• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐഎസിനും ഭീകരവാദങ്ങള്‍ക്കുമെതിരെ മുജാഹിദ് സംസ്ഥാന സമ്മേളനം, ഇസ്‌ലാമിന് ഭീകരതയുടെ മുഖം നല്‍കുന്നവര്‍ ബഹുസ്വരതയുടെ ശത്രുക്കളെന്ന്

  • By desk

മലപ്പുറം: ഐഎസ് ഭീകരവാദത്തിന്റേയും സലഫിസത്തിന്റേയും പേരില്‍ ആരോപണവിധേയരായിരുന്ന മുജാഹിദ് വിഭാഗം തങ്ങളുടെ സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിംഭീകരവാദ സംഘടനകള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു.

ഇസ്‌ലാമിന്റെ മാനവിക പാഠങ്ങള്‍ വക്രീകരിക്കുന്ന ഇസ്‌ലാമിക് സ്റ്റേയ്റ്റ് (ഐ.എസ്), അല്‍ഖാഇദഃ, ബോകോഹറാം, ത്വാലിബാന്‍ തുടങ്ങിയ ഭീകരസംഘങ്ങള്‍ ഇസ്‌ലാമിനെയല്ല പ്രതിനിധീകരിക്കുന്നതെന്ന് മുജാഹിദ് 9-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

മുജാഹിദ് സംസ്ഥാന സമ്മേളനം മലപ്പുറം കൂരിയാട് സലഫി നഗറില്‍ ജംഇയ്യത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

സാമ്രാജ്യത്വ സയണസിറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിനു ഭീകരതയുടെ മുഖം നല്‍കുന്നവരാണെന്നും ബഹുസ്വരതക്ക് നേരെ ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ഭീഷണി മത വിരുദ്ധമാണെന്നും മുന്‍ചൊന്ന ഭീകരസംഘങ്ങള്‍ക്കും സമാനചിന്താഗതികാര്‍ക്കും യഥാര്‍ത്ഥ ഇസ്‌ലാമുമായി ബന്ധമില്ലെന്നും ഇരു ഹറമുകളും പള്ളികളും പൊതു ഇടങ്ങളും ഭീതിയുടെ താവളമാക്കാന്‍ ശ്രമിക്കുന്ന ഈ ഭീകരര്‍ മുസ്‌ലിംകളുടെ മുഖ്യ ശത്രുക്കളാണെന്നും അവരുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധം ആത്മഹത്യാപരവും ഇസ്‌ലാം വിരുദ്ധവും മത വിരുദ്ധവുമാണെന്നും മുസ്‌ലിംകളും പൊതു സമൂഹവും തിരിച്ചറിയണമെന്നും മുജാഹിദ് സമ്മേളനം ആഹ്വാനം ചെയ്തു.

കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി സ്വാഗതം പറഞ്ഞു. സെക്രട്ടറി എം. അബ്ദുറഹ്മാന്‍ സലഫി പ്രമേയം അവതരിപ്പിച്ചു. എ. അസ്ഗറലി 'കെ.എന്‍.എം. വിഷന്‍ 2020' അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍, സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സകരിയ്യ, ഹാഷിം ഹാജി ആലപ്പുഴ, സി.പി. ഉമര്‍ സുല്ലമി, എം. മുഹമ്മദ് മദനി, പ്രൊഫ. എന്‍.വി. അബ്ദുറഹ്മാന്‍, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഡോ. പി.പി. അബ്ദുല്‍ ഹഖ്, ഡോ. സുല്‍ഫിക്കര്‍ അലി, ജലീല്‍ മാമാങ്കര, ടി.പി. അബ്ദുറസ്സാഖ് ബാഖവി, എം.ടി. അബ്ദുസ്സമദ് സുല്ലമി തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഐ സംസ്ഥാന സമ്മേളനത്തിനുള്ള രണ്ട് ഏക്കറിലെ ജൈവ നെല്‍കൃഷി വിളഞ്ഞു, കൊയ്ത്തുത്സവം നടത്തി

ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ മാനുഷികവും സാമൂഹികവുമായ സംവിധാനങ്ങളില്‍ സഹകരണത്തിന്റെയും വിട്ടു വീഴ്ചയുടെയും നിലപാട് സ്വീകരിച്ച് നന്മയുടെയും സേവനത്തിന്റെയും അടയാളമാക്കി മുജാഹിദ് മഹല്ലുകള്‍ മാതൃകയാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പൊതു മഹല്ലുകളുടെ ശാക്തീകരണത്തിന് യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിക്കണമെന്നും സമൂഹ നന്മക്കായി അണി ചേരണമെന്നും സഹോദര സമുദായങ്ങള്‍ക്കിടയില്‍ ആദരവും മതിപ്പും വളര്‍ത്തും വിധം മാതൃക സൃഷ്ടിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ അതിവാദങ്ങള്‍ക്കുമെതിരെ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വൈജ്ഞാനിക ചെറുത്തു നില്‍പ്പ് നടത്തണമെന്നും വിശ്വാസ വ്യതിയാനങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കും സാംസ്‌കാരിക അപചയങ്ങള്‍ക്കുമെതിരെ മതത്തിന്റെ പ്രതിരോധം തീര്‍ക്കണമെന്നും അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് ബോധവത്ക്കരണത്തോടൊപ്പം നിയനിര്‍മാണത്തിന്റെ സാധ്യതകളെ കുറിച്ച് ആലോചിക്കാന്‍ ഭരണ കൂടം തയ്യാറാവണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയ്യാറാക്കിയ സലഫി നഗറില്‍ ഇന്നലെയാണ് തുടക്കമായത്. 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന പ്രമേയത്തിലാണ് ചതുര്‍ദിന സമ്മേളനം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ജംഇയ്യത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ടി.കെ. മുഹ്‌യുദ്ദീന്‍ ഉമരി അദ്ധ്യക്ഷതവഹിച്ചു. കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, എം. സ്വലാഹുദ്ദീന്‍ മദനി, പ്രൊഫ. എന്‍.വി. അബ്ദുറഹ്മാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സകരിയ്യ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. സുവനീര്‍ പ്രകാശനം പി.കെ. അബ്ദുറബ്ബ് എം.എല്‍.എയും പുസ്തക പ്രകാശനം അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയും നിര്‍വ്വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, പി.കെ. ബഷീര്‍ എം.എല്‍.എ, വി.വി. പ്രകാശ്, പി. വാസുദേവന്‍, എ. വിജയരാഘവന്‍, പി.പി. സുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, പി.പി. ഉണ്ണീന്‍, എം.വി. ശ്രേയാംസ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണിക്കൃഷ്ണന്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. കുഞ്ഞാലന്‍കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ ഇ. മുഹമ്മദലി, കല്ലന്‍ മുഹമ്മദ് റിയാസ് പങ്കെടുത്തു.

സമ്മേളന പ്രതിനിധികള്‍ക്കായി ഏഴ് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ കൂറ്റന്‍ പന്തലാണ് ഒരുങ്ങിയിരിക്കുന്നത്. എണ്‍പത് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ നാന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ അടക്കം അഞ്ചുലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് വേദികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. മുഖ്യവേദിക്ക് പുറമെ സഹിഷ്ണുത, സഹവര്‍ത്തിത്തം, നവോത്ഥാനം, സംസ്‌കാരം, സാന്ത്വനം, വിചാരം, വിജ്ഞാനം തുടങ്ങി നാമങ്ങളിലാണ് വേദികള്‍ അറിയപ്പെടുക.

മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിന് ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനം എന്ന നിലയില്‍ 9-ാമത് മുജാഹിദ് സമ്മേളനത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. ലോകത്ത് പടരുന്ന അസഹിഷ്ണുതയ്ക്കും ഭീകരതയ്ക്കുമെതിരെ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന പ്രധാന ലക്ഷ്യമാണ് സമ്മേളനം ഉന്നമിടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ 'വിഷന്‍ 2020'' സമ്മേളനത്തില്‍ അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനലക്ഷങ്ങള്‍ക്ക് തല്‍സമയം സമ്മേളനം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയുട്ടുണ്ട്.

English summary
Mujahid State convention against IS and terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X