'എന്റെ പേര് പറഞ്ഞോട്ടെ, കോൺഗ്രസ്സുകാർക്ക് അത് കച്ചിത്തുരുമ്പ്', രാഹുലിനെക്കുറിച്ച് പ്രതികരിക്കാതെ മുകേഷ്
ലൈംഗിക പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് കോൺഗ്രസ്. മാതൃകാപരമായ നടപടിയാണ് തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവർത്തിച്ച് ചോദിക്കുന്നത് മുകേഷ് എംഎൽഎയ്ക്ക് എതിരെ സിപിഎം എന്ത് നടപടിയെടുത്തു എന്നാണ്.
മുകേഷിനെതിരെ ലൈംഗിക ആരോപണം ഉയരുകയും കേസെടുക്കുകയും ചെയ്തിട്ടുളളതാണ്. പാർട്ടി അംഗമല്ലാത്ത മുകേഷിനെതിരെ എന്ത് നടപടിയാണ് തങ്ങളെടുക്കേണ്ടത് എന്നാണ് സിപിഎമ്മിന്റെ മറുചോദ്യം. അതിനിടെ പ്രതികരണവുമായി മുകേഷ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണമോ എന്നതില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് മുകേഷ് മീഡിയാ വണ്ണിനോട് പ്രതികരിച്ചു. '' താന്‍ അതില്‍ ഒന്നും പറയാന്‍ പാടില്ല. അങ്ങനെയുളള ഒരു രാഷ്ട്രീയം തന്റെ ഭാഗത്ത് ഇപ്പോഴും ഇല്ല നേരത്തെയും ഇല്ല. കാരണം താന്‍ മത്സരിക്കുമ്പോള്‍ ആദ്യത്തെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാവരും കരുതി താന്‍ തമാശയൊക്കെ പറയുന്ന ആളായത് കൊണ്ട് ആള്‍ക്കാരുടെ കുറ്റങ്ങളൊക്കെ കണ്ട് പിടിച്ച് പറയുമായിരിക്കും എന്ന്.

എന്നിട്ട് അതിനകത്ത് തൂങ്ങി, ഞങ്ങളെ പരിഹസിക്കുന്നു, താഴ്ന്ന ജാതിക്കാരെ, സ്ത്രീകളെ, മതക്കാരെ വ്രണപ്പെടുത്തുന്നു എന്നൊക്കെ പറയാന്‍ കാത്തിരുന്നു. അങ്ങനെയൊരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതിന് വേണ്ടിവെച്ച വെള്ളം വാങ്ങിയേക്ക്. തന്റെ വായില്‍ നിന്ന് ആരെയും അപകീര്‍ത്തിപ്പെടുത്തുന്നതോ വിഷമിപ്പിക്കുന്നതോ ആയ ഒന്നും വരില്ല.
തനിക്കെതിരെ വന്ന ആരോപണം തന്നെ ഏശിയിട്ടില്ല. കാരണം അങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ചെയ്തതല്ലേ എന്നൊരു കുറ്റബോധം ഉണ്ടാകും. ഇത് കോടതിയിലിരിക്കുന്ന കേസാണ്. തെളിയിക്കട്ടെ. അതില്‍ വളരെ ശുഭാപ്തി വിശ്വാസം ഉണ്ട്. ഇവര്‍ പറയുന്നത് പോലെയൊന്നും അല്ലെന്ന് തനിക്കറിയാം. എന്നാലല്ലേ നേരിടാനൊക്കൂ, അല്ലെങ്കില്‍ തളര്‍ന്ന് പോകും.
കൊല്ലം മണ്ഡലത്തില്‍ ഞാന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ ഏതൊക്കെ തരത്തില്‍ വികസനം കൊണ്ടുവരാന്‍ പറ്റും എന്നതിലാണ് ശ്രദ്ധ. എന്നെ തേടിയെത്തുന്ന റോളുകള്‍ ഏതൊക്കെ തരത്തില്‍ മനോഹരമാക്കാന്‍ പറ്റും.. ഇത് രണ്ടും ചിന്തിച്ചില്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടും, മുകേഷ് പറയുന്നു.
രാഹുല്‍ വിഷയവുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്റെ പേര് പറയുന്നത് അവരുടെ ഒരു കച്ചിത്തുരുമ്പാണ്. അവര്‍ പറഞ്ഞോട്ടെ. അല്ലെങ്കില്‍ അവര്‍ എവിടെച്ചെന്ന് നില്‍ക്കും. കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെ പോയാല്‍ ഒരു മനുഷ്യനും ഈ കേസിനെ കുറിച്ച് തന്നോട് പറയില്ല. ചേട്ടാ അടുത്ത സിനിമ ഏതാണ് എന്നോ എംഎല്‍എ ആയിട്ട് എങ്ങനെയുണ്ട് എന്നോ അല്ലാതെ വേറെ ഒന്നും ചോദിക്കില്ല. അതാണ് തന്റെ ധൈര്യം''.












Click it and Unblock the Notifications