കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരിപ്പ് നക്കിയ സവര്‍ക്കറല്ല, ഭഗത് സിംഗാണ് മാതൃക! സംഘപരിവാറിനെ പൊളിച്ചടുക്കി മുഹ്സിൻ!

Google Oneindia Malayalam News

പട്ടാമ്പി: കത്വ കൂട്ടബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിൽ സംഘപരിവാറിനെതിരെ ചിത്രം വരച്ച ദുർഗ മാലതിക്കെതിരെയും ചിത്രകാരിയെ പിന്തുണയ്ക്കുന്നവർക്കെതിരെ സംഘപരിവാർ അണികൾ സോഷ്യൽ മീഡിയയിൽ വൻ ആക്രമണമാണ് നടത്തുന്നത്. പട്ടാമ്പി എംഎൽഎയായ മുഹമ്മദ് മുഹ്സിൻ ദുർഗയെ പിന്തുണച്ച് രംഗത്ത് വന്നതോടെ സംഘികളുടെ ആക്രമണം അദ്ദേഹത്തിന് നേർക്കും തിരിഞ്ഞു. ദുർഗ ഹിന്ദുമതത്തെ അപമാനിച്ചുവെന്നും അതിന് മുഹ്സിൻ പിന്തുണയ്ക്കുന്നത് മുസ്ലീം ആയത് കൊണ്ടാണ് എന്നും ആരോപിച്ച് കൊണ്ട് സംഘപരിവാർ അനുകൂലിയായ വ്യക്തി തുറന്ന കത്തെഴുതിയിരുന്നു.

മുസ്ലീം മതത്തിലെ അനീതികൾക്കെതിരെ മുഹ്സിൻ മൌനം പാലിക്കുന്നുവെന്നും ഹിന്ദുക്കൾക്കെതിരെയുള്ള നീക്കങ്ങൾക്ക് കൂട്ട് നിൽക്കുന്നു എന്നതുമാണ് നീണ്ട ആ കത്തിലെ ആരോപണം. ഈ കത്തിന് മറുപടിക്കത്തുമായി രംഗത്ത് വന്നിരിക്കുകയാണ് എംഎൽഎ. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ടീയത്തിനുള്ള ചുട്ടമറുപടി കൂടിയാണ് മുഹ്സിൻ എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ കുറിപ്പ്:

മുഹ്സിന്റെ ചുട്ടമറുപടി

മുഹ്സിന്റെ ചുട്ടമറുപടി

എനിക്ക് ഓപ്പൺ കത്തെഴുതിയ സുഹൃത്തെ, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ നടത്തികൊണ്ടിരിയ്ക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് സൂക്ഷ്മ വിശകലനം നടത്തുന്ന താങ്കളോടും സുഹൃത്തുക്കളോടും എനിയ്കുള്ള കടപ്പാട് അറിയിക്കുന്നു. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വിമർശനങ്ങൾക്ക് വിധേയനാകാനും പൊതു സമൂഹത്തിന്റെ വാക്കുകൾക്ക് വില കൊടുക്കാനും ഞാൻ ബാധ്യസ്ഥനാണ്. എന്നാൽ ഇതേ നിലയിൽ എന്റെ വാക്കുകൾക്ക് താങ്കളും സുഹൃത്തുക്കളും പരിഗണന നല്കുമെന്ന് ഞാൻ കരുതുന്നു.

പട്ടാമ്പിയുടെ ജനപ്രതിനിധി എന്ന നിലയിൽ എന്റെ പോരായ്മകൾ കൃത്യമായി ചൂണ്ടി കാണിച്ചാൽ അതു പരിഹരിയ്ക്കുന്നതിനുള്ള ആത്മാർത്ഥമായ പരിശ്രമം എന്റെ ഭാഗത്തു നിന്നുണ്ടാകും. എന്നാൽ ഫണ്ടുകൾ ചെലവഴിയ്കുന്ന കാര്യത്തിലും വികസന പദ്ധതികൾ പൂർത്തിയാകുന്ന കാര്യത്തിലും പട്ടാമ്പി നിയോജക മണ്ഡലം ഏറെ മുന്നിലാണെന്ന വസ്തുത താങ്കൾ ബോധപൂർവം മറച്ചു വയ്ക്കുന്നു.

വികസനമല്ല വിഷയം

വികസനമല്ല വിഷയം

ഇതിനുള്ള കാരണം താങ്കളുടെ കത്തിലെ തുടർന്നുള്ള വരികളിൽ വ്യക്തവുമാണ്. പട്ടാമ്പിയുടെ വികസന കാര്യങ്ങളിലുള്ള ഉത്കണ്ഠയല്ല, മറിച്ച് താങ്കളുടെ സങ്കുചിതമായ മത രാഷ്ട്രീയത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് കത്തിനുള്ള പ്രേരണ എന്ന് ഏതൊരാൾക്കും മനസ്സിലാകും. ഇന്ത്യൻ ഭരണഘടനയോട് കൂറും വിശ്വാസവും പുലർത്തുന്ന ഒരു പൗരനെന്ന നിലയിൽ രാജ്യത്തിന്റെ മതനിരപേക്ഷ ജീവിതം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഏറെ ഉത്കണ്ഠകൾ നിലനില്കുന്നു എന്ന വസ്തുത ആരും നിഷേധിയ്ക്കാൻ ഇടയില്ല.

താങ്കൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങൾ ഉറക്കെ പറയാൻ ഞാനും ബാദ്ധ്യസ്ഥനാണ്. എനിക്കെഴുതിയ തുറന്ന കത്തിൽ താങ്കൾ ഹിന്ദുവിനെക്കുറിച്ചും, ഹിന്ദുവിന്റ ബിംബങ്ങളെക്കുറിച്ചും ചിത്രകാരിയുടെ ആവിഷ്കാരത്തിലും, എന്റെ പ്രതികരണത്തിലും മതത്തിനും, മതചിഹ്നങ്ങൾക്കുമേറ്റ അവഹേളനത്തെക്കുറിച്ചും പറയുന്നുണ്ട്.

എന്തിനാണീ നുണപ്രചാരണം?

എന്തിനാണീ നുണപ്രചാരണം?

താങ്കളോട് ഒരു കാര്യം തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കോടിക്കണക്കിനു ഹിന്ദുക്കൾ പരിശുദ്ധമായികാണുന്ന മഹേശ്വരന്റെ കയ്യിലെ ത്രിശൂലത്തെയോ, ആരാധനാലയങ്ങളിൽ കാണുന്ന ശിവലിംഗത്തെയോ അല്ല ചിത്രകാരി വിമർശിച്ചതെന്ന്, താങ്കൾക്കും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനും നന്നായറിയാം. ഗുജറാത്തിലെ കലാപകാലത്ത് പൂര്ണഗര്ഭിണിയായ യുവതിയുടെ നിറവയർ പിളർക്കാൻ ഉപയോഗിച്ച സംഘ്പരിവാറിന്റെ ശൂലത്തേയും, ബലാത്സംഗം ഒരു രാഷ്‌ടീയ ആയുധമാണെന്ന് പറഞ്ഞ താങ്കളുടെ ആചാര്യൻ സവർക്കാരുടെയും ആശയത്തെയുമാണ് ചിത്രകാരിയും, ഞാനും വിമർശിച്ചത്. പിന്നെ എന്തിനാണീ നുണപ്രചാരണം? അല്ലെങ്കിലും പുലിപിടിച്ച പശുവിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണിസ്റ്റുകാർ പശുവിനെക്കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയതാണെന്നു പ്രചരിപ്പിക്കുന്ന ഒരു നേതാവിന്റെ അനുയായിയിൽ നിന്നും വേറൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

ഏത് ഹിന്ദുവിനെ കുറിച്ചാണ് താങ്കൾ പറയുന്നത്

ഏത് ഹിന്ദുവിനെ കുറിച്ചാണ് താങ്കൾ പറയുന്നത്

ഇനി മറ്റൊരു കാര്യം. താങ്കൾ പറയുന്നു ഹിന്ദുവിന് മുറിവേറ്റു എന്ന്. ഏത് ഹിന്ദുവിനെ കുറിച്ചാണ് താങ്കൾ പറയുന്നത്. മലം ചുമക്കുന്ന ഭാംഗികൾ, ഉന്നത കുലജാതരുടെ ഗ്രാമത്തിൽ കയറ്റാതെ അതുകൊണ്ട് ഗ്രാമത്തിൽ നിന്ന് മാറി താമസിയ്ക്കുന്ന ചമറുകൾ, വായിലെ തുപ്പൽ നിലത്തു വീണാൽ ഭൂമി അശുദ്ധമാകുമെന്ന കാരണത്താൽ മൺകുടം കഴുത്തിൽ തൂക്കി നടക്കാൻ വിധിയ്ക്കപ്പെട്ട മഹറുകൾ. അങ്ങിനെ എത്രയെത്ര ജാതികൾ, എന്തെല്ലാം ഹീനമായ ആചാരങ്ങൾ.

ആചാരങ്ങളിലെ വൈവിധ്യം ആവിഷ്ക്കാരങ്ങളിലെ വ്യതിരിക്തത ഇതെല്ലാം ഹിന്ദു മതത്തിലുണ്ട്. കേട്ടിട്ടില്ലേ മുപ്പത്തിമുക്കോടി ദൈവങ്ങളെക്കുറിച്ച്‌, ഈരേഴുപതിനാല് ലോകങ്ങളെക്കുറിച്ച്‌. താങ്കൾ കേട്ടിട്ടില്ലേ രാജാറാം മോഹൻ റോയിയെക്കുറിച്ച്‌, സ്വാമീ വിവേകാനന്ദനെക്കുറിച്ച്‌. ഒരിക്കൽ ആചാരങ്ങളായി നിലനിന്നിരുന്ന എത്രയെത്ര ദുരാചാരങ്ങളാണ് ഈ മഹത്തുക്കൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ഇല്ലാതായിപ്പോയത്.

നിങ്ങൾ അധർമത്തിന്റെ ഭാഗത്താണ്

നിങ്ങൾ അധർമത്തിന്റെ ഭാഗത്താണ്

അന്നും ഇവർക്കെതിരെ താങ്കളെപ്പോലുള്ള പ്രത്യേക രാഷ്ട്രീയ താല്പര്യമുള്ള ചിലർ ഇവരെ എതിർത്തിരുന്നു എന്നത് ചരിത്രമാണ്. സുഹൃത്തേ ഓരോ കാലങ്ങളിൽ താങ്കളുടെ മതവിശ്വാസപ്രകാരം ഓരോ അവതാരങ്ങൾ പിറവിയെടുത്തത്. "യഥാ യഥാഹി ധർമസ്യ ഗ്ളാനിർഭവതി ഭാരത അഭ്യുദ്ധാനം അധർമ്മസ്യ തഥാത്മനം സ്രജാമ്യഹം" എന്നല്ലേ ഗീത പറയുന്നത്. ഇത്രമാത്രം മൂല്യച്യുതി സംഭവിച്ച മറ്റൊരുകാലം താങ്കളുടെ പുരാണത്തിലുണ്ടോ.

പവിത്രമായ ഒരു ആരാധനാലയത്തിലെ പരിപാവനമായ ദേവസ്ഥാനത്ത് ലക്ഷ്മിയുടെ പ്രതീകമായ ഒരു പിഞ്ചുകുഞ്ഞിനെ മയക്കുമരുന്നുകൾ കൊടുത്തുറക്കി പൂജാരിയും മകനും കൂട്ടാളിയും കൂടെ പലതവണ ബലാത്സംഗം ചെയ്ത അനീതിക്കെതിരെ ഒന്നും പ്രതികരിക്കാത്ത താങ്കൾ, ഈ നീചപ്രവർത്തി ചൂണ്ടിക്കാണിച്ച ചിത്രകാരിയെയും, അതിനെ അനുകൂലിച്ച എന്നെയും പ്രതിക്കൂട്ടിൽ നിർത്തി എന്നതു തന്നെ നിങ്ങൾ അധര്മത്തിന്റെ ഭാഗത്താണെന്ന് വ്യക്തമാണ്.

സനാതന ധർമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ

സനാതന ധർമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ

അധികാരമത്തു പിടിച്ച്‌ ഹസ്തിനപുരിയിലെ കൊട്ടാരത്തിൽ പാഞ്ചാലിയെ ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്തപ്പോൾ അത് കണ്ട് പൊട്ടിച്ചിരിച്ച കൗരവരുടെ അധാർമിക പാരമ്പര്യമാണ് നിങ്ങൾ ഉൾപ്പെടെയുള്ള സംഘപരിവാർ പേറുന്നത്. ഇവിടെ ഇണക്കുരുവികൾക്ക് നേരെ ശരം തൊടുക്കാൻ തുനിഞ്ഞവനോട് അരുതെന്നു പറഞ്ഞ ധാർമികതയുടെ പക്ഷമാണ് ചിത്രകാരിയും ഞാനും പിന്തുടർന്നത്.

അഹിംസ, കരുണ, പവിത്രത, നന്മ, സ്നേഹം തുടങ്ങിയവ ചേരുന്ന സനാതന ധർമത്തെക്കുറിച്ചു താങ്കൾ കേട്ടിട്ടുണ്ടോ. ഒരു ഹിന്ദു പിന്തുടരേണ്ട ജീവിതരീതിയാണ് സനാതന ധർമം. പക്ഷെ നിങ്ങൾ പിന്തുടരുന്ന ഹൈന്ദവ രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. വെറുപ്പിലും നുണകളിലും അല്ലെ അത് മുഴുവൻ കെട്ടിപ്പൊക്കിയിരിക്കുന്നത്.

എങ്ങനെ ഇത്ര വിഷം വമിപ്പിക്കുന്നു

എങ്ങനെ ഇത്ര വിഷം വമിപ്പിക്കുന്നു

ആളുകൾ പറയുന്നത് പോലെ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഓട്ടോ ഇടിച്ചല്ല മരിച്ചത്. താങ്കളെപ്പോലെ, താങ്കൾ ഇന്ന് പിന്തുടരുന്ന രാഷ്ട്രീയം എഴുപതിറ്റാണ്ടുകൾക്ക് മുൻപ് പിന്തുടർന്നിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വവാദി (ഹിന്ദുവല്ല) വെടിവെച്ചുകൊന്നതാണ്. അതിനുശേഷം എത്രയെത്ര കൊലപാതകങ്ങൾ കലാപങ്ങളാണ് നിങ്ങളുടെ ആളുകൾ രാജ്യത്ത് നടപ്പിലാക്കിയത്.

അന്നൊന്നും പ്രതികരിക്കാതിരുന്ന നിങ്ങൾ ഒരു മനുഷ്യനാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഇത്രയും മനോഹരമായ, വിദ്യാസമ്പന്നമായ ഒരു നാട്ടിൽ നിന്ന് എങ്ങനെയാണ് നിങ്ങൾക്ക് ഇത്രയും വിഷം വമിപ്പിക്കാൻ സാധിക്കുന്നത്. കശ്മീരിലെ ആ കണ്ണു നീർത്തുള്ളി ഓരോ മനസ്സിലും പതിച്ചത് ഓരോ പ്രാകാരത്തിലാണ് സഹോദരാ. അത് ഒരു ചിത്രകാരിയെ സ്വാധീനിച്ചത് സവിശേഷമായ രീതിയിലാണ്.

എനിക്ക് തിമിരം ബാധിച്ചിട്ടില്ല

എനിക്ക് തിമിരം ബാധിച്ചിട്ടില്ല

ചില ഉദാഹരണങ്ങൾ നിരത്തി താങ്കൾ എന്നിലെ മുസ്ലിം സ്വത്വം വേർതിരിച്ചു, ഞാൻ ഹിന്ദുവിന്റെ ശത്രുവാണെന്ന് പ്രഖ്യാപിച്ചു, താങ്കൾ ഹിന്ദുവിന്റെ രക്ഷാധികാരിയാകുന്നത് കണ്ടു. ഇതിൽ നിന്നൊരു കാര്യം വ്യക്തമാണ്. 'വസുധൈവ കുടുംബകം' എന്ന് പഠിപ്പിക്കുന്ന യഥാർത്ഥ ഹിന്ദുവിന്റെ പ്രതിനിധിയല്ല താങ്കൾ. മറിച് മഹാത്മാവിനെ കൊന്ന ഗോഡ്‌സെയുടെയും , ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കിയ സർക്കാരിന്റെയും, മുസ്ലിം സ്ത്രീകളുടെ ശരീരം ഖബറിൽ നിന്ന് പുറത്തെടുത്തു ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയുടെയും അനുയായി ആണ് താങ്കൾ. താങ്കളെപ്പോലെ ഒരു പിഞ്ചുബാലികയെ പിച്ചിച്ചീന്തിയ കാപാലിക്കാരോട് സ്നേഹം തോന്നാൻ എനിക്ക് തിമിരം ബാധിച്ചിട്ടില്ല. ഒരു ഹിന്ദുവായിരുന്നെങ്കിൽ താങ്കൾ പ്രതികരിക്കേണ്ടത് മനുഷ്യത്വ രഹിതമായ ഈ ചെയ്തിയെക്കുറിച്ചായിരുന്നു.

ആ പേരുകൾ പറയാനുള്ള അർഹതയില്ല

ആ പേരുകൾ പറയാനുള്ള അർഹതയില്ല

എന്റെ കുടുംബ പാരമ്പര്യത്തെ കുറിച്ചും എന്റെയും പാർട്ടിയുടേയും രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചം താങ്കൾ പരാമർശിച്ചതായി കണ്ടു. ജനങ്ങൾക്കു വേണ്ടി ജീവിച്ചവരായിരുന്നു പോരാട്ടം ജീവിതമാക്കിയ സ: ഇ. പി. ഗോപാലനും ഇന്ത്യൻ സൂഫി പാരമ്പര്യത്തിൽ പെട്ട മാനുമുസ്ലിയാരും. അവർ അന്യർക്കു വേണ്ടി ജീവിച്ചു മനുഷ്യരുടെ മനസ്സിൽ ഇന്നും ജീവിയ്ക്കുന്നുമുണ്ട്.

ബലാത്സംഗികളെയും, കൊലപാതകികളെയും പിന്തുണക്കുന്ന താങ്കൾക്കോ താങ്കളുടെ സംഘടനക്കോ ഈ മഹാന്മാരുടെ പേരുപറയാൻ പോലുമുള്ള അർഹതയില്ല. താങ്കൾ തസ്ലിമയെക്കുറിച്ചും, റുഷ്ദിയെക്കുറിച്ചും, വാചാലനായല്ലോ. എന്തെ എം. എഫ് ഹുസ്സൈനെക്കുറിച്ചു ഒന്നും മിണ്ടിയില്ല. എന്തേ പെരുമാൾ മുരുകനെ വിട്ടുപോയി, എന്തേ കല്ബുര്ഗിയെയും, പൻസാരയെയും, ഗൗരി ലങ്കേഷിനെയും വിട്ടുപോയി.

ചെരുപ്പ് നക്കിയ സവർക്കറല്ല മാതൃക

ചെരുപ്പ് നക്കിയ സവർക്കറല്ല മാതൃക

മാവേലിയുടെ കഥകൾ കേട്ട ഒരു മലയാളിക്ക് ഇത്രമാത്രം നീചമായി ചിന്തിക്കാൻ കഴിയുന്നത് എങ്ങനെയാണ് സഹോദരാ. ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്റെ കുറവുകൾ താങ്കൾ തുറന്നു പറഞ്ഞുകൊള്ളു. നമുക്ക് സംവാദം നടത്താം. പക്ഷെ മനുഷ്യ പക്ഷത്തുനില്കുന്ന എന്റെ രാഷ്ട്രീയത്തെ അപവാദ പ്രചരണം കൊണ്ടും ഭീഷണി കൊണ്ടും താങ്കളെപ്പോലുള്ളവർക്ക് കീഴ്പ്പെടുത്താനാകില്ല. മുന്നിൽ നിന്ന് വെടിയുണ്ട ഏറ്റുവാങ്ങി മരിച്ച മഹാത്മാവിന്റെയും, ഇങ്കുലാബ് വിളിച്ചു കൊലക്കയറിലേക്ക് നടന്നു നീങ്ങിയത് ഭഗത് സിംഗിന്റെയും മാർഗത്തിലാണ് ഞാൻ.

അല്ലാതെ ചെരുപ്പുനക്കിയും മാപ്പെഴുതിയും സ്വാതന്ത്ര്യം ഇരന്നു വാങ്ങിയ സവർക്കരുടെയും, ഹിറ്റ്‌ലറെ ആരാധിച്ചിരുന്ന ഗോൽവാൽക്കടെയും മാർഗത്തിലല്ല. 'വസുധൈവ കുടുംബകം' എന്നുപറയുന്ന അധർമം കണ്ടാൽ പ്രതികരിക്കുന്ന എഴുത്തുകാരും ചിത്രകാരന്മാരും സാഹിത്യകാരന്മാരുമെല്ലാം ഉൾക്കൊള്ളുന്ന "ഹിന്ദു"ക്കളാണ് എന്റെ മാതൃക.

അനീതികളോട് പ്രതികരിക്കൂ

അനീതികളോട് പ്രതികരിക്കൂ

അല്ലാതെ പാകിസ്ഥാനിലേക്ക് പോകാൻ ആജ്ഞാപിക്കുന്ന, ദേവസ്ഥാനത് വച്ചുനടന്ന ബലാത്സംഗത്തിനെതിരെ പ്രതികരിക്കാത്ത താങ്കളെപ്പോലുള്ള "(അ)ഹിന്ദു"വല്ല. "ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വരവിലാപം" എന്നല്ലേ കവിവചനം. "ലിംഗം കൊണ്ട് ചിന്തിക്കുന്നവരെ, പ്രവർത്തിക്കുന്നവരെ" പിന്തുണക്കാതെ ഇനിയെങ്കിലും ആ കുഞ്ഞിനുവേണ്ടി താങ്കൾ ഒന്ന് ഉറക്കെ കരഞ്ഞില്ലെങ്കിൽ എന്റെ അച്ഛനിത്ര നീചനായിരുന്നോ എന്ന് താങ്കളുടെ മക്കൾ വരും കാലങ്ങളിൽ ചിന്തിക്കും.

ആർ എസ് എസ് മുന്നോട്ട് വെക്കുന്ന ഹിന്ദുത്വത്തിന്റെ തടവറയിൽ നിന്നും പുറത്തിറങ്ങി യഥാർത്ഥ ഹിന്ദുക്കളെപ്പോലെ ഇവിടുത്തെ അനീതികൾ കൺ‌തുറന്നു കണ്ട് ഗീതയിൽ പറയുന്നപോലെ അനീതിക്കെതിരെ ശബ്ദമുയർത്താൻ ഞാൻ താങ്കളോട് അപേക്ഷിക്കുന്നു എന്നാണ് മുഹമദ് മുഹസിൻ എംഎൽഎയുടെ മറുപടിക്കത്ത്.

ഫേസ്ബുക്ക് പോസ്റ്റ്

മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ തുറന്ന കത്ത്

വ്യാജ ഹർത്താൽ നാടകം പൊളിഞ്ഞു.. മുഖ്യസൂത്രധാരനടക്കം പിടിയിൽ.. പിന്നിൽ സംഘപരിവാർ?വ്യാജ ഹർത്താൽ നാടകം പൊളിഞ്ഞു.. മുഖ്യസൂത്രധാരനടക്കം പിടിയിൽ.. പിന്നിൽ സംഘപരിവാർ?

കത്വ കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്.. നിർണായക തെളിവായി മുടിയും മായാത്ത രക്തത്തുള്ളിയും!കത്വ കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്.. നിർണായക തെളിവായി മുടിയും മായാത്ത രക്തത്തുള്ളിയും!

English summary
Muhammed Muhsin MLA Slams Sanghparivar in an open letter in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X