ഭിന്നതകള്‍ പഴങ്കഥ, മുജാഹിദുകള്‍ ഇനി ഒരുമെയ്, ജനസാഗരം സാക്ഷിയായി ലയനസമ്മേളനം
14 വര്‍ഷത്തെ ഭിന്നതകള്‍ മാറ്റിവച്ച് ഐക്യത്തിന്റെ പാത സ്വീകരിച്ച മുജാഹിദുകളുടെ ലയന സമ്മേളനത്തിന് അറബിക്കടല്‍ സാക്ഷി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം പ്രവര്‍ത്തകരും അനുയായി
കോഴിക്കോട്: 14 വര്‍ഷത്തെ ഭിന്നതകള്‍ മാറ്റിവച്ച് ഐക്യത്തിന്റെ പാത സ്വീകരിച്ച മുജാഹിദുകളുടെ ലയന സമ്മേളനത്തിന് അറബിക്കടല്‍ സാക്ഷി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം പ്രവര്‍ത്തകരും അനുയായികളും കോഴിക്കോട് കടപ്പുറത്ത് ഒരുമിച്ചപ്പോള്‍ പലരും ആനന്ദാശ്രു പൊഴിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരുടെ സാന്നിധ്യവും മത നേതാക്കളുടെ ആശിര്‍വാദവും നിറഞ്ഞ പരിപാടിയിലെ സ്ത്രീ സാന്നിധ്യവും ശ്രദ്ധേയമായി.
ഒന്നര പതിറ്റാണ്ടായി ഭിന്നിച്ചുനിന്നിരുന്ന മുജാഹിദുകളുടെ ഐക്യം പൊതു സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവായിരുന്നു കടപ്പുറത്തെ ജനസാഗരം. ശാഖാ തലങ്ങളില്‍ നിന്നു വരെയുള്ള സഹകരണമാണ് വന്‍ജനപങ്കാളിത്തത്തോടെ സമ്മേളനം ചരിത്രനിമിഷമായി മാറാന്‍ കാരണമായത്. സമ്മേളന നഗരിയില്‍ അവതരിപ്പിക്കപ്പെട്ട പത്ത് പ്രമേയങ്ങളും കാലിക പ്രസക്തമായിരുന്നു.

2017 ഡിസംബറില്‍ നടക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും ചൊവ്വാഴ്ച നിര്‍വഹിച്ചു. ലയനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെയും സമുദായത്തിന്റെയും നന്‍മക്ക് വേണ്ടി യോജിക്കാനാവുന്ന സര്‍വ മേഖലകളിലും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം നവോഥാന പ്രസ്ഥാനമെന്ന രീതിയില്‍ 1950ലാണ് കെഎന്‍എം രൂപീകൃതമായത്. യുവജന വിഭാഗമായി ഐഎസ്എം, വിദ്യാര്‍ഥി വിഭാഗമായി എംഎസ്എം, വനിതാ വിഭാഗമായി എംജിഎം പിന്നീട് നിലവില്‍ വന്നു. 2012ല്‍ സംഘടനയിലുണ്ടായ ഭിന്നിപ്പ് അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും വീണ്ടും വഴിയൊരുക്കിയെന്ന തിരിച്ചറിവാണ് ഒന്നിക്കുന്നതിന് നേതാക്കളെ പ്രേരിപ്പിച്ചത്.

മുജാഹിദ് ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും ഭീകരവാദം ഇസ്്‌ലാമിക വിരുദ്ധമാണെന്നും മുത്വലാഖിന്റെ മറവില്‍ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ചെറുക്കുമെന്നതടക്കമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചു. നോട്ട് നിരോധനത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കണമെന്നും നിരപരാധികളായ മുസ്്‌ലിം യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നത് നിര്‍ത്തണണെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെട്ടു. സിറിയയിലും മ്യാന്‍മറിലും കഷ്ടപ്പെടുന്ന മുസ്ലിംകളോട് ഐക്യദാര്‍ഢ്യം ്പ്രഖ്യാപിക്കുന്ന പ്രമേയവും അവതിരിപ്പിച്ചു.

പ്രബല വിഭാഗങ്ങള്‍ ലയിച്ചെങ്കിലും ഇനിയും ഒരുവിഭാഗം ലയിക്കാന്‍ തയ്യാറാവാതെ നില്‍ക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ്, വീരേന്ദ്രകുമാര്‍ എംപി, അഡ്വ ശ്രീധരന്‍ പിള്ള, വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ലയനസമ്മേളനത്തില്‍ സംബന്ധിച്ചു.

കെഎന്‍എമ്മിന്റെയും പോഷക സംഘടനകളുടെയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടിപി അബ്ദുല്ല കോയ മദനിയാണ് പ്രസിഡന്റ്. പിപി ഉണ്ണീന്‍ കുട്ടി മൗലവിയാണ് ജനറല്‍ സെക്രട്ടറി. എ അസ്ഗറലിയെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി തിരഞ്ഞൈടുത്തു. നൂര്‍ മുഹമ്മദ് നൂര്‍ഷയാണ് ഖജാഞ്ചി. പികെ കുഞ്ഞബ്ദുല്ല ഹാജി, ഡോ.ഹുസൈന്‍ മടവൂര്‍, എച്ച്ഇ മുഹമ്മദ് ബാബുസേഠ്, പികെ അഹ്്മദ്, എന്‍വി അബ്ദുര്‍റഹ്്മാന്‍, മന്‍സൂര്‍ കൊല്ലം, മുഹമ്മദ് ഹാഷിം ആലപ്പുഴ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. ടികെ മുഹ്‌യുദ്ദീന്‍ ഉമരിയാണ് കെജെയു പ്രസിഡന്റ്, സിപി ഉമര്‍ സുല്ലമി വര്‍ക്കിങ് പ്രസിഡന്റ്, എം മുഹമ്മദ് മദനി (സെക്രട്ടറി), ടിപി അബ്ദുല്ല കോയ മദനി, പി മൊയ്തീന്‍ മദനി, എ അബ്ദുല്‍ ഹമീദ് മദീനി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.
ഡോ.എഐ അബ്ദുല്‍ മജീദ് സ്വലാഹിയാണ് ഐഎസ്എം പ്രസിഡന്റ്, ഡോ.ജാബിര്‍ അമാനിയെ സെക്രട്ടറിയായും പികെ സക്കരിയ്യ സ്വലാഹിയെ ഓര്‍ഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഫൈസല്‍ നന്‍മണ്ടയാണ് ട്രഷറര്‍. എംഎസ്എം പ്രസിഡന്റായി അബ്ദുല്‍ ജലീല്‍ മാമങ്കരയും സെക്രട്ടറിയായി സിറാജ് ചേലേമ്പ്രയും ട്രഷററായി ജാസിര്‍ രണ്ടത്താണിയും തിരഞ്ഞെടുക്കപ്പെട്ടു. സുഹ്്‌റ മമ്പാടാണ് എംജിഎം പ്രസിഡന്റ്, ഷമീമ ഇസ്്‌ലാഹിയ്യയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.












Click it and Unblock the Notifications