രധാന സിപിഎം നേതാക്കൾ പോലും അങ്ങനെ അധികം പറഞ്ഞ് കേട്ടിട്ടില്ല. അവർക്കൊക്കെ കുറച്ച് കൂടി കാര്യവിവരവും രാഷ്ട്രീയബോധവും ഉള്ളതിനാലാവണം. റിയാസിന് മനസ്സിലാക്കാൻ മൂന്ന് നാല് കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു:
രാജസ്ഥാനിൽ നിന്ന് കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോൾ അവിടത്തെ നിയമസഭയിലെ രണ്ട് സിപിഎം അംഗങ്ങളിൽ ഒരാളായ ബൽവാൻ പൂനിയ കെസിക്ക് വോട്ട് ചെയ്തിരുന്നു. ബിജെപിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്ന ഒറ്റക്കാരണത്താൽ ഈ ബൽവാൻ പൂനിയക്കെതിരെ അന്ന് അച്ചടക്ക നടപടിയെടുത്ത പാർട്ടിയാണ് സിപിഎം.
ഇതേ രാജസ്ഥാനിൽ സിപിഎമ്മിന് വെറും 30,000ത്തോളം വോട്ട് മാത്രമുള്ള സികാർ മണ്ഡലം കോൺഗ്രസ് വിട്ടുകൊടുത്തതിനാൽ ഇന്നവിടെ നിന്ന് സിപിഎമ്മിന് ഒരു എംപിയുണ്ട്, പേര് അംരാറാം. കോൺഗ്രസിന് ആ മണ്ഡലത്തിൽ തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ നാലേമുക്കാൽ ലക്ഷത്തോളം വോട്ടുണ്ടായിരുന്നു എന്നും ഓർക്കണം. അതായത് ഇന്ന് ലോക്സഭയിൽ ആകെയുള്ള നാല് സിപിഎം എംപിമാരിൽ ഒരാളെ നൽകിയത് രാജസ്ഥാനിലെ കോൺഗ്രസാണ്.
ആലപ്പുഴയിലെ കെ സി വേണഗോപാലിന്റെ ഇത്തവണത്തെ മത്സരം കോൺഗ്രസും യുഡിഎഫും ഒരുപാട് ആലോചിച്ച് എടുത്ത രാഷ്ട്രീയ തീരുമാനമാണ്. കാരണം കെസി മത്സരിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അവിടെ ബിജെപിയുടെ ശോഭാ സുരേന്ദ്രൻ ജയിച്ച് കേറാനുള്ള നല്ല സാധ്യത ആ ഘട്ടത്തിൽ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർത്ഥി ലോകസഭയിലേക്ക് വിജയിക്കാതിരിക്കാൻ ശക്തരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കുക എന്നത് എല്ലായിടത്തും കോൺഗ്രസ് ചെയ്തിട്ടുണ്ട്. അത് കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തമായാണ് കാണുന്നത്.
സ്വന്തം ചിഹ്നം ഈനാംപേച്ചിയും മരപ്പട്ടിയുമാവാതിരിക്കാനല്ല ഇത്തവണ കോൺഗ്രസ് ലോകസഭയിലേക്ക് മത്സരിച്ചത്, സ്വന്തം നിലയിൽ പരമാവധി സീറ്റ് നേടി നരേന്ദ്രമോദിയെ താഴെയിറക്കി ഇന്ത്യാ സഖ്യത്തിന്റെ സർക്കാരുണ്ടാക്കാൻ വേണ്ടിയാണ്. ഇത് മനസ്സിലാക്കാൻ കഴിയുന്ന അവസാനത്തെ സിപിഎമ്മുകാരൻ അന്തരിച്ച സീതാറാം യെച്ചൂരിയായിരുന്നു. റിയാസിനും ഭാര്യാപിതാവിനുമൊന്നും ഈ ജന്മത്ത് അത് മനസ്സിലാവില്ല.
രാജ്യസഭയിൽ കെസി വേണുഗോപാലിന് ബാക്കിയുണ്ടായിരുന്നത് വെറും രണ്ട് വർഷത്തിൽത്താഴെ കാലയളവാണ്. അതിന് പകരം അഞ്ച് വർഷം ലോകസഭയിൽ നരേന്ദ്രമോദിക്കെതിരെയുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരമാണ് കെ സി വേണുഗോപാലിന് ലഭിച്ചത്. ഇന്ത്യാ മുന്നണിയുടെ പ്രധാന നേതാവ് എന്ന നിലയിലും സുപ്രധാനമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലും അദ്ദേഹത്തിനിപ്പോൾ അത് ചെയ്യാൻ കഴിയുന്നുമുണ്ട്.
ദേശീയപാതാ നിർമ്മാണത്തിലെ തീവെട്ടിക്കൊള്ളകൾക്കെതിരെ ഒരക്ഷരം ഉരിയാടാൻ കഴിയാത്തവണ്ണം മോദി, ഗഡ്കരിമാരുടെ ദാസ്യവൃത്തിയാണല്ലോ കഴിഞ്ഞ കുറേക്കാലമായി റിയാസിനും പിണറായി വിജയനും! അതിനാലാവണം പിഎസി ചെയർമാൻ എന്ന നിലയിൽ ദേശീയപാതാ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാനൊരുങ്ങുന്ന കെ സി വേണുഗോപാലിന് നേരെ റിയാസ് നടത്തുന്ന ഈ നിഴൽയുദ്ധം''.












Click it and Unblock the Notifications