'മുകേഷ് ഉടൻ രാജിവെയ്ക്കണം; തലയിൽ ആൾത്താമസം ഇല്ലാത്തവരാണോ സിപിഎമ്മിനെ നയിക്കുന്നത്';കെകെ രമ
മുകേഷ് രാജിവെക്കേണ്ടതില്ലെന്ന നിലപാട് രാജ്യത്തെ സ്ത്രീകളോടുള്ള വെല്ലുവിളിയെന്ന് എംഎൽഎ കെകെ രമ. സി പി എം എത്രയും പെട്ടെന്ന് മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണം. ഇരയ്ക്കൊപ്പമാണെന്ന് പറഞ്ഞ് വേട്ടക്കാരനൊപ്പം ഓടുകയാണ് അവർ. ഇതേ നിലപാടാണ് തുടരുന്നതെങ്കിൽ പാർട്ടി വലിയ വിലകൊടുക്കേണ്ടി വരും. എംഎൽഎ രാജിവെച്ചില്ലെങ്കിൽ സർക്കാർ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെകെ രമ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'രാജിവെക്കില്ലെന്ന നിലപാടാണ് രാജ്യത്തെ സ്ത്രീകളോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ആ വെല്ലുവിളിയോട് ജനങ്ങൾ അതേ രൂപത്തിൽ തന്നെ പ്രതികരിക്കേണ്ടി വരും. സി പി എമ്മും ഇതേ നിലപാടാണ് എടുക്കുന്നതെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടി വരും. ഇ ഗുരുതര ആരോപണങ്ങളാണ് എംഎൽഎക്കെതിരെയ ഉയർന്നത്. പരാതികളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അദ്ദേഹം എം എൽ എ സ്ഥാനത്ത് ഇരുന്നാൽ എങ്ങനെയാണ് കേസ് സുഖമമായി മുന്നോട്ട് പോകുക? രാജിവെയ്ക്കുന്നില്ലെങ്കിൽ ഈ കേസ് വെറും കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. മുകേഷിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ സർക്കാർ നിലപാടിൽ യാതൊരു ആത്മാർത്ഥതയും ഇല്ലെന്ന് വ്യക്തമാണ്. ഇനിയും രാജി വെയ്ക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സർക്കാർ നേരിടേണ്ടി വരും.

ഇതൊരു ചെറിയ വിഷയമല്ല. എത്രയും പെട്ടെന്ന് രാജി ചോദിച്ച് വാങ്ങണം. രാഷ്ട്രീയമായ വേട്ടയാടൽ ആണെന്ന് മുകേഷും പാർട്ടിയും പറയുമ്പോൾ ആ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. തലയ്ക്കകത്ത് ആൾത്താമസം ഇല്ലാത്ത ആളുകളാണോ പാർട്ടിയെ നയിക്കുന്നത്?. രാഷ്ട്രീയ ആരോപണമാണെന്ന് പറയുന്ന പാർട്ടിയും നേതാക്കളും ഏത് സ്ത്രീക്കൊപ്പമാണ് ഏത് ഇരയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കണം. പാർട്ടിയുടെ ഇരട്ടാത്ത് ജനം തിരിച്ചറിയുകയാണ്. ഇരയ്ക്കൊപ്പമാണെന്ന് പറഞ്ഞ് വേട്ടക്കാരനൊപ്പം ഓടുകയാണ് സി പി എം.
മഹിള അസോസിയേഷനെ പോലുള്ള സംഘടനകൾ ഇനി എന്ത് അടിസ്ഥാനത്തിലാണ് രാജ്യത്തെ സ്ത്രീകളെ സംഘടിപ്പിക്കുക. സ്വന്തം പാർട്ടിയിലെ നേതാക്കളെ രക്ഷിക്കാൻ വേണ്ടി പല തരത്തിൽ ഈ വിഷയത്തിൽ ന്യായീകരണം നടത്തിക്കൊണ്ടിരിക്കുന്ന വനിത നേതാക്കൾ ഒരിക്കലും ഈ രാജ്യത്തെ സ്ത്രീകൾക്കൊപ്പമാണെന്ന് പറയാൻ സാധിക്കില്ല. പുരുഷൻമാർ പറയുന്നത് അതുപോലെ അനുവർത്തിക്കുന്ന നേതാക്കളാണ് മഹിളാ അസോസിയേഷനിലെങ്കിൽ ഇനി അവർക്ക് സ്ത്രീകളെ സംഘടിപ്പിക്കാൻ യാതൊരു യോഗ്യതയുമില്ലെന്നും അവർ തുറന്നടിച്ചു.












Click it and Unblock the Notifications