പരമകഷ്ടം.. രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്... റിയാസ്-വീണ വിവാഹത്തെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ നേതാവ് പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഒട്ടേറെ പേര് അഭിനന്ദനവും ആശംസയുമായെത്തി. എന്നാല്‍ മറ്റുചിലര്‍ വിവാഹ വാര്‍ത്തയെ ട്രോളിയാണ് രംഗത്തുവന്നത്. പലരും മുഹമ്മദ് റിയാസിന്റെയും വീണയുടെയും പഴയ കഥകള്‍ മെനഞ്ഞെടുത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
എന്നാല്‍ ഒരു വിവാഹത്തെ ഇത്തരത്തില്‍ ട്രോളുന്നത് ഉചിതമല്ല എന്നാണ് രാഹുല്‍ ഈശ്വറിന്റെ അഭിപ്രായം. ഇത്തരം നടപടികള്‍ ഭാരത സംസ്കാരത്തിന് യോജിച്ചതല്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഈ മാസം 15ന് വിവാഹം
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് മുഹമ്മദ് റിയാസ്. ഐടി കമ്പനിയായ എക്സലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ. ബെംഗളൂരുവിലാണ് കമ്പനി ആസ്ഥാനമെങ്കിലും അവരിപ്പോള്‍ തിരുവന്തപുരത്തുണ്ട്. വരുന്ന 15ന് തിരുവനന്തപുരത്താണ് വിവാഹ ചടങ്ങ്.

ക്ഷണം 50 പേര്‍ക്ക്
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് ക്ലിഫ് ഹൗസില്‍ സംഘടിപ്പിക്കുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും വിവാഹം. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 മണിക്ക് ക്ലിഫ് ഹൗസില്‍ എത്തണമെന്നാണ് അതിഥികള്‍ക്ക് ലഭിച്ച ക്ഷണം.

അഭിനന്ദന പ്രവാഹം
എസ്എഫ്ഐയിലൂടെ തുടങ്ങി ഡിവൈഎഫ്ഐയിലൂടെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് മുഹമ്മദ് റിയാസ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ ഖാദറാണ്. വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് ഇരുവര്‍ക്കും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രതികരിച്ചവരും കുറവല്ല.

പ്രത്യേക പ്രാര്‍ഥനകള്‍ നേരുന്നു
മോശമായി പ്രതികരിച്ചവരോടുള്ള നീരസം പ്രകടിപ്പിച്ചാണ് രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നിരിക്കുന്നത്. ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവുമായ മുഹൂര്‍ത്തമാണ് വിവാഹമെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ ഈശ്വര്‍ രണ്ടു പേര്‍ക്കും പ്രത്യേക പ്രാര്‍ഥനകള്‍ നേരുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്
വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല
റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ...
ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയന്‍ന്റെ മകള്‍ IT വിദഗ്ദ്ധ ആയ വീണ എന്നിവര്‍ക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ചില ആള്കാര് Whatsapp, ഫേസ്ബുക് ല്‍ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോള്‍ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.
കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപി
ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്
കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്