യോഗിയുടെ നാട്ടിൽ പട്ടാമ്പി എംഎൽഎ മുഹ്സിന് വിവാഹം, രസകരമായ ആശംസയുമായി ഷാഫി പറമ്പിൽ
പാലക്കാട്: പട്ടാമ്പിയിലെ യുവ എംഎല്‍എ എം മുഹമ്മദ് മുഹ്‌സിന് ഉത്തര്‍പ്രദേശില്‍ വിവാഹം. ഉത്തര്‍ പ്രദേശുകാരിയായ ഷഫഖ് ഖാസിം ആണ് വധു. ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരിലെ വ്യാപാരി കുടുംബത്തിലെ പരേതനായ ഖാസിം ഹുസൈന്റെ മകളാണ് ഷഫഖ്. വിവാഹിതനായ വിവരം എംഎല്‍എ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. ബല്‍റാംപൂരില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

മുഹമ്മദ് മുഹ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: '' നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാൽ പലരെയും അറിയിക്കാൻ കഴിഞ്ഞിട്ടില്ല. ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബൽറാംപൂരിൽ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം..''
ഒന്നര വര്‍ഷം നീണ്ട് നിന്ന സൗഹൃദത്തിനൊടുവിലാണ് മുഹമ്മദ് മുഹ്‌സിനും ഷഫഖും വിവാഹിതരായിരിക്കുന്നത്. ഷഫഖ് ഖാസിം ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എംഫില്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ദില്ലിയിലെ തന്നെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ കുറച്ച് കാലം ജോലി ചെയ്തു. ജെഎന്‍യുവിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാക്കളില്‍ ഒരാളായിരുന്നു സിപിഐ എംഎല്‍എയായ മുഹമ്മദ് മുഹ്‌സിന്‍. വധുവാകട്ടെ സമാജ്വാദി പാര്‍ട്ടി നേതാക്കളുളള കുടുംബത്തില്‍ നിന്നാണ്.
മുഹമ്മദ് മുഹ്‌സിന് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിവാഹ ആശംസ രസകരമാണ്. '' Hearty Congrats Muhammed Muhassin.
ഇനി ആ Roji M John നെ കൂടി എങ്ങിനെയെങ്കിലും കെട്ടിച്ച് വിട്ടാൽ സമാധാനമായി .
കോവൂർ കുഞ്ഞുമോന് പിന്നെ ജീവിതത്തിൽ സന്തോഷം മാത്രം മതിയെന്ന് തോന്നുന്നു'' എന്നാണ് ഷാഫി പറമ്പിലിന്റെ പോസ്റ്റ്.












Click it and Unblock the Notifications