മുകേഷ് കുടുങ്ങുമോ: കുരുക്കായി ആ തെളിവുകള്‍; നടിയുടെ പരാതിയില്‍ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: നടനും എം എല്‍ എയുമായ മുകേഷിന് കുരുക്കായി പീഡന പരാതിയിലെ പൊലീസ് കുറ്റപത്രം. പരാതിക്കാരി ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എം എല്‍ എക്കെതിരായ പീഡന പരാതിയിലെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഡിജിറ്റില്‍ തെളിവ് ഉള്‍പ്പെടേയുള്ളവ എം എല്‍ എക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്നാണ് പൊലീസ് വാദം. വാട്സാപ്പ് ചാറ്റ്, ഇ-മെയില്‍ സന്ദേശം എന്നിവയ്ക്ക് പുറമെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. നടിയുടെ പരാതിയില്‍ കൊച്ചി മരട് പൊലീസാണ് മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. താരസംഘടനയായ അമ്മയിലെ അംഗത്വം വാഗ്ധാനം ചെയ്ത് പല സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. കേസില്‍ നേരത്തെ നടന് മുന്‍കൂർ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം, മുകേഷ് ഉള്‍പ്പെടേയുള്ളവർക്കെതിരെ പരാതി പിന്‍വലിക്കുന്നതായി നടി പിന്നീട് അറിയിച്ചിരുന്നു. ജയസൂര്യക്ക് പുറമെ ജയസൂര്യ, ബാലചന്ദ്ര മേനോന്‍ മണിയൻ പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. എന്നാല്‍ സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിയിൽനിന്ന് പിന്‍വാങ്ങുന്നതായി നടി അറിയിക്കുകയായിരുന്നു. അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്നും അവർ ആരോപിച്ചു.
ഇത്തരത്തില്‍ ഇനിയും ഒരു പെൺകുട്ടിയോടും അഡ്‌ജസ്‌റ്റ്മന്റ് ചോദിച്ചു ആരും രംഗത്ത് വരരുത് എന്നായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ എനിക്കെതിരെ കള്ളക്കേസുമുണ്ടായി. എനിക്കെതിരായ കേസ് തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. പോക്സോ കേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ആ സ്ത്രീയെയോ അവളുടെ പിറകിലുള്ളവരെയോ പിടിക്കാന്‍ ശ്രമിക്കുന്നുമില്ലെന്ന് അവർ ആരോപിച്ചു. അതേസമയം പിന്നീട് ഈ നിലപാടും നടി മാറ്റി. തനിക്കുണ്ടായ മാനസിക വിഷമത്തിലാണ് പരാതി പിന്‍വലിക്കുന്നതായി പറഞ്ഞത്. പക്ഷെ ഇപ്പോള്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും അവർ പറഞ്ഞു.
തനിക്കെതിരായ ലൈംഗിക പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക് മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വാദം. നടിയെ അറിയാം, എന്നാല്‍ തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണ്. പരാതിക്കാരി പണം ആവശ്യപ്പെട്ടുവെന്നും മുകേഷ് വ്യക്തമാക്കി. ഇത് സംബന്ധിച്ച തെളിവുകളും അദ്ദേഹം കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications